|    Jul 23 Mon, 2018 9:00 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ : കലൂര്‍ സ്റ്റേഡിയത്തിലെ കടകള്‍ 25ന് പൂട്ടണം

Published : 20th September 2017 | Posted By: fsq

 

കൊച്ചി: ഫിഫയുടെ അണ്ടര്‍ 17 ഫുട്‌ബോള്‍ വേള്‍ഡ് കപ്പ് മല്‍സരങ്ങള്‍ നടക്കുന്നതിനാല്‍ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍ നാഷനല്‍ സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന കടകള്‍ ഈ മാസം 25ന് അടച്ചുപൂട്ടണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. മല്‍സരങ്ങള്‍ അവസാനിക്കുന്ന അടുത്ത മാസം 25 വരെയാണു പൂട്ടിയിടേണ്ടത്. വിശാല കൊച്ചി വികസന അതോറിറ്റി  നല്‍കിയ അടച്ചുപൂട്ടല്‍ നോട്ടീസ് ചോദ്യംചെയ്തു 45 കടയുടമകള്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഇടക്കാല ഉത്തരവ്. സര്‍ക്കാരിന്റെയും ജിസിഡിഎയുടെയും നടപടികള്‍ സ്വേച്ഛപരമാണെന്നും റദ്ദാക്കേണ്ടതാണെന്നും നിരീക്ഷിച്ച കോടതി ഈ ഫുട്‌ബോള്‍ മല്‍സരത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി കടയുടമകള്‍ക്കു നഷ്ടപരിഹാരം നല്‍കണമെന്നും ഉത്തരവിട്ടു. ഒരാഴ്ചയ്ക്കകം ജിസിഡിഎ 25 ലക്ഷം രൂപ ട്രഷറിയില്‍ നിക്ഷേപിക്കണം. ജില്ലാ കലക്ടര്‍ക്കായിരിക്കും ഇതിന്റെ ചുമതല. കടക്കാരുടെ നഷ്ടപരിഹാരം പരിശോധിക്കാന്‍ കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റി മെംബര്‍ സെക്രട്ടറി, ഹൈക്കോടതിയിലെ ആള്‍ട്ടര്‍നേറ്റീവ് ഡിസ്പ്യൂട്ട് റെസല്യൂഷന്‍ ഡയറക്ടര്‍, ജില്ലാ കലക്ടര്‍ എന്നിവരടങ്ങിയ സമിതിയും രൂപീകരിച്ചു. കടക്കാര്‍ക്കു തങ്ങളുടെ നഷ്ടത്തിന്റെ കണക്കുകള്‍ സമിതിയെ ധരിപ്പിക്കാം. സമിതി കണക്കാക്കുന്ന നഷ്ടത്തിന്റെ 75 ശതമാനം കടയുടമകള്‍ക്കു നല്‍കണമെന്നും കോടതി നിര്‍ദേശം നല്‍കി. കമ്മിറ്റിയുടെ തീര്‍പ്പില്‍ യോജിപ്പില്ലാത്തവര്‍ക്കു സിവില്‍ കോടതിയെ സമീപിക്കാം. അടച്ചുപൂട്ടുന്ന ഒരു മാസത്തേക്കു വാടക ഈടാക്കരുതെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി. കടകള്‍ അടച്ചുപൂട്ടുന്ന നടപടിയോട് ഹരജിക്കാര്‍ സഹകരിക്കണം. മല്‍സരങ്ങള്‍ക്ക് ശേഷം കടകള്‍ തിരികെനല്‍കണമെന്നും കോടതി വിശദീകരിച്ചു. നടപടി സ്വേച്ഛപരവും റദ്ദാക്കേണ്ടതുമാണെങ്കിലും കേരളത്തെയും ഇന്ത്യയെയും അന്താരാഷ്ട്ര ശ്രദ്ധയിലേക്കു കൊണ്ടുവരികയും വരുമാനം ഉണ്ടാക്കുകയും ചെയ്യുന്ന പരിപാടിക്കു മുമ്പില്‍ കോടതിക്കു കണ്ണടയ്ക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss