|    Oct 24 Wed, 2018 4:43 am
FLASH NEWS
Home   >  Sports  >  Football  >  

ഫിഫ അണ്ടര്‍ 17 ലോകകപ്പ്: സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്തി; പ്രവേശനം ടിക്കറ്റ് മുന്‍കൂറായി ബുക്ക് ചെയ്തവര്‍ക്ക് മാത്രം

Published : 15th September 2017 | Posted By: ev sports

കൊച്ചി: അടുത്ത മാസം കൊച്ചിയില്‍ നടക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പ് വേദിയായ ജവഹര്‍ലാല്‍ രാജ്യാന്തര സ്റ്റേഡിയത്തിലെ സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്തി. ജില്ല കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയുടെ അധ്യക്ഷതയില്‍ നടന്ന കോഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തില്‍ ഫിഫ പ്രാദേശിക സംഘാടക സമിതി അംഗങ്ങള്‍ സ്റ്റേഡിയത്തിലെ ക്രമീകരണങ്ങളുടെ രൂപരേഖ അവതരിപ്പിച്ചു. കാണികള്‍ക്കും വിഐപികള്‍ക്കും മാധ്യമങ്ങള്‍ക്കുമുള്ള വാഹന പാര്‍ക്കിംഗ്, പ്രവേശനം സംബന്ധിച്ച കാര്യങ്ങളാണ് ഉന്നതതല യോഗത്തില്‍ വിലയിരുത്തിയത്. അക്രഡിറ്റഡ് മാധ്യമപ്രവര്‍ത്തകര്‍ക്കു മാത്രമായിരിക്കും സ്റ്റേഡിയത്തില്‍ പ്രവേശനം. മല്‍സരം കാണുന്നതിനുള്ള പ്രവേശനത്തിന് ആകെ 27,145 ടിക്കറ്റുകളാണുള്ളത്. ഇത് മുന്‍കൂറായി ബുക്ക് ചെയ്തവര്‍ക്ക് മാത്രമേ പ്രവേശനം ലഭിക്കൂ. സ്റ്റേഡിയത്തില്‍ ടിക്കറ്റ് വില്‍പ്പന ഉണ്ടായിരിക്കുന്നതല്ല. ടിക്കറ്റുകളെല്ലാം ഇപ്പോള്‍ തന്നെ വിറ്റുതീര്‍ന്നിരിക്കുകയാണ്. വിവിധ വിഭാഗങ്ങളായി തിരിച്ചാണ് ടിക്കറ്റുകളുടെ വിതരണം. ഓരോ വിഭാഗത്തിലുമുള്ളവര്‍ക്ക് സ്‌റ്റേഡിയത്തില്‍ പ്രവേശിക്കുന്നത് ഫിഫയുടെ ഐഡി കാര്‍ഡ് നല്‍കും. ഇവ ഉപയോഗിച്ച് അതാത് പ്രവേശന കൗണ്ടറിലൂടെ മാത്രമേ അകത്ത് കയറാനാകൂ. കര്‍ശന പരിശോധന്ക്ക് വിധേയമായിട്ടാകും പ്രവേശനം. വാഹനങ്ങളുടെ പാര്‍ക്കിംഗ് ആദ്യമെത്തുന്നവര്‍ക്ക് ആദ്യം എന്ന ക്രമത്തിലായിരിക്കും. മല്‍സരം നടക്കുന്ന സ്റ്റേഡിയം ഏഴ് സോണുകളായി തിരിച്ചിട്ടുണ്ട്. സോണ്‍ ഒന്ന് ഫീല്‍ഡ് ഓഫ് പ്ലേ ആണ്. സോണ്‍ രണ്ട് കോംപറ്റീഷന്‍ ഏരിയയാണ്. ഇവിടെ കളിക്കാര്‍ക്കും ടീം ഒഫീഷ്യലുകള്‍ക്കും മാത്രമാണ് പ്രവേശനം. സോണ്‍ മൂന്ന് കാണികള്‍ക്കുള്ളതാണ്. സോണ്‍ നാല് സംഘാടക സമിതിക്കും ഫിഫ ഒഫീഷ്യല്‍സിനുമുള്ളതാണ്. സോണ്‍ അഞ്ചിലാണ് വിഐപികളുടെ പ്രവേശനം. സോണ്‍ ആറും ഏഴും മാധ്യമങ്ങള്‍ക്കുള്ളതായിരിക്കും. മിക്‌സഡ് സോണില്‍ മാധ്യമങ്ങള്‍ക്ക് കളിക്കാരുമായി സംവദിക്കാനുള്ള അവസരം ലഭിക്കും. സോണ്‍ എട്ടില്‍ സ്‌റ്റേറ്റ് മീഡിയ സെന്റര്‍ പ്രവര്‍ത്തിക്കും. സോണ്‍ ഒന്‍പത് ജിസിഡിഎ, കെഎഫ്എ തുടങ്ങിയവര്‍ക്കുള്ള റസിഡന്‍ഷ്യല്‍ ഏരിയയാണ്. 16 റാംപുകളാണ് സ്റ്റേഡിയത്തില്‍ ക്രമീകരിക്കുക. ഇതില്‍ നാലെണ്ണം അടിയന്തിരഘട്ടങ്ങളില്‍ മാത്രം ഉപയോഗിക്കാനുള്ളതാണ്. ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക ലിഫ്റ്റ് തയാറാക്കും. 35 ഓളം എന്‍ട്രി പോയിന്റുകളാണ് വിവിധ വിഭാഗങ്ങള്‍ക്കായി ക്രമീകരിക്കുക. അടിയന്തിര സാഹചര്യങ്ങളുണ്ടായാല്‍ കാണികളെയും കളിക്കാരെയും ഒഴിപ്പിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ തയാറാക്കിയിട്ടുണ്ട്. 150 സേഫ്റ്റി സ്റ്റുവാര്‍ഡ്‌സ്‌കളെ വേദിയിലും പരിസരത്തുമായി വിന്യസിക്കും. അഗ്‌നിശമന സേന, ഫയര്‍ റെസ്‌പോണ്‍സ് സംവിധാനം, മെഡിക്കല്‍ കിയോസ്‌കുകള്‍, വൈദ്യസഹായം, ആംബുലന്‍സ് തുടങ്ങിയവയും ക്രമീകരിക്കും. വെന്യൂ കമാന്‍ഡറുടെ നിര്‍ദേശമനുസരിച്ചായിരിക്കും സേഫ്റ്റി സ്റ്റുവാര്‍ഡ്‌സുകളുടെ പ്രവര്‍ത്തനം. പബ്ലിക് അലര്‍ട്ട് സംവിധാനം, വലിയ സ്‌കരീന്‍ ഡിസ്‌പ്ലേ, അപായ സൂചന നല്‍കുന്നതിനുള്ള സംവിധാനം എന്നിവയും സജ്ജമാക്കും. സെപ്തംബര്‍ 28 ഓടെ സ്‌റ്റേഡിയത്തിലെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാകുമെന്ന് ഫിഫ പ്രതിനിധികള്‍ അറിയിച്ചു. സെപ്തംബര്‍ 25ന് രാവിലെ 11 ന് താമസ സൗകര്യമൊരുക്കുന്ന ക്രൗണ്‍ പ്ലാസയിലും ഉച്ചകഴിഞ്ഞ് മൂന്നിന് പരിശീലന ഗ്രൗണ്ടുകളായ പനമ്പിള്ളി നഗര്‍ ഗ്രൗണ്ട്, മഹാരാജാസ് ഗ്രൗണ്ട് എന്നിവിടങ്ങളില്‍ സുരക്ഷ പരിശോധന നടത്തും. സെപ്തംബര്‍ 28 ന് രാവിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലും ഉച്ചകഴിഞ്ഞ് ഫോര്‍ട്ട്‌കൊച്ചിയിലെ പരിശീലന ഗ്രൗണ്ടുകളും പരിശോധിക്കും. 26 ന് സുരക്ഷയുടെ ഭാഗമായുള്ള റിഹേഴ്‌സലും ഉച്ചകഴിഞ്ഞ് മൂന്നിന് മോക്ക് ഡ്രില്ലും നടത്തുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എം പി ദിനേശ് പറഞ്ഞു. അസിസ്റ്റന്റ് കലക്ടര്‍ ഈശ പ്രിയ, കെഎസ്ഇബി, പൊതുമരാമത്ത്, കൊച്ചി മെട്രോ തുടങ്ങിയ വിവിധ വകുപ്പ്തല ഉദ്യോഗസ്ഥരും ഉന്നത പോലീസ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss