|    Sep 25 Tue, 2018 10:45 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഫിഷറീസ് ഹാര്‍ബര്‍ എന്‍ജിനീയറിങ് മേഖലകളില്‍ 548.47 കോടിയുടെ നാശം

Published : 29th August 2018 | Posted By: kasim kzm

തിരുവനന്തപുരം: സംസ്ഥാനം ഇതുവരെ കണ്ടിട്ടില്ലാത്ത ദുരിതങ്ങള്‍ സൃഷ്ടിച്ച പേമാരിയും വെള്ളപ്പൊക്കവും ഫിഷറീസ് ഹാര്‍ബര്‍ എന്‍ജിനീയറിങ് മേഖലകളില്‍ പ്രാഥമിക വിലയിരുത്തലില്‍ 548.47 കോടി രൂപയുടെ നാശനഷ്ടമുണ്ടാക്കിയതായി മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, കണ്ണൂര്‍, എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളില്‍ പൂര്‍ണമായും നശിച്ച ബോട്ടുകളുടെ വിപണിമൂല്യം 26 കോടി രൂപയാണ്. ഭാഗികമായി നശിച്ചവ നവീകരിക്കുന്നതിനായി 21.5 കോടി രൂപ വേണ്ടി വരും. 34 ലക്ഷം രൂപയുടെ മല്‍സ്യബന്ധന ഉപകരണങ്ങളും വലകളും പൂര്‍ണമായി നശിച്ചിട്ടുണ്ട്. 10 ലക്ഷം രൂപയുടെ വലകളും മല്‍സ്യബന്ധന ഉപകരണങ്ങളും ഭാഗികമായി നശിച്ചു. മല്‍സ്യത്തൊഴിലാളികളുടെ ഭവനങ്ങള്‍ പൂര്‍ണമായി നശിച്ചതില്‍ 43.27 കോടി രൂപയും ഭാഗികമായി നശിച്ചതില്‍ 42.65 കോടി രൂപയുമാണ് നഷ്ടം. വാഹനങ്ങള്‍, ഓഫിസ് കെട്ടിടങ്ങള്‍, ഫര്‍ണിച്ചര്‍, ഓഫിസ് ഉപകരണങ്ങള്‍ എന്നിവയ്ക്ക് ഉണ്ടായിട്ടുള്ള നഷ്ടം 10.30 കോടി രൂപയാണ്. അക്വാകള്‍ച്ചര്‍ മേഖലയില്‍ 109.72 കോടി രൂപയാണ് നഷ്ടം. കാര്‍പ്പ്, ഗിഫ്റ്റ്, ഓര്‍ണമെന്റല്‍ ഫിഷിങ്, കൂട്കൃഷി, ഞണ്ട് ഉല്‍പാദന കേന്ദ്രങ്ങള്‍, കൊഞ്ചു വളര്‍ത്തല്‍ കേന്ദ്രങ്ങള്‍, മല്‍സ്യക്കുഞ്ഞ് ഉല്‍പാദന യൂനിറ്റുകള്‍, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മല്‍സ്യ ഫാമുകള്‍, ഹാച്ചറീസ് എന്നിവിടങ്ങളിലാണ് നഷ്ടം ഉണ്ടായത്. ഇതു കൂടാതെ മല്‍സ്യ ഉല്‍പാദനത്തിനും സംരക്ഷണത്തിനുമുള്ള ഉപകരണങ്ങളും നഷ്ടമായിട്ടുണ്ട്.
പേമാരിയില്‍ 669 ബോട്ടുകളും വള്ളങ്ങളും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇതില്‍ ഏഴു വള്ളങ്ങള്‍ പൂര്‍ണമായും 452 വള്ളങ്ങള്‍ ഭാഗികമായും നശിച്ചു. 2.37 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ തീരദേശ റോഡുകള്‍ക്ക് വ്യാപകമായ നാശനഷ്ടം ഉണ്ടായി. റോഡുകള്‍ നന്നാക്കാന്‍ 208 കോടി രൂപ വേണ്ടിവരും. സംസ്ഥാനത്തെ 63 ഫിഷിങ് ഹാര്‍ബറുകളില്‍ പേമാരി മൂലം മണ്ണ് അടിഞ്ഞുകൂടിയിട്ടുണ്ട്. ഇത്തരം ഹാര്‍ബറുകള്‍ മല്‍സ്യത്തൊഴിലാളികള്‍ക്ക് ഉപയോഗിക്കത്തക്ക രീതിയില്‍ സൗകര്യം ഒരുക്കുന്നതിന് ഡ്രഡ്ജിങ് നടത്തണം. 63 കോടി രൂപയാണ് ഇതിനായി കണക്കാക്കിയിട്ടുള്ളത്. 15 ഹാര്‍ബറുകളില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് 70 കോടി രൂപയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss