|    Nov 19 Sun, 2017 2:39 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഫിലിപ്പീന്‍സ് ജയിലുകളില്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍

Published : 31st July 2016 | Posted By: SMR

മനില: ഫിലിപ്പീന്‍സ് ജയിലുകളില്‍ നടക്കുന്നത് മനുഷ്യാവകാശ ലംഘനങ്ങളെന്ന് റിപോര്‍ട്ട്. ആറു പതിറ്റാണ്ടു മുമ്പു നിര്‍മിച്ച 800 പേരെ മാത്രം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഫിലിപ്പീന്‍സ് ജയിലുകളില്‍ 4000ഓളം തടവുകാരെയാണു പാര്‍പ്പിച്ചിരിക്കുന്നതെന്ന് എഎഫ്പി വാര്‍ത്താ ഏജന്‍സിയുടെ റിപോര്‍ട്ടില്‍ പറയുന്നു. വിള്ളല്‍ വീണ സിമന്റ് തറയിലും കോണിപ്പടികളിലും ജയില്‍ പരിസരത്തെ ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ടിലുമാണ് തടവുകാര്‍ രാത്രി കൂട്ടമായി കിടന്നുറങ്ങുന്നത്. തിരിഞ്ഞുകിടക്കാന്‍ വേണ്ട സ്ഥലംപോലുമില്ലാതെയാണ് ഇവര്‍ ഉറങ്ങാന്‍ കിടക്കുന്നത്. ജയിലിനകത്തെ സ്ഥലപരിമിതി അന്തേവാസികളെ രൂക്ഷമായി ബാധിക്കുന്നതായും റിപോര്‍ട്ടില്‍ പറയുന്നു.
130 അന്തേവാസികള്‍ക്ക് ഒന്ന് എന്ന നിരക്കിലാണ് തടവറയിലെ ശൗചാലയങ്ങളുടെ എണ്ണമെന്ന് മനിലയിലെ ക്വിസോണ്‍ ജയിലിലെ തടവുകാരനായ മരിയോ ദിമകുലാങ് പറഞ്ഞു. ജയിലിലെ നാലു നില കെട്ടിടങ്ങള്‍ പഴക്കംമൂലം അപകടകരമായ നിലയിലാണെന്നും ദിമകുലാങ് അറിയിച്ചു. പാശ്ചാത്യരാജ്യങ്ങള്‍ക്കു ചിന്തിക്കാനാവാത്ത സാഹചര്യമാണ് ഫിലിപ്പീന്‍സ് ജയിലുകളിലെന്ന് യുഎസിലെ സതേണ്‍ ഇല്ലിനോയ് സര്‍വകലാശാലയില്‍ നിന്നുള്ള ഗവേഷകനും ക്വിസോണിലെ തടവുകാരനുമായ ബറ്റ് റെയ്മണ്ട് നരാങ് പറഞ്ഞു.
ഇത്തരം ജയിലുകള്‍ മനുഷ്യര്‍ക്കു ജീവിക്കാന്‍ യോഗ്യമല്ലെന്നു പ്രഖ്യാപിക്കാന്‍ ഫിലിപ്പീന്‍സ് കോടതികള്‍ തയ്യാറാവണമെന്നും നരാങ് പറഞ്ഞു. പുതിയ പ്രസിഡന്റായ റോബര്‍ട്ടോ ദുതെര്‍ത്തേ കുറ്റകൃത്യങ്ങള്‍ക്കെതിരേ യുദ്ധം പ്രഖ്യാപിച്ച ശേഷം 4300 പേരെയാണ് ഫിലിപ്പീന്‍സ് അധികൃതര്‍ ജയിലിലടച്ചത്. ദുതെര്‍തേയുടെ ഉത്തരവിനെത്തുടര്‍ന്ന് കഴിഞ്ഞ ഒരുമാസത്തിനിടെ കുറ്റകൃത്യങ്ങളില്‍ പങ്കുള്ളതായി സംശയിക്കപ്പെട്ട നൂറുകണക്കിന് ആളുകളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വധിക്കുകയും ചെയ്തിരുന്നു. രാജ്യത്തെ മയക്കുമരുന്ന് വ്യാപാരം നിയന്ത്രിക്കുന്നതിന്റെ ഭാഗമായായിരുന്നു നടപടിയെന്നാണ് പ്രസിഡന്റ് തന്റെ പ്രഖ്യാപനത്തെ വിശദീകരിച്ചത്. അംഗസംഖ്യ വര്‍ധിച്ചെങ്കിലും ജയിലുകളിലെ അസൗകര്യങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതില്ലെന്ന നിലപാടാണ് ദുതെര്‍തേ ഭരണകൂടം സ്വീകരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക