|    Oct 23 Tue, 2018 11:33 pm
FLASH NEWS

ഫിഫ അണ്ടര്‍ 17 ലോകകപ്പ് : വണ്‍ മില്യണ്‍ ഗോള്‍; ജില്ല ഒരുങ്ങി

Published : 27th September 2017 | Posted By: fsq

 

തൃശൂര്‍: ഫിഫ അണ്ടര്‍ 17 വേള്‍ഡ് കപ്പ് മത്സരങ്ങള്‍ക്ക് കൊച്ചി വേദിയാകുന്ന പശ്ചാത്തലത്തില്‍ മത്സര പ്രചാരണാര്‍ത്ഥം സംസ്ഥാന സര്‍ക്കാരും സ്‌പോര്‍ട്‌സ് കൗണ്‍സിലും ആവിഷ്‌ക്കരിച്ച വണ്‍ മില്യന്‍ ഗോള്‍ പരിപാടിക്കുളള ജില്ലാതല ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ ഡോ.എ കൗശിഗന്‍ അറിയിച്ചു. 27 ന് വൈകീട്ട് 3 മുതല്‍ 7 മണി വരെയാണ് വണ്‍ മില്യന്‍ ഗോള്‍ പ്രചാരണം. പൊതുജന പങ്കാളിത്തത്തോടെ സംസ്ഥാന വ്യാപകമായി പത്ത് ലക്ഷം ഗോള്‍ അടിച്ചു കൂട്ടുന്നതാണ് വണ്‍ മില്യന്‍ ഗോള്‍ പരിപാടി. വണ്‍ മില്യന്‍ ഗോളിന്റെ മുന്നോടിയായി തൃശൂര്‍ റൗണ്ടില്‍ നടത്തിയ റോള്‍ ദ ബോള്‍ റോഡ് ഷോ ആവേശമായി കായിക തൃശൂര്‍ ഏറ്റെടുത്തു. സി.എം.എസ് സ്‌കൂള്‍ സമീപത്ത് നിന്ന് ആരംഭിച്ച റോള്‍ ദ ബോള്‍ റോഡ് ഷോ തെക്കേ ഗോപുരനടയില്‍ സമാപിച്ചു. ചാലക്കുടി, കൊടുങ്ങല്ലൂര്‍, വടക്കാഞ്ചേരി, ചാവക്കാട്, ഇരിങ്ങാലക്കുട എന്നിവിടങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ ലോഗോ പതിച്ച ജേഴ്‌സിയും തൊപ്പിയുമണിഞ്ഞ് ഫുട്‌ബോള്‍ തട്ടികൊണ്ട് മുന്നേറി. ജില്ലയില്‍ വണ്‍ മില്യന്‍ ഗോളിന്റെ ഭാഗമായി ഒരു ലക്ഷത്തിലേറെ ഗോളുകളടിക്കും. ജില്ലാതല ഉദ്ഘാടനം ഇന്ന് വൈകീട്ട് 3 ന് തേക്കിന്‍കാട് മൈതാനത്ത് തെക്കേ ഗോപുരനടയില്‍ കോര്‍പ്പറേഷന്‍ മേയര്‍ അജിതാ ജയരാജന്‍ നിര്‍വഹിക്കും. ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീല വിജയകുമാര്‍, ജില്ലാ കളക്ടര്‍ ഡോ.എ.കൗശിഗന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട്, വിന്‍സെന്റ് കാട്ടൂക്കാരന്‍, സെക്രട്ടറി എ.ജനാര്‍ദ്ദനന്‍, ജില്ലാ പോലിസ് മേധാവികള്‍, ജനപ്രതിനിധികള്‍,  നെഹ്‌റു യുവ കേന്ദ്ര, എന്‍.എസ്.എസ്, ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വടക്കേ സ്റ്റാന്‍ഡ്, ശക്തന്‍ സ്റ്റാന്‍ഡ്, കോര്‍പ്പറേഷന്‍ സ്റ്റേഡിയം, കളക്ടറേറ്റ് എന്നിവിടങ്ങളിലും ഗോളുകള്‍ അടിക്കുന്നതിനുളള സൗകര്യങ്ങള്‍ ഉണ്ടായിരിക്കും. ഗ്രാമപഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ യഥാക്രമം രണ്ട്, അഞ്ച്, പത്ത് വീതം കേന്ദ്രങ്ങളില്‍ ഗോളടിക്കാന്‍ സൗകര്യം ഒരുക്കും. 500 സ്‌കൂളുകളിലും 50 കോളേജുകളിലും ഗോളടി കേന്ദ്രങ്ങള്‍ ഉണ്ടാകും. ഫുട്‌ബോള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ക്ലബുകളിലും പൊതുസ്ഥാപനങ്ങളിലും ഗോള്‍ പോസ്റ്റുകള്‍ ഒരുക്കും.  ഒരാള്‍ ഒരു ഗോള്‍ മാത്രമേ അടിക്കാന്‍ പാടുളളൂ. പെനാല്‍ട്ടി പോയിന്റില്‍ നിന്നാണ് കിക്കെടുക്കേണ്ടത്. ഗോള്‍കീപ്പര്‍ ഉണ്ടാകില്ല. ഗോളടിക്കുന്നത് രേഖപ്പെടുത്താന്‍ പ്രത്യേക മൊബൈല്‍ ആപ്പ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് പ്രത്യേക പരിശീലനം നല്‍കി വളര്‍ണ്ടിയര്‍മാരെ നിയോഗിച്ചു. ഫിഫ അണ്ടര്‍ 17 ലോകകകപ്പ് വിജയകരമാക്കാന്‍ മുഴുവന്‍ നാട്ടുകാരും വിദ്യാര്‍ത്ഥികളും കായികപ്രേമികളും വണ്‍ മില്യന്‍ ഗോളില്‍ പങ്കാളികളാവണമെന്ന് ജില്ലാ കള്കടര്‍ ഡോ.എ കൗശിഗന്‍ അഭ്യര്‍ത്ഥിച്ചു. ഫിഫ അണ്ടര്‍ 17 ലോകകപ്പ് മത്സരം പ്രചരണാര്‍ത്ഥം കാസര്‍ഗോഡില്‍ നിന്നാരംഭിച്ച ദീപശിഖപ്രയാണം ഒക്‌ടോബര്‍ 5 ന് ജില്ലയില്‍ പ്രവേശിക്കും. ജില്ലാ അതിര്‍ത്തി പെരുമ്പിലാവ് ദീപശിഖ റാലിക്ക് പ്രൗഡ ഗംഭീരമായ വരവേല്‍പ്പ് നല്‍കും. ജില്ലയിലെ വിവിധയിടങ്ങളില്‍ സ്വീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രമുഖ ഫുട്‌ബോള്‍ താരങ്ങള്‍, സിനിമതാരങ്ങള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ദീപശിഖ റാലിയില്‍ അണിനിരക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss