|    Jan 24 Tue, 2017 5:02 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ഫിഫ ലോക റാങ്കിങില്‍ ഖത്തറിനു മുന്നേറ്റം

Published : 21st July 2016 | Posted By: sdq

ദോഹ: പുതിയ ഫിഫ ലോകറാങ്കിങില്‍ ഖത്തറിനു മുന്നേറ്റം. ആഗോള ഫുട്‌ബോള്‍ ഗവേണിങ് ബോഡിയായ ഫിഫ പുറത്തുവിട്ട ഏറ്റവും പുതിയ റാങ്കിങ് പ്രകാരം അഞ്ചുസ്ഥാനം മെച്ചപ്പെടുത്തി ഖത്തര്‍ 79ാം സ്ഥാനത്താണ്. മുന്‍ മാസത്തെ റാങ്കിങില്‍ 84ാം സ്ഥാനത്തായിരുന്നു. ഡാനിയല്‍ കാരെനോയുടെ ശിക്ഷണത്തിലുള്ള ഖത്തര്‍ ദേശീയ ടീമിന് ഫിഫ റാങ്കിങ് റിപോര്‍ട്ട് പ്രകാരം 425 പോയിന്റുണ്ട്. ഏഷ്യന്‍ മേഖലയില്‍ ഒന്‍പതാം സ്ഥാനത്താണ് ഖത്തര്‍. ഏഷ്യയില്‍ ഇറാനാണ് ഒന്നാം സ്ഥാനത്ത്. ആഗോളതലത്തില്‍ 39ാം സ്ഥാനത്താണ് ഇറാന്‍. 48ാം സ്ഥാനത്തുള്ള ദക്ഷിണകൊറിയയാണ് ഏഷ്യയില്‍ രണ്ടാമത്. ഉസ്ബക്കിസ്ഥാന്‍ മൂന്നാമതും ജപ്പാന്‍ നാലാമതുമാണ്. ആസ്‌ത്രേലിയയും സൗദിയും യുഎഇയും ജോര്‍ദാനുമാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. 2018 റഷ്യന്‍ ലോകകപ്പ് ഏഷ്യന്‍ മേഖലാ യോഗ്യതാ മൂന്നാം റൗണ്ട് മല്‍സരങ്ങള്‍ സപ്തംബര്‍ ഒന്നിന് തുടങ്ങാനിരിക്കെ റാങ്കിങില്‍ മെച്ചപ്പെടാന്‍ കഴിഞ്ഞത് ഖത്തറിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. സപ്തംബര്‍ ഒന്നിന് തെഹ്‌റാനില്‍ ഇറാനെതിരേയാണ് മൂന്നാം റൗണ്ടിലെ ഖത്തറിന്റെ ആദ്യ മല്‍സരം. ഇതിനു മുന്നോടിയായി ആഗസ്തില്‍ ഖത്തര്‍ നാലു സൗഹൃദ മല്‍സരങ്ങളില്‍ കളിക്കും.
ലോകകപ്പ് യോഗ്യതാ മല്‍സരങ്ങള്‍ക്കു മുന്നോടിയായി ഖത്തര്‍ ദേശീയ ടീമിന്റെ അന്തിമ പരിശീലനം ആഗസ്ത് 10 മുതല്‍ 20 വരെ സൂറിച്ചില്‍ നടക്കും.അടുത്ത പരിശീലനക്യാംപിന്റെ തിയ്യതികള്‍ നിശ്ചയിച്ചതായും എല്ലാ ഒരുക്കങ്ങളും പുരോഗമിക്കുന്നതായും ദേശീയ ടീം മാനേജര്‍ ഫരീദ് മെഹബൂബ് പറഞ്ഞു. സൂറിച്ചിലെ പരിശീലനക്യാംപിനു മുന്നോടിയായി ആഗസ്ത് എട്ടിന് ഇറാഖിനെതിരേയാണ് ഖത്തറിന്റെ ആദ്യ സൗഹൃദ മല്‍സരം. സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടക്കുന്ന പരിശീലനത്തിന്റെ ഭാഗമായിട്ടായിരിക്കും മറ്റു മൂന്നു സൗഹൃദമല്‍സരങ്ങളും.
റിയല്‍ ബെറ്റീസ് ക്ലബ്, ജോര്‍ദാന്‍, തായ്‌ലാന്‍ഡ് എന്നിവയായിരിക്കും ഖത്തറിന്റെ എതിരാളികള്‍. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഇറാന്‍, ദക്ഷിണകൊറിയ, ചൈന, ഉസ്ബക്കിസ്ഥാന്‍, സിറിയ എന്നിവരുള്‍പ്പെട്ട ഗ്രൂപ്പിലാണ് ഖത്തര്‍. ഇതില്‍ ചൈനയും സിറിയയും ഫിഫ റാങ്കിങില്‍ ഖത്തറിന്റെ പിന്നിലാണ്. പന്ത്രണ്ട് ടീമുകളാണ് മൂന്നാം റൗണ്ടില്‍ മല്‍സരിക്കുക. ഇതില്‍ അഞ്ചു ടീമുകളാണ് 2018ലെ റഷ്യന്‍ ലോകകപ്പില്‍ ഏഷ്യയെ പ്രതിനിധീകരിക്കുക. മൂന്നാം റൗണ്ടില്‍ ആറു വീതം ടീമുകള്‍ ഉള്‍പ്പെട്ട രണ്ടു ഗ്രൂപ്പുകളിലെയും ഓരോ ടീമും എതിരാളികള്‍ക്കെതിരേ സ്വന്തം നാട്ടിലും അവരുടെ നാട്ടിലും കളിക്കണം. ഒരു ടീമിന് പത്ത് മല്‍സരങ്ങള്‍ വീതമാണുണ്ടാവുക.
രണ്ടു ഗ്രൂപ്പുകളിലുമായി ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് റഷ്യന്‍ ലോകകപ്പ് കളിക്കാം. ഏഷ്യയില്‍ നിന്നും അഞ്ചു ടീമുകള്‍ക്കാണ് ലോകകപ്പ് യോഗ്യത ലഭിക്കുകയെന്നതിനാല്‍ അവശേഷിക്കുന്ന ഒരു ടീമിനെ കണ്ടെത്തുന്നതിനായി നാലാം റൗണ്ട് ഉണ്ടാകും.
തുടര്‍ന്ന് പ്ലേ ഓഫിലൂടെയാണ് അവശേഷിക്കുന്ന ടീമിനെ കണ്ടെത്തുക. സപ്തംബര്‍ ആറിന് ഉസ്ബക്കിസ്ഥാനെതിരെയാണ് ഖത്തറിന്റെ രണ്ടാം മല്‍സരം.
ഖത്തറിന്റെ ആദ്യമല്‍സരം ലോക റാങ്കിങില്‍ 39ാം സ്ഥാനത്തുള്ള ഇറാനെതിരെ അവരുടെ നാട്ടില്‍വച്ചാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 46 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക