|    Jan 22 Sun, 2017 5:06 am
FLASH NEWS

ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റില്ലാത്ത സ്‌കൂളുകള്‍ക്കെതിരേ കര്‍ശന നടപടി

Published : 7th August 2016 | Posted By: SMR

നിഷാദ് എം ബഷീര്‍

തിരുവനന്തപുരം: ഫിറ്റ്‌നസ് സ ര്‍ട്ടിഫിക്കറ്റില്ലാത്ത സ്‌കൂളുകള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിനു മുന്നോടിയായി ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റില്ലാത്ത സ്‌കൂളുകള്‍ സംബന്ധിച്ച് പൊതുവിദ്യാഭ്യാസവകുപ്പ് വീണ്ടും പരിശോധന നടത്തും.
സംസ്ഥാനത്തെ 11,276 സ്‌കൂളുകളില്‍ 5067 എണ്ണത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റില്ലെന്ന് വിദ്യാഭ്യാസ സെക്രട്ടറിക്ക് ഡിപിഐ നേരത്തെ റിപോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍, ഈ കണക്കുകളില്‍ പൊരുത്തക്കേടുകളുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഒരുവട്ടംകൂടി പരിശോധന നടത്താന്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്ക് ഡിപിഐ നിര്‍ദേശം നല്‍കിയത്. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റില്ലെന്നു കണ്ടെത്തിയ സ്‌കൂളുകള്‍ക്ക് പൊതുവിദ്യാഭ്യാസവകുപ്പ് നേരത്തെ മെമ്മോ നല്‍കിയിരുന്നു. പുതിയ അധ്യയനവര്‍ഷം ആരംഭിക്കുമ്പോള്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നേടണമെന്നായിരുന്നു ഇവര്‍ക്കു നല്‍കിയിരുന്ന നിര്‍ദേശം. എന്നാല്‍, സ്‌കൂള്‍ മാനേജ്‌മെന്റ് ഇതിനു കൂട്ടാക്കാതെ വന്നപ്പോഴാണ് ഇവര്‍ക്ക് വീണ്ടും മെമ്മോ നല്‍കിയത്. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നിശ്ചിതസമയത്തിനകം നേടിയില്ലെങ്കില്‍ സ്‌കൂളുകളുടെ അംഗീകാരം റദ്ദാക്കുന്നതടക്കമുള്ള നടപടികളും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. സ്‌കൂള്‍ നടത്തിക്കൊണ്ടുപോവാന്‍ താല്‍പര്യമില്ലാത്ത മാനേജര്‍മാരാണ് ഇക്കാര്യത്തില്‍ നിഷേധാത്മക സമീപനം സ്വീകരിക്കുന്നതെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിശോധനയില്‍ വ്യക്തമായത്. വിദ്യാര്‍ഥികളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് വേണമെങ്കില്‍ മാനേജര്‍മാര്‍ക്കെതിരേ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യാന്‍ ശുപാര്‍ശ നടത്താമെന്നും പൊതുവിദ്യാഭ്യാസ വകുപ്പില്‍ അഭിപ്രായമുണ്ട്.
സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കട്ടെയെന്നാണ് വകുപ്പിന്റെ നിലപാട്. നിലവിലെ പ്രശ്‌നപരിഹാരത്തിനായി ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍മാര്‍ അതത് സ്‌കൂള്‍ മാനേജര്‍മാരുമായി ചര്‍ച്ച നടത്തും. അതിനുശേഷമായിരിക്കും തുടര്‍നടപടികളിലേക്കു കടക്കുക. അതേസമയം, സര്‍ക്കാ ര്‍ സ്‌കൂളുകളുടെ ഫിറ്റ്‌നസ് പരിശോധന ഇതേവരെ നടത്തിയിട്ടില്ല. ഈ സാഹചര്യത്തില്‍ തദ്ദേശസ്ഥാപന മേധാവികളുമായി ഡിഡിഇമാര്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും. അതേസമയം, സംസ്ഥാനത്തെ സ്‌കൂളുകളുടെ നില മെച്ചപ്പെടുത്തുന്നതിന് വിശദമായ പഠനം ആവശ്യമാണെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് പ്രതികരിച്ചു.
സര്‍ക്കാര്‍ സ്‌കൂളുകളും മാനേജര്‍മാര്‍ നടത്തുന്ന സ്‌കൂളുകളിലെയും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കൂട്ടായ ചര്‍ച്ച ആവശ്യമാണ്. സര്‍ക്കാര്‍ സ്‌കൂളുകളുടെ അറ്റകുറ്റപ്പണിക്ക് തദ്ദേശസ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ സഹായം നല്‍കും. സംസ്ഥാനത്തെ പകുതിയോളം സ്‌കൂളുക ള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റില്ലെന്ന് രണ്ടാഴ്ച മുമ്പാണ് ഡിപിഐ പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് റിപോര്‍ട്ട് നല്‍കിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക