|    Jul 21 Fri, 2017 8:32 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ഫിഫ ഭരണസമിതിയിലേക്ക് ഖത്തര്‍ പ്രതിനിധി മല്‍സരത്തിന്

Published : 15th August 2016 | Posted By: SMR

ദോഹ: ഫിഫ ഭരണസമിതിയിലേക്ക് ഏഷ്യന്‍ പ്രതിനിധിയായി മല്‍സരിക്കാന്‍ ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ഉപാധ്യക്ഷനെ തിരഞ്ഞെടുത്തു. സൗദ് അല്‍മുഹന്നദിയെയാണ് നാല് ഏഷ്യന്‍ പ്രതിനിധികളില്‍ ഒരാളായി മല്‍സരിക്കുന്നതിന് ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍(എഎഫ്‌സി) അംഗീകാരം നല്‍കിയത്. എഎഫ്‌സി വൈസ് ചെയര്‍മാന്‍ കൂടിയാണ് മുഹന്നദി. ഏഷ്യന്‍ പ്രതിനിധികള്‍ക്കുള്ള രണ്ട് സീറ്റിലേക്ക് ഇറാന്‍, ചൈന, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ കൂടി മല്‍സരത്തിനുണ്ട്. ചൈനീസ് ഫുട്‌ബോള്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റും ജനറല്‍ സെക്രട്ടറിയുമായ ഴാങ് ജിയാന്‍, ഇറാന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ മുന്‍ പ്രസിഡന്റ് അലി കഫാശിയാന്‍ നഏനി, സിംഗപ്പൂര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് സൈനുദ്ദീന്‍ നൂര്‍ദീന്‍ എന്നിവരാണ് മല്‍സര രംഗത്തുള്ളത്. ഏഷ്യന്‍ പ്രതിനിധികള്‍ക്കുള്ള മൂന്നാമത്തെ സീറ്റ്  വനിതാ സംവരണമാണ്. ആസ്‌ത്രേലിയയിലെ മൊയാ ഡോഡ്, ബംഗ്ലാദേശിലെ മഹ്ഫൂസ അക്തര്‍, ഡിപിആര്‍ കൊറിയയിലെ ഹാന്‍ യുന്‍ ഗ്യോങ് എന്നിവരാണ് ഈ സീറ്റിലേക്ക് മല്‍സര രംഗത്തുള്ളത്.
ഏഴ് സ്ഥാനാര്‍ഥികള്‍ക്കും മല്‍സരിക്കാന്‍ ഫിഫ അംഗീകാരം നല്‍കിയതായി എഎഫ്‌സി അറിയിച്ചു. നേരത്തേ കൊറിയന്‍ കോടീശ്വരനായ മോങ് ഗ്യു ചുങ് കൂടി എഎഫ്‌സി സ്ഥാനാര്‍ഥി പട്ടികയിലുണ്ടായിരുന്നു. പുതിയ പട്ടികയില്‍ അദ്ദേഹത്തെ ഒഴിവാക്കിയത് എന്ത് കൊണ്ടാണെന്ന് എഎഫ്‌സി വ്യക്തമാക്കിയിട്ടില്ല.
സപ്തംബര്‍ 27ന് ഇന്ത്യയിലെ ഗോവയിലാണ് ഫിഫ ഭരണ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തുക. ഫിഫയിലെ അഴിമതി വിരുദ്ധ പരിഷ്‌കരണ നടപടികളുടെ ഭാഗമായാണ് 36 അംഗ ഫിഫ ഭരണ സമിതി നിലവില്‍ വന്നത്. നേരത്തേയുണ്ടായിരുന്ന 24 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് പകരമായാണിത്.
ഫിഫ പ്രസിഡന്റ് ഗിയാനി ഇന്‍ഫന്റിനോയുടെ നേതൃത്വത്തിലുള്ള ഈ സമിതിയാണ് ഫിഫയുടെ തന്ത്രപ്രധനാമായ കാര്യങ്ങളില്‍ തീരുമാനമെടുക്കുക. ഒക്ടോബര്‍ 13ന് സൂറിച്ചിലാണ് സമിതിയുടെ ആദ്യം യോഗം. ഭാവിയിലെ ലോക കപ്പ് നടക്കുന്ന രാജ്യങ്ങളുടെ കരട് പട്ടിക തയ്യാറാക്കുക ഈ സമിതിയാണ്.
കഴിഞ്ഞ വര്‍ഷം ഫിഫ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് അല്‍മുഹന്നദി സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍,  തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്കു മുമ്പ് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക