|    Dec 18 Mon, 2017 3:15 am
FLASH NEWS

ഫിഷറീസ് വകുപ്പിന്റെ തീരമൈത്രി സൂപ്പര്‍ മാര്‍ക്കറ്റ് നടക്കാവില്‍

Published : 29th July 2016 | Posted By: SMR

പടന്ന: ഫിഷറീസ് വകുപ്പിന്റെ തീരമൈത്രി സൂപ്പര്‍ മാര്‍ക്കറ്റ് തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ നടക്കാവില്‍ അടുത്ത മാസം ആദ്യം പ്രവര്‍ത്തനം തുടങ്ങും. നടക്കാവില്‍ സൗകര്യപ്രദമായ കെട്ടിടം ഇതിനായി കണ്ടെത്തിയിട്ടുണ്ട്. ആഗസ്റ്റ് എട്ടിന് തുറന്നുകൊടുക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു. ജില്ലയിലെ രണ്ടാമത്തെ സൂപ്പര്‍ മാര്‍ക്കറ്റാണ് നടക്കാവില്‍ തുടങ്ങുന്നത്.
നീലേശ്വരത്തും കുമ്പളയിലുമാണ് നേരത്തെ ഫിഷറീസ് വകുപ്പ് തീരമൈത്രി സൂപ്പര്‍ മാര്‍ക്കറ്റ് ആരംഭിച്ചിരുന്നത്. ഭാഷാപ്രശ്‌നങ്ങളും തൊഴിലാളികളെ കിട്ടാത്ത ബുദ്ധിമുട്ടും കാരണം കുമ്പളയിലെ സൂപ്പര്‍ മാര്‍ക്കറ്റ് പാതിവഴിയില്‍ ഉപേക്ഷിച്ചു. നീലേശ്വരത്തെ സൂപ്പര്‍ മാര്‍ക്കറ്റ് ഇപ്പോഴും സജീവമാണ്. സംസ്ഥാനതലത്തില്‍ തന്നെ മികച്ച പ്രവര്‍ത്തനത്തിന് അവാര്‍ഡും കരസ്ഥമാക്കിയിട്ടുണ്ട്. നീലേശ്വരത്തിന്റെ ബ്രാഞ്ചായാണ് നടക്കാവില്‍ സൂപ്പര്‍ മാര്‍ക്കറ്റ് വരുന്നത്.
നിത്യോപയോഗ സാധനങ്ങള്‍ സബ്‌സിഡി നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് സൂപ്പര്‍ മാര്‍ക്കറ്റിലൂടെ വിതരണം ചെയ്യുമെന്ന് അധികൃതര്‍ പറഞ്ഞു്. അരി, പഞ്ചസാര, പരിപ്പ്, പയര്‍ വര്‍ഗങ്ങള്‍, ചായപ്പൊടി എന്നിവ സബ്‌സിഡി നിരക്കില്‍ ലഭിക്കും.
തീരമൈത്രി സൂപ്പര്‍ മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനം സുഗമമായി നടത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുള്ള ഒരു കോടി രൂപ അനുവദിച്ചു കിട്ടുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായാല്‍ കൂടുതല്‍ പലവ്യഞ്ജനങ്ങള്‍ക്ക് സബ്‌സിഡി അനുവദിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ പണം അനുവദിക്കുന്നത് സംബന്ധിച്ചു തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. ജില്ലയിലെ ഫിഷറീസ് അധികൃതര്‍ വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയെ നേരില്‍ കണ്ട് നിവേദനം നല്‍കിയിരുന്നു. സുനാമി ഫണ്ടിന്റെ ഭാഗമായി 2008 ലാണ് അന്നത്തെ സര്‍ക്കാര്‍ മല്‍സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി തീരമൈത്രി സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുടങ്ങിയത്. കേരളത്തിലെ 14 ജില്ലകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളുണ്ട്. കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍ രണ്ടെണ്ണം വീതവും മറ്റു ജില്ലകളില്‍ ഓരോന്നു വീതവുമാണ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷം ഇതിന്റെ നിയന്ത്രണം സിവില്‍ സപ്ലൈസ് വകുപ്പിനായിരുന്നു. മാവേലി സ്‌റ്റോറിന്റെയോ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റിന്റെയോ മാതൃകയില്‍ തീരമൈത്രിയെ വകുപ്പ് അധികൃതര്‍ പരിഗണിച്ചില്ലെന്നും പരാതിയുണ്ട്. ഈ കാലയളവില്‍ ഇവയുടെ പ്രവര്‍ത്തനത്തിന് ഫണ്ട് അനുവദിക്കാത്തതിന്റെ പേരില്‍ സൂപ്പര്‍ മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനം അവതാളത്തിലായിരുന്നു.
പ്രത്യേകം തുക വകയിരുത്താത്തതിനാല്‍ നിത്യോപയോഗ സാധനങ്ങള്‍ സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. പുതിയ സര്‍ക്കാര്‍ വന്നതോടെ സൂപ്പര്‍മാര്‍ക്കറ്റുകളുടെ പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss