|    Jul 20 Fri, 2018 6:14 pm
FLASH NEWS
Home   >  Sports  >  Football  >  

ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പിന് ഇന്ന് കിക്കോഫ്; ഉദ്ഘാടന മല്‍സരം റഷ്യയും ന്യൂസിലന്‍ഡും തമ്മില്‍

Published : 16th June 2017 | Posted By: ev sports


സെന്റ് പീറ്റേഴ്‌സ് ബര്‍ഗ്: വന്‍കര ചാംപ്യന്‍മാരെ തേടിയുള്ള ഫുട്‌ബോള്‍ പോരാട്ടത്തിന് ഇന്ന് കിക്കോഫ്. റഷ്യയില്‍ നടക്കുന്ന കോണ്‍ഫെഡറേഷന്‍ കപ്പിലെ ആദ്യ മല്‍സരത്തില്‍ ആതിഥേയരായ റഷ്യയും ന്യൂസിലന്‍ഡും തമ്മില്‍ ഏറ്റുമുട്ടും. രണ്ട് ഗ്രൂപ്പുകളിലായി എട്ട് ടീമുകളായി എട്ട് ടീമുകളാണ് പരസ്പരം കൊമ്പുകോര്‍ക്കുന്നത്. ഗ്രൂപ്പ് എയില്‍ റഷ്യയും ന്യൂസിലന്‍ഡും പോര്‍ച്ചുഗല്ലും മെക്‌സിക്കോയും അണിനിരക്കുമ്പോള്‍ ഗ്രൂപ്പ് ബിയില്‍ കാമറൂണും ചിലിയും ആസ്‌ത്രേലിയയും ജര്‍മനിയും ഇറങ്ങും. ഇന്ത്യന്‍ സമയം രാത്രി 8.30 മുതലാണ് മല്‍സരങ്ങള്‍ നടക്കുന്നത്.
ആറ് വന്‍കയിലെ ചാംപ്യന്‍മാര്‍ക്കൊപ്പം കഴിഞ്ഞ ലോകകപ്പിലെ ജേതാക്കളായ ജര്‍മനിയും ആതിഥേയരായ റഷ്യയും തമ്മില്‍ തമ്മില്‍ കരുത്ത് പരീക്ഷിക്കുമ്പോള്‍ ഫു്ടബോള്‍ ലോകത്തെ ഇനിയുള്ള 15 നാളുകള്‍ക്ക് ആവേശം ഇരട്ടിക്കും. അടുത്ത വര്‍ഷം ഫുട്‌ബോള്‍ ലോകകപ്പ് നടക്കുന്ന റഷ്യയിലെ മൈതാനത്ത് നേരത്തെ പന്ത് തട്ടാനുള്ള ഭാഗ്യം കൂടിയാണ് കോണ്‍ഫെഡറേഷില്‍ കളിക്കുന്ന ടീമുകള്‍ക്ക് ലഭിക്കുന്നത്. കാല്‍പന്തിലെ ആവേശ പോരാട്ടങ്ങള്‍ക്ക് വിസില്‍ മുഴങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ടീമുകളെ പരിചയപ്പെടാം.

ഗ്രൂപ്പ് എ
( റഷ്യ, ന്യൂസിലന്‍ഡ്, പോര്‍ച്ചുഗല്‍, മെക്‌സിക്കോ)

1, റഷ്യ (ലോക റാങ്കിങ് 63)
കോച്ച്: സ്്റ്റാനിസ്ലാവ് ചെര്‍ഷെസോവ്
ആതിഥേയരായ റഷ്യക്ക് ഇത്തവണത്തെ കോണ്‍ഫെഡറേഷന്‍ കപ്പ് അഭിമാനപോരാട്ടമാണ്. സ്വന്തം നാട്ടില്‍ നടക്കുന്ന പോരാട്ടങ്ങളില്‍ ആധിപത്യം കാട്ടാന്‍ റഷ്യക്ക് കഴിഞ്ഞില്ലെങ്കില്‍ പിന്നെ എവിടെയും കാട്ടാന്‍ കഴിയില്ല. എടുത്തു പറയാന്‍ പറ്റിയ താരനിരയൊന്നും റഷ്യക്ക് ഇത്തവണ അവകാശപ്പെടാനില്ല. വാസിലി ബെറെസുറ്റ്‌സ്‌കിയും സെര്‍ജി ഇഗ്‌നാഷെവിച്ചും കളിമതിയാക്കിയതിന്റെ വിടവ് നികത്താന്‍ ഇപ്പോഴത്തെ റഷ്യന്‍ നിരയില്‍ ആളില്ല എന്നതാണ് സത്യം. മുന്‍നിരയില്‍ ദിമിത്രി പോളാസ്, അലെക്‌സാണ്ടര്‍ ബുക്‌റോവ്, ഫയദോര്‍ സ്‌മോളോവും കരുത്ത് പകരാനുണ്ട്. ഗോള്‍ വലകാക്കാന്‍ ഇഗോര്‍ അക്കിന്‍ഫീവാണ് റഷ്യക്കൊപ്പമുള്ളത്. കോപ്പ് അമേരിക്കയില്‍ ചാംപ്യന്‍മാരായ ചിലിയെ 1-1 സമനിലയില്‍ തളച്ചത് മാത്രമാണ് റഷ്യ അടുത്തിടെ നടത്തിയ മികച്ച പ്രകടനം.

2, പോര്‍ച്ചുഗല്‍ ( ലോക റാങ്കിങ് 8)
കോച്ച് (ഫെര്‍ണാണ്ടോ സാന്റോസ്)
ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്ന ഇതിഹാസ താരം കളിക്കുന്ന പോര്‍ച്ചുഗല്‍ കോണ്‍ഫെഡറേഷന്‍ കപ്പില്‍ മുത്തമിടാന്‍ എന്തുകൊണ്ടും പ്രാപ്താരായവരാണ്. യൂറോ ചാംപ്യന്‍മാരായ കളിക്കാരില്‍ ഏദര്‍  ഒഴികെ മറ്റെല്ലാവരും പോര്‍ച്ചുഗല്ലില്‍ അണിനിരക്കുന്നുണ്ട് എന്നുള്ളതാണ് മറ്റൊരു സവിശേഷത. റയല്‍ മാഡ്രിഡിന് വേണ്ടി മിന്നി തിളങ്ങിയ റൊണാള്‍ഡോയുടെ ഗോള്‍വേട്ട പോര്‍ച്ചുഗല്ലിനുവേണ്ടിയും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകരുള്ളത്. റഷ്യന്‍ ലോകകപ്പിനുള്ള യോഗ്യതാ റൗണ്ട് പോരാട്ടങ്ങളില്‍ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണ് പോര്‍ച്ചുഗല്ലുള്ളത്. ഒന്നാമതെത്തിയാല്‍ മാത്രമേ ലോകകപ്പിലേക്ക് നേരിട്ട് ടിക്കറ്റെടുക്കാന്‍ കഴിയൂ.
റൊണാള്‍ഡോയ്‌ക്കൊപ്പം മുന്‍നിരയില്‍ ആക്രമണം നടത്താന്‍ നാനിയും ആന്ദ്ര് സില്‍വയും ഇറങ്ങുമ്പോള്‍ എതിരാളികള്‍ ഒന്ന് വിറക്കും. പ്രതിരോധ നിരയില്‍ കോട്ടതീര്‍ക്കാന്‍ പെപ്പെയ്‌ക്കൊപ്പം ബ്രൂണോ ആല്‍വസും റാഫേല്‍ ഗുരൈറോയും ജോസ് ഫോണ്ടിയും പോര്‍ച്ചുഗല്‍ നിരയിലുണ്ട്.

3, ന്യൂസിലന്‍ഡ് ( ലോക റാങ്കിങ് 95)
കോച്ച്: ആന്തണി ഹഡ്‌സണ്‍
ഒഎഫ്‌സി നാഷണല്‍ കപ്പില്‍ കിരീടം നേടിയാണ് ന്യൂസിലന്‍ഡ് കോണ്‍ഫഡറേഷന്‍ കപ്പിന് യോഗ്യത നേടിയത്. എന്നാല്‍ പരിക്കിന്റെ പടിയിലാണ് ന്യൂസിലന്‍ഡുള്ളത്. സ്റ്റാര്‍ ഡിഫന്‍ഡര്‍ വിന്‍സ്റ്റണ്‍ റീഡ് പരിക്കേറ്റ് പുറത്തുപോയതോടെ സ്‌ട്രൈക്കര്‍ ക്രിസ് വുഡിന്റെ നായകത്വത്തിലാണ് ന്യൂസിലന്‍ഡ് ഇറങ്ങുന്നത്.  കോസ്റ്റ ബാര്‍ബറൗസും പരിചയ സമ്പന്നനായ 35 കാരന്‍ ഷെയ്ന്‍ സ്‌മെല്‍റ്റ്‌സും മോണ്ടി പാറ്റേഴ്‌സണും അലക്‌സ് റൂഫറുമാണ് മുന്നേറ്റനിരയിലെ ന്യൂസിലന്‍ഡിന്റെ കുന്തമുന. പ്രതിരോധത്തില്‍ ടോമി സ്മിത്ത് ഡാനി ഇന്‍ഹാം ആന്‍ഡ്രേ ഡുറാന്‍ഡി എന്നിവരുടെ പ്രകടനവും ന്യൂസിലന്‍ഡിന്റെ ജയത്തില്‍ നിര്‍ണായകമവാവും. ഇംഗ്ലീഷ് രണ്ടാം ഡിവിഷനിന്റെ കഴിഞ്ഞ സീസണിലെ ടോപ് സ്‌കോററായ വുഡിന്റെ ലക്ഷ്യം തെറ്റാത്ത ഷോട്ടുകളാണ് ന്യൂസിലന്‍ഡിന്റെ പ്രതീക്ഷ.

4, മെക്‌സിക്കോ ( ലോക റാങ്കിങ് 17)
കോച്ച്: യുവാന്‍ കാര്‍ലോസ്
ഹവിയര്‍ ഫെര്‍ണാണ്ടസ് എന്ന മെക്‌സിക്കോയുടെ സ്വകാര്യ അഹങ്കാരത്തിലസാണ് കോണ്‍ഫഡറേഷന്‍ കപ്പിലെ മെക്‌സിക്കോയുടെ പ്രതീക്ഷകള്‍. 2014 ലോകകപ്പില്‍ കഷ്ടിച്ച് കടന്ന് കൂടി മെക്‌സിക്കോ കോണ്‍കാകാഫ് യോഗ്യതാ റാണ്ടില്‍ ഒന്നാം സ്ഥാനത്താണുള്ളത്. 2015 ല്‍ സ്ഥാനമേറ്റെടുത്ത യുവാന്‍ കാര്‍ലോസിന്റെ കീഴില്‍ രണ്ട് മല്‍സരങ്ങളില്‍ മാത്രമാണ് മെക്‌സിക്കോ തോല്‍വി അറിഞ്ഞത്.
മുന്നേറ്റ നിരയില്‍ ഹവിയര്‍ ഫെര്‍ണാണ്ടസിനൊപ്പം മാര്‍ക്കോസ് ഫാബിയന്‍, ഓര്‍ബി പെരാല്‍റ്റ, ഹിര്‍വിങ് ലോസാനോ എന്നിവരും ഇറങ്ങുമ്പോള്‍ മെക്‌സിക്കോയെ എതിരാളികള്‍ ഭയക്കുക തന്നെ ചെയ്യണം.

ഗ്രൂപ്പ് ബി
( ജര്‍മനി, ചിലി, കാമറൂണ്‍, ആസ്‌ത്രേലിയ)

ചിലി ( ലോക റാങ്കിങ് 4)
കോച്ച്: ജുവാന്‍ അന്റോണിയോ പിസ്സി
അല്ക്‌സീസ് സാഞ്ചസും ആര്‍ടുറേ വിദാല്‍ എന്നീ താരങ്ങളുടെ പ്രകടനമാണ് ചിലിയുടെ കരുത്ത്. തെക്കേ അമേരിക്കന്‍ ചാംപ്യന്‍മാരായാണ് ചിലി തങ്ങളുടെ 10ാം സീസണിന് ടിക്കറ്റെടുത്തത്. മാഞ്ചസ്റ്റര്‍ സിറ്റി ഗോള്‍കീപ്പറായ ക്ലോഡിയോ ബ്രാവോയാണ് ചിലിയുടെ നായകന്‍. ബ്രാവോ ഗോള്‍വല കാക്കുമ്പോള്‍ ആക്രമണത്തിന് മൂര്‍ച്ച കൂട്ടാന്‍ സാഞ്ചസിനൊപ്പം മാര്‍ട്ടിന്‍ റോഡ്രിഗസും ലിയൊനാര്‍ഡോ വലന്‍സിയയും എഡ്യൂയാര്‍ഡോ വര്‍ഗാസും ഇറങ്ങും. മൗറീഷ്യോ ഇസ്‌ല, പൗലോ ഡിയാസ്, ഗാരി മെഡല്‍, യുജീനിയോ മേന എന്നിവര്‍ക്കാണ് പ്രതിരോധ കോട്ടയുടെ കാവല്‍.

ജര്‍മനി ( ലോക റാങ്കിങ് 3)
കോച്ച്: ജോക്കിം ലോ
നിലവിലെ ലോക ചാംപ്യന്‍മാരായ ജര്‍മനി കോണ്‍ഫെഡറേഷന്‍ കപ്പിനിറങ്ങുന്നത് ജൂലിയന്‍ ഡ്രാക്‌സലറിന്റെ നായകത്വത്തിലാണ്.ഷ്‌കോഡ്രാന് മുസ്താഫി, ജോഷ്വാ കിമ്മിച്ച് എന്നിവരുടെ പരിചയ സമ്പന്നതയ്‌ക്കൊപ്പം ടിമോ വെര്‍ണര്‍, സാന്‍ഡ്രോ വാഗ്നര്‍, ജൂലിയന്‍ ബ്രാന്‍ഡ് തുടങ്ങിയ താരങ്ങളും ജര്‍മനിക്ക് പ്രതീക്ഷ നല്‍കുന്നു. മാനുവല്‍ നൂയറിന്റെ അഭാവത്തില്‍ ബെര്‍ണാണ്ടോ ലിനോ കെവിന്‍ ട്രാപ്പ് എന്നിവരില്‍ ഒരാളാവും ജര്‍മനിയുടെ ഗോള്‍വല കാക്കാന്‍ ഇറങ്ങുക. പ്രമുഖ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചാണ് ജോക്കിം ലോ ജര്‍മന്‍ ടീമിനെ പ്രഖ്യാപിച്ചത്.

കാമറൂണ്‍ ( ലോക റാങ്കിങ് 32)
കോച്ച്: ഹ്യൂഗോ ബ്രൂസ്
അദ്ഭുതം കാട്ടാന്‍ കെല്‍പ്പുള്ള താരനിരയുമായാണ് കാമറൂണ്‍ കോണ്‍ഫെഡറേഷന്‍ കപ്പ് കളിക്കാന്‍ എത്തിയിരിക്കുന്നത്. ആഫ്രിക്കന്‍ വന്‍കരയില്‍ ഘാനയുടേയും ഐവറി കോസ്റ്റിന്റേയുമെല്ലാം ചെറുത്ത് നില്‍പ്പിനെ അതിജീവിച്ച് ചാംപ്യന്‍പട്ട കരസ്ഥമാക്കിയ കാമറൂണ്‍ കോണ്‍ഫെഡറേഷന്‍ കപ്പിലും മികവ് ആവര്‍ത്തിച്ചാല്‍ എതിരാളികള്‍ ശരിക്കും വെള്ളം കുടിക്കും. ജര്‍മനിക്കും ചിലിക്കുമൊപ്പം കളിച്ച് കിരീടം നേടുക എനത്ത് പ്രയാസമേറിയ കാര്യമാണെങ്കിലും ബെഞ്ചമിന്‍ മോകാണ്ട്യോ നയിക്കുന്ന കാമറൂണിന് അതിന് ശേഷിയുണ്ട്. ഫാബ്രിസ് ഒണ്ടോവയ്ക്ക് ഗോള്‍വല കാക്കുമ്പോള്‍ നിക്കോളാസ് നാമല്യൂ, വിന്‍സെന്റ് അബൗബക്കാര്‍, ബെഞ്ചമിന്‍ മൗക്കോണ്ടോ, ജാക്കസ് സൗവ എന്നിവര്‍ മുന്നേറ്റ നിരയില്‍ പടനയിക്കും. പ്രതിരോധ നിരയില്‍ ജെറോമി ഗുഹോട്ട, മൈക്കല്‍ നാഡ്യൂ, എണസ്റ്റ് എംബൗക്ക എന്നിവരും കരുത്ത് പകരും.

ആസ്‌ത്രേലിയ ( ലോക റാങ്കിങ് 48)
കോച്ച്: എയ്‌ഞ്ചെ പോസ്‌റ്റെക്ലോഗ്
ഗ്രീസ് പരിശീലകന്‍ എയ്‌ഞ്ചെ പോസ്‌റ്റെക്ലോഗിന്റെ പരിശീലനത്തിനിറങ്ങുന്ന ആസ്‌ത്രേലിയ യുവ താരങ്ങളാല്‍ സമ്പന്നമാണ്. ഏഷ്യന്‍ വന്‍കരയെ പ്രതിനിധീകരിച്ചെത്തുന്ന ആസ്‌ത്രേലിയന്‍ നിരയില്‍ ടിം കാഹില്‍, മാര്‍ക്ക് മില്ലിഗന്‍, റോബി ക്രൂസ് എന്നിവരാണ് മുതിര്‍ന്ന താരങ്ങള്‍. ഗോള്‍വല കാക്കാന്‍ മാര്‍ട്ടി റിയാനും ഡാനി യുക്കോവിക്കുമാണ് ആസ്‌ത്രേലിയന്‍ നിരയിലുള്ളത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം ആരോണ്‍ മൂയി, ടോമി ജൂറിക്ക്, ജാമി മക്ലാരന്‍ എന്നിവരാണ് മുന്നേറ്റ നിരയിലെ പ്രതീക്ഷ. മിലോസ് ഡിഗ് നിക്ക്, അലക്‌സ് ജെര്‍സ്ബാച്ച്, ആസിസ് ബെഹിച്ച്, റിയാന്‍ മഗോവന്‍ എന്നിവരാണ് പ്രതിരോധ നിരയിലെ കരുത്ത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss