|    Oct 23 Tue, 2018 12:48 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ഫിഫ അണ്ടര്‍ 17 ലോകകപ്പ് ട്രോഫിക്ക് കായികപ്രേമികളുടെ വരവേല്‍പ്പ്

Published : 23rd September 2017 | Posted By: fsq

 

കൊച്ചി: രാജ്യം ആതിഥേയത്വം വഹിക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ ട്രോഫി പര്യടനം വേദികളിലൊന്നായ കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെത്തി. ഇന്നലെ രാവിലെ 10.30ന് അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ പ്രധാന പ്രവേശനകവാടത്തില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് കപ്പ് പ്രദര്‍ശിപ്പിച്ചത്. ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് കായികമന്ത്രി എ സി മൊയ്തീന്‍ ട്രോഫി ഏറ്റുവാങ്ങി. കേരളത്തിലെ കായിക വികസന മേഖലയില്‍ വലിയൊരു കുതിപ്പാവും ഫിഫ അണ്ടര്‍ 17 ലോകകപ്പ് സമ്മാനിക്കുകയെന്നു മന്ത്രി പറഞ്ഞു. ലോകകപ്പിനെ വരവേല്‍ക്കാന്‍ സംസ്ഥാനം ഒരുങ്ങിക്കഴിഞ്ഞു. ലോകോത്തരമായ സൗകര്യങ്ങളാണ് ഇതിനായി ഒരുക്കിയിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു. കേരളത്തിന്റെ സംസ്‌കാരം ഉള്‍ക്കൊള്ളുന്ന കലാരൂപങ്ങളുടെ അകമ്പടിയോടെയാണ് ട്രോഫിയെ വരവേറ്റത്. കാല്‍പ്പന്തുകളുമായി കുട്ടിക്കൂട്ടങ്ങളും ട്രോഫിയെ വട്ടമിട്ടു. കൗമാര ലോകകപ്പ് ഒരുനോക്ക് കാണാനും ഫോട്ടോയെടുക്കാനുമായി നിരവധി ആളുകളാണ് സ്റ്റേഡിയത്തിലേെക്കത്തിയത്. ഇന്നു രാവിലെ 11 മണി മുതല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി അംബേദ്കര്‍ സ്റ്റേഡിയത്തിലും ട്രോഫി പ്രദര്‍ശിപ്പിക്കും. തുടര്‍ന്ന് നാളെ ചരിത്രമുറങ്ങുന്ന ഫോര്‍ട്ട് കൊച്ചി വാസ്‌കോഡഗാമ സ്‌ക്വയറില്‍ എത്തിക്കും. കഴിഞ്ഞ മാസമാണ് കൗമാര ഫുട്‌ബോള്‍ ട്രോഫി ഇന്ത്യയിലെത്തിയത്. ലോകകപ്പ് മല്‍സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്ന ഡല്‍ഹി, മുംബൈ, ഗുവാഹത്തി, ഗോവ എന്നീ നഗരങ്ങളില്‍ പ്രദര്‍ശിപ്പിച്ച ശേഷമാണ് കപ്പ് കൊച്ചിയിലെത്തിയത്. തിങ്കളാഴ്ച കപ്പ് ഫൈനല്‍ നടക്കുന്ന കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തിലേക്കു കൊണ്ടുപോവും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss