|    Oct 17 Wed, 2018 2:51 pm
FLASH NEWS
Home   >  Sports  >  Football  >  

ഫിഫ അണ്ടര്‍ 17 ലോകകപ്പ് ട്രോഫിക്ക് കൊച്ചിയില്‍ ഉജ്വല വന്‍വരവേല്‍പ്പ്

Published : 22nd September 2017 | Posted By: ev sports

കൊച്ചി: രാജ്യം ആതിഥേയത്വം വഹിക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പ് ടൂര്‍ണമെന്റ് ട്രോഫിയുടെ പര്യടനം വേദികളിലൊന്നായ കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെത്തി. ഇന്നലെ രാവിലെ 10.30ന് അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ പ്രധാന പ്രവേശനകവാടത്തില്‍ പ്രത്യേകം തയറാക്കിയ വേദിയിലാണ് കപ്പ് പ്രദര്‍ശിപ്പിച്ചത്.  ശിങ്കാരി മേളത്തിന്റെ കാതടപ്പിക്കുന്ന ശബ്ദകോലാഹലങ്ങള്‍ക്കിടയില്‍ സംസ്ഥാനത്തെ പ്രതിനിധികരിച്ച് കായിക മന്ത്രി എസി മൊയ്തീന്‍ ട്രോഫി ഏറ്റുവാങ്ങി. കേരളത്തിലെ കായികവികസനമേഖലയില്‍ വലിയൊരു കുതിപ്പാകും ഫിഫാ അണ്ടര്‍ 17 ലോകകപ്പ് സമ്മാനിക്കുകയെന്ന് മന്ത്രി എ.സി.മൊയ്തീന്‍ പറഞ്ഞു. ലോകകപ്പിനെ വരവേല്‍ക്കാന്‍ സംസ്ഥാനം ഒരുങ്ങിക്കഴിഞ്ഞു. ലോകോത്തരമായ സൗകര്യങ്ങളാണ് ഇതിനായി ഒരുക്കിയിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു. മോഹിനിയാട്ടം , മുത്തുക്കുട, കഥകളി , തെയ്യം ,അര്‍ജുനാട്ടം , മയിലാട്ടം , ഓട്ടന്‍തുള്ളല്‍, പൂക്കാവടി , പീലിക്കാവടി, വേലകളി,പടയണി കേരളത്തിന്റെ സംസ്‌കാരം ഉള്‍ക്കൊള്ളുന്ന കലാരൂപങ്ങളുടെ അകമ്പടിയോടെയാണ് ട്രോഫിയെ വരവേറ്റത്. കാല്‍പന്തുകളുമായി കുട്ടികൂട്ടങ്ങളും ട്രോഫിയെ വട്ടമിട്ടു. കൗമാരലോകകപ്പ് ഒരുനോക്ക് കാണുവാനും ഫോട്ടോയെടുക്കുവാനുമായി നിരവധി ആളുകളാണ് സ്റ്റേഡിയത്തിലേക്ക് എത്തിയത്. ഇന്ന് രാവിലെ 11 മണിമുതല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി അംബേദ്ക്കര്‍ സ്റ്റേഡിയത്തിലും ട്രോഫി പ്രദര്‍ശിപ്പിക്കും. തുടര്‍ന്ന് നാളെ ചരിത്രമുറങ്ങുന്ന ഫോര്‍ട്ട് കൊച്ചി വാസ്‌ഗോഡിഗാമ സ്‌ക്വയറില്‍ എത്തിക്കുന്ന ട്രോഫിയെ വന്‍ആഘോഷങ്ങളോടെയാണ് വരവേല്‍ക്കുന്നത്. കഴിഞ്ഞ മാസമാണ് കൗമര ഫുട്‌ബോള്‍ ട്രോഫി ഇന്ത്യയിലെത്തിയത്. ലോകകപ്പ് മല്‍സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്ന ഡല്‍ഹി, മുംബൈ, ഗുവഹാത്തി, ഗോവ എന്നീ നഗരങ്ങളില്‍ പ്രദര്‍ശിപ്പിച്ചതിന് ശേഷമാണ് കപ്പ് കൊച്ചിയിലെത്തിയത്. തിങ്കളാഴ്ച്ച് കപ്പ് ഫൈനല്‍ നടക്കുന്ന കൊല്‍ക്കത്തയിലേ സോള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലേക്ക് കൊണ്ടുപോകും.

ലോകം ഈ കപ്പിനു പിറകെ

ലോകത്തിന്റെ ശ്രദ്ധയാകെ ഇപ്പോള്‍ ഈ ‘ചെറിയ’ വലിയ കപ്പിന്റെ പിന്നാലെയാണ്. ചരിത്രത്തിലാദ്യമായി ഇന്ത്യ ഫിഫയുടെ ലോകകപ്പിന് ആതിഥേയത്വം വഹിക്കുമ്പോള്‍ പോരാട്ടങ്ങളെല്ലാം ഈ കപ്പിനു വേണ്ടി. ഒക്‌ടോബര്‍ 28ന് രാവേറുമ്പോള്‍ ലോകഫുട്‌ബോളിലെ കുട്ടിരാജാക്കന്മാര്‍ കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ ഈ ട്രോഫിയില്‍ മുത്തമിടും. കൗമാര ലോകകപ്പ് ടൂര്‍ണമെന്റിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും ഇപ്പോള്‍ നല്‍കിവരുന്ന ഈ കപ്പിന് 13 വയസ്സ്് മാത്രമാണ് പ്രായം. അതുവരെ നല്‍കിവന്ന കപ്പ് പിന്‍വലിച്ച് 2004ലാണ് പുതിയ കപ്പ് അണ്ടര്‍ 17 ടൂര്‍ണമെന്റില്‍ ഏര്‍പ്പെടുത്തിയത്. തൊട്ടടുത്ത വര്‍ഷത്തെ ടൂര്‍ണമെന്റില്‍ മെക്‌സിക്കോ ഈ കപ്പില്‍ ആദ്യമായി മുത്തമിട്ടു. ഇംഗ്ലണ്ടിലെ തോമസ് ഫറ്റോറിനി ലിമിറ്റഡ് എന്ന കമ്പനിയാണ് കപ്പ് നിര്‍മിച്ചിരിക്കുന്നത്. ഫിഫയുടെ മറ്റ് ലോകകപ്പുകള്‍ക്ക് നല്‍കിവരുന്ന ഫുട്‌ബോളിന്റെ മാതൃകയിലുള്ള ഭൂമിയാണ് ഈ ട്രോഫിയിലുമുള്ളത്. വെള്ളിക്ക് പുറമേ സ്റ്റെയിന്‍ലസ് സ്റ്റീല്‍, കോപ്പര്‍, സിങ്ക് തുടങ്ങിയ ലോഹങ്ങള്‍ ഉപയോഗിച്ചാണ് കപ്പ് പണിതിരിക്കുന്നത്. 4.56 കിലോ തൂക്കമുള്ള കപ്പിന് 49.5 സെന്റിമീറ്റര്‍ ഉയരമുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss