|    May 27 Sat, 2017 11:25 pm
FLASH NEWS

ഫിഷറീസ് വകുപ്പിന്റെ 1,84,540 രൂപ തിരിച്ചടയ്ക്കാന്‍ നഗരസഭാ കൗണ്‍സില്‍ തീരുമാനം

Published : 30th August 2016 | Posted By: SMR

കാസര്‍കോട്: നഗരസഭാ ഫണ്ട് ഇനത്തില്‍ ചിലവാകാതെ കെട്ടിക്കിടക്കുന്ന ഫിഷറീസ് വകുപ്പിന്റെ 1,84,540 രൂപ തിരികെ അടക്കാന്‍ നഗരസഭാ കൗണ്‍സില്‍ തീരുമാനിച്ചു. പണം തിരിച്ചടക്കണമെന്നാവശ്യപ്പെട്ട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ നഗരസഭക്ക് കത്ത് നല്‍കിയിരുന്നു.
2007-08 കാലയളവിലെ പെര്‍ഫോമന്‍സ് ഓഡിറ്റ് റിപോര്‍ട്ടില്‍ ഇത് വിവാദമായിരുന്നു. ഇതേ തുടര്‍ന്നാണ് പണം തിരിച്ചടക്കാന്‍ ഇന്നലെ ചേര്‍ന്ന യോഗം തീരുമാനിച്ചത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഹോണറേറിയം കഴിഞ്ഞ ജുലൈ ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ഇരട്ടിയായി വര്‍ധിപ്പിച്ച നടപടി യോഗം അംഗീകരിച്ചു.
ഇതനുസരിച്ച് ചെയര്‍പേഴ്‌സണ് 14,600 രൂപയും വൈസ് ചെയര്‍മാന് 12,000 രൂപയും സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ക്ക് 8,800 രൂപ വീതവും അംഗങ്ങള്‍ക്ക് 7600 രൂപ വീതവും നല്‍കാന്‍ കൗണ്‍സില്‍ തീരുമാനിച്ചു. നേരത്തെയുണ്ടായിരുന്നതിന്റെ ഇരട്ടിയായാണ് ഹോണറേറിയം വര്‍ദ്ധിപ്പിച്ചത്. നഗരസഭ പരിധിയിലെ ഡിവൈഡറുകളില്‍ സ്ഥാപിച്ച പരസ്യബോര്‍ഡുകള്‍ പിഡബ്ല്യുഡി വകുപ്പ് നീക്കം ചെയ്തതിനാല്‍ ഡിവൈഡര്‍ പരസ്യനികുതി പിരിക്കുന്നതിനുള്ള അവകാശം ഏറ്റെടുത്ത വ്യക്തി അടക്കേണ്ട തുകയില്‍ കുറവ് വരുത്താന്‍ കൗണ്‍സില്‍ തീരുമാനിച്ചു.
സപ്തംബര്‍ മാസത്തില്‍ തുടര്‍ച്ചയായി ഏഴ് പൊതു അവധി ദിവസങ്ങള്‍ വരുന്നതിനാല്‍ നഗരശുചീകരണത്തിന് സ്ഥിരം തൊഴിലാളികളെ ഉപയോഗിക്കാന്‍ സാധ്യമല്ലാത്തതിനാല്‍ ദിവസവേതനാടിസ്ഥാനത്തില്‍ മറ്റു തൊഴിലാളികളെ നിയമിക്കുന്നതിനും തീരുമാനിച്ചു. കറന്തക്കാട്ടെ സ്റ്റേറ്റ് സീഡ് ഫാമിന്റെ കെട്ടിടങ്ങളെ വസ്തു നികുതിയില്‍ നിന്ന് ഒഴിവാക്കാനും കൗണ്‍സില്‍ തീരുമാനിച്ചു. ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം അധ്യക്ഷത വഹിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day