|    Dec 11 Tue, 2018 1:01 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

ഫീ- റീ ഇംബേഴ്‌സ്‌മെന്റ് അപേക്ഷകരില്‍ വന്‍ വര്‍ധന

Published : 1st December 2018 | Posted By: kasim kzm

തിരുവനന്തപുരം: സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് ഏര്‍പ്പെടുത്തിയ വിവിധ സ്‌കോളര്‍ഷിപ്പുകള്‍ക്കുള്ള അപേക്ഷകരുടെ എണ്ണത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വന്‍ വര്‍ധന. സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പ്രഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളര്‍ഷിപ്പ് അവാര്‍ഡ്, സി എച്ച് മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ്, ഐടിസി ഫീ-റീ ഇംബേഴ്‌സ്‌മെന്റ്, കമ്പനി സെക്രട്ടറി, ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി, കോസ്റ്റ് ആന്റ് അക്കൗണ്ടന്‍സി, സിവില്‍ സര്‍വീസ്, ഉര്‍ദു സ്‌കോളര്‍ഷിപ്പ് എന്നിവയ്ക്കാണ് അപേക്ഷകരുടെ വന്‍ വര്‍ധന.
അപേക്ഷാ തിയ്യതി ക്രമീകരിച്ചതിലൂടെയും യൂനിവേഴ്‌സിറ്റികളിലൂടെയും മറ്റു വിദ്യാഭ്യാസ ഡയറക്ടറേറ്റുകളിലൂടെയും നിര്‍ദേശങ്ങള്‍ നല്‍കിയും ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളുടെയും സോഷ്യല്‍ മീഡിയയുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെയുമാണ് ന്യൂനപക്ഷക്ഷേമ വകുപ്പ് സ്‌കോളര്‍ഷിപ്പ് പദ്ധതികള്‍ ജനകീയമാക്കിയത്. നോണ്‍ പ്ലാന്‍ ഇനത്തില്‍ 5,000 രൂപ മുതല്‍ 13,000 രൂപ വരെ ലഭിക്കുന്ന സി എച്ച് മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പിന് ന്യൂനപക്ഷക്ഷേമ വിഭാഗം നിലവില്‍ വന്നതു മുതല്‍ ഇതുവരെ അനുവദിച്ച തുക സമ്പൂര്‍ണമായി വിനിയോഗിക്കാന്‍ കഴിയാറുണ്ടായിരുന്നില്ല. 10 കോടി രൂപയുണ്ടായിരുന്നത് അപേക്ഷകരില്ലാത്തതിനാല്‍ എട്ടു കോടിയാക്കി ചുരുക്കുകയായിരുന്നു.
ഈ വര്‍ഷം മുന്‍വര്‍ഷങ്ങളില്‍ നിന്നു വ്യത്യസ്തമായി ബിരുദത്തിന് 3000 പേര്‍ക്ക് മാത്രം സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ കഴിയുന്ന സാഹചര്യത്തില്‍ 4,605 അപേക്ഷകരാണുള്ളത്. ഈ വര്‍ഷം ഗവണ്‍മെന്റ്, എയ്ഡഡ് സ്ഥാപനങ്ങള്‍ മാത്രമേ പരിഗണിച്ചിട്ടുള്ളൂ എന്നതും ശ്രദ്ധേയമാണ്. അത്തരം അപേക്ഷ കൂടി പരിഗണിച്ചാല്‍ എണ്ണം വര്‍ധിക്കും. മുന്‍വര്‍ഷങ്ങളില്‍ നിന്നു വ്യത്യസ്തമായി 5,951 വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പ് പുതുക്കാന്‍ ആവശ്യമുള്ള 3,75,46,000 രൂപയും പുതുതായുള്ള 4,76,41,000 രൂപയും അടക്കം 8.76 കോടി രൂപ വേണ്ടിടത്ത് മുന്‍വര്‍ഷങ്ങളിലെ തുക ചെലവാകാത്തതിന്റെ അടിസ്ഥാനത്തില്‍ എട്ടുകോടി രൂപ മാത്രമാണ് ഡിപാര്‍ട്ട്‌മെന്റ് വകയിരുത്തിയിട്ടുള്ളത്. ഈ വര്‍ഷം ചരിത്രത്തിലാദ്യമായി അനുവദിച്ച തുകയ്ക്കപ്പുറം അപേക്ഷകരുണ്ട്. അതിനാല്‍ തുക വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് ന്യൂനപക്ഷക്ഷേമ വകുപ്പ്.
എസ്എസ്എല്‍സി, പ്ലസ്ടു, വിഎച്ച്എസ്ഇ കോഴ്‌സുകള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് 10,000 രൂപയും ബിരുദത്തിന് 80 ശതമാനം മാര്‍ക്കും ബിരുദാനന്തര ബിരുദത്തിന് 75 ശതമാനം മാര്‍ക്കും ലഭിച്ചവര്‍ക്ക് 15,000 രൂപയും നല്‍കുന്ന പ്രഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളര്‍ഷിപ്പിന് അപേക്ഷകരില്‍ വന്‍ വര്‍ധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞവര്‍ഷം പ്രഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളര്‍ഷിപ്പിന് എല്ലാ സ്ട്രീമുകളില്‍ നിന്നുമായി 3,646 അപേക്ഷകരുണ്ടായ സ്ഥാനത്ത് ഈ വര്‍ഷം എസ്എസ്എല്‍സി, പ്ലസ്ടു തലത്തില്‍ നിന്നു മാത്രം 3,529 അപേക്ഷകരുണ്ട്. മറ്റു സ്ട്രീമുകളിലെ ഫലം പ്രസിദ്ധീകരിക്കാത്തതിനാലാണ് പ്രോസസ് പൂര്‍ത്തിയാവാത്തത്.
10,000 രൂപ നല്‍കുന്ന ഐടിസി ഫീ-റീ ഇംബേഴ്‌സ്‌മെന്റ് സ്‌കീമില്‍ മുന്‍വര്‍ഷം തിരഞ്ഞെടുക്കാന്‍ അവസരമില്ലാത്തവിധം അപേക്ഷകര്‍ കുറവായപ്പോള്‍ 2018-19ല്‍ ആകെ 3000 പേരെ യോഗ്യരായി തിരഞ്ഞെടുത്തുകഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ഉര്‍ദു സ്‌കോളര്‍ഷിപ്പിന് 341 അപേക്ഷകരുണ്ടായപ്പോള്‍ ഈ വര്‍ഷം 531 അപേക്ഷകരുണ്ട്. സ്‌കൂള്‍, കോളജ്, പ്രഫഷനല്‍ സാങ്കേതിക വിദ്യാഭ്യാസരംഗത്തെ പ്രവേശനം പൂര്‍ത്തിയായ എല്ലാ മേഖലയിലെയും സ്‌കോളര്‍ഷിപ്പിന് ഡയറക്ടറേറ്റ് അപേക്ഷ ക്ഷണിക്കുകയും അവയുടെ വിതരണം മിക്കതിന്റെയും പൂര്‍ത്തിയാക്കിയിട്ടുമുണ്ട്. ബാക്കിയുള്ളവ ഡിസംബറില്‍ തന്നെ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് ഡിപാര്‍ട്ട്‌മെന്റ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss