|    Jun 19 Tue, 2018 6:47 am
Home   >  Todays Paper  >  page 12  >  

ഫിഫ അണ്ടര്‍ 17 ലോകകപ്പ് : കൗമാരതാരങ്ങള്‍ ഇന്നു വിമാനമിറങ്ങും

Published : 3rd October 2017 | Posted By: fsq

 

കൊച്ചി: ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ ആവേശം കളിപ്രേമികളിലേക്കു പകര്‍ന്നു ടീമുകള്‍ കൊച്ചിയില്‍ ഇന്നു വിമാനമിറങ്ങും. വെളുപ്പിനു മൂന്നിനു നെടുമ്പാശ്ശേരിയില്‍ എത്തുന്ന സ്‌പെയിനാണ് കൊച്ചിയുടെ മണ്ണിലിറങ്ങുന്ന ആദ്യ ടീം.  മുംബൈയില്‍ പരിശീലന മല്‍സരങ്ങള്‍ കളിച്ച ആവേശവുമായി ഉച്ചയ്ക്കു 1.20നു ബ്രസീല്‍ ടീം എത്തും. തൊട്ടുപിന്നാലെ 1.40ന് ഉത്തര കൊറിയയും നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങും. കൊച്ചിയില്‍ പന്തു തട്ടുന്ന നാലാമത്തെ ടീമും പശ്ചിമ ആഫ്രിക്കന്‍ പ്രതിനിധികളായ നൈജറും 3.30നു നെടുമ്പാശ്ശേരിയില്‍ എത്തും. അബൂദബിയില്‍ നിന്നാണു സ്‌പെയിന്‍ ടീം കൊച്ചിയില്‍ എത്തുന്നത്. ഉത്തര കൊറിയയും നേരിട്ടു കൊച്ചിയില്‍ വിമാനമിറങ്ങും. വിമാനത്താവളത്തില്‍ ടീമുകളെ സ്വീകരിക്കാനും സുരക്ഷാ കസ്റ്റംസ് നടപടിക്രമങ്ങള്‍ ഉള്‍പ്പെടെ വേഗത്തിലാക്കാനും അഡീഷനല്‍ കമ്മീഷണര്‍ എസ് അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. താരങ്ങള്‍ക്കും സപോര്‍ട്ടിങ് സ്റ്റാഫിനും കറന്‍സികള്‍ മാറ്റിനല്‍കുന്നതിനു വിമാനത്താവളത്തില്‍ പ്രത്യേക കൗണ്ടറുകളുടെ പ്രവര്‍ത്തനവും തുടങ്ങിയിട്ടുണ്ട്. ബാഗേജുകളുടെ സംരക്ഷണത്തിനും സാധനങ്ങള്‍ നഷ്ടമാവാതെ സൂക്ഷിക്കാനും പ്രത്യേക നിരീക്ഷണ സംവിധാനവും പ്രവര്‍ത്തിക്കുന്നു. നികുതിയില്ലാതെ കളി ഉപകരണങ്ങള്‍ കൊണ്ടുവരാനും തിരികെ കൊണ്ടുപോവാനും കാര്‍ഗോയിലും പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക ഹെല്‍പ് ഡെസ്‌ക്കിന്റെ പ്രവര്‍ത്തനവും അര്‍ധരാത്രിയോടെ ആരംഭിച്ചിട്ടുണ്ട്. വിമാനമിറങ്ങുന്ന താരങ്ങളെയും സപോര്‍ട്ടിങ് സ്റ്റാഫിനെയും സഹായിക്കാന്‍ പ്രത്യേക പരിശീലനം നല്‍കി വോളന്റിയര്‍മാരെ എയര്‍പോര്‍ട്ടില്‍ എത്തിച്ചുകഴിഞ്ഞു. കളിക്കാര്‍ക്കു വിരുന്നും വിനോദവും നല്‍കാനുള്ള സംഘാടകരുടെ താല്‍പര്യങ്ങളെ ഫിഫ മുളയിലെ നുള്ളിയിരുന്നു. രാവിലെ എത്തുന്ന ബ്രസീലും സ്‌പെയിനും ഇന്നു പരിശീലന മൈതാനങ്ങളിലേക്ക് എത്തിയേക്കും. എങ്കിലും നാളെ മുതലാണു ടീമുകള്‍ പൂര്‍ണമായി പരിശീലനത്തിനു സമയം കണ്ടെത്തുക. കനത്ത ചൂടില്‍ നിന്നു രക്ഷനേടി രാത്രികാലങ്ങളിലാവും പരിശീലനം. ദിവസങ്ങള്‍ എണ്ണി കാത്തിരുന്ന ഫുട്‌ബോള്‍ പ്രേമികള്‍ക്ക് അവരുടെ പ്രിയ ടീമുകള്‍ കൂടി എത്തുന്നതോടെ ഇനി ആഘോഷത്തിന്റെ രാവുകളാണ്. ഫോര്‍ട്ട് കൊച്ചിയില്‍ തയ്യാറാക്കിയ മൈതാനത്തിലാണു ബ്രസീല്‍ പരിശീലനത്തിന് എത്തുന്നത്. മഹാരാജാസ് കോളജ് ഗ്രൗണ്ട്, പനമ്പള്ളി നഗര്‍ി മൈതാനങ്ങളാണു മറ്റു ടീമുകള്‍ക്കായി മാറ്റിവച്ചിരിക്കുന്നത്. പരിശീലന മൈതാനങ്ങളില്‍ ഫഌഡ്‌ലൈറ്റുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ പൂര്‍ണ സജ്ജമാണ്. ടീമുകള്‍ക്ക് ഫിഫ നിഷ്‌കര്‍ഷിച്ചിരിക്കുന്ന സുരക്ഷയും ഒരുക്കിയിട്ടുണ്ട്. ശനിയാഴ്ച തന്നെ ഡി ഗ്രൂപ്പിലെ നാലു ടീമുകളും കലൂര്‍ സ്റ്റേഡിയത്തില്‍ കളിക്കാനിറങ്ങും. വൈകീട്ട് അഞ്ചിനു നടക്കുന്ന ആദ്യ മല്‍സരത്തില്‍ കരുത്തരായ ബ്രസീലും സ്‌പെയിനുമാണ് ഏറ്റുമുട്ടുന്നത്. രാത്രി എട്ടിനു നൈജറിനെ കൊറിയയും നേരിടും. തുടര്‍ന്ന് 10, 13, 18, 22 തിയ്യതികളില്‍ കൊച്ചിയില്‍ മല്‍സരങ്ങളുണ്ടാവും. ഗ്രൂപ്പ് സിയിലെ ഘാന-ജര്‍മനി ടീമുകളുടെ പോരാട്ടത്തിനും കൊച്ചി വേദിയാവും. 13ന് വൈകീട്ട് അഞ്ചിനാണ് മല്‍സരം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss