|    Jul 16 Mon, 2018 6:49 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ഫിഫ അണ്ടര്‍ 17 ലോകകപ്പ് : കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം 18ന് ഫിഫയ്ക്ക് കൈമാറും

Published : 14th September 2017 | Posted By: fsq

 

കൊച്ചി: അണ്ടര്‍ 17 ലോകകപ്പിനായുള്ള ഒരുക്കങ്ങള്‍ അതിവേഗം പൂര്‍ത്തിയാക്കി കലൂര്‍ രാജ്യാന്തര സ്റ്റേഡിയം ഈ മാസം 18ന്  ഫിഫയ്ക്ക് കൈമാറും. നേരത്തെ 15ന് കൈമാറുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും പിന്നീട് 18ലേക്ക് മാറ്റുകയായിരുന്നു. പ്രധാന വേദിയായ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിന് പുറമേ നാല് പരിശീലന മൈതാനങ്ങളും അന്നേ ദിവസം ഫിഫയ്ക്ക് വിട്ടുനല്‍കേണ്ടതുണ്ട്. മല്‍സരവേദിയായ കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിനുള്ളിലെ നിര്‍മാണങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായിക്കഴിഞ്ഞു. രാജ്യാന്തര നിലവാരത്തിലുള്ള പ്രതലമാണ് കൊച്ചിയില്‍ കളിക്കാരെ കാത്തിരിക്കുന്നത്. നേരത്തെതന്നെ ഇതിന്റെ നിര്‍മാണം ഫിഫയുടെ മേല്‍നോട്ടത്തില്‍ പൂര്‍ത്തിയായിക്കഴിഞ്ഞിരുന്നു. സ്റ്റേഡിയം കൈമാറുന്നതോടെ പൂര്‍ണമായും മേല്‍നോട്ടവും പരിപാലനവും ഫിഫയ്ക്ക് മാത്രമാവും. അഗ്‌നിസുരക്ഷാ സംവിധാനങ്ങളടക്കമുള്ളവ പരിശോധിച്ച് തൃപ്തി വരുത്തിയതിനു ശേഷമാണ് സ്റ്റേഡിയം ഫിഫ ഏറ്റുവാങ്ങുന്നത്. ഒരേ സമയം 40,000 പേര്‍ക്ക് കളി കാണുവാന്‍ സാധിക്കും. സ്റ്റേഡിയത്തിന് ചുറ്റുമുള്ള അനുബന്ധ നിര്‍മാണങ്ങളാണ് ഇനി പൂര്‍ത്തിയാവാനുള്ളത്. മഴയത്ത് തകര്‍ന്ന നഗരത്തിലെ പ്രധാന റോഡുകളുടെ ടാറിങ് ഇതുവരെയും പൂര്‍ത്തിയായിട്ടില്ല. അതുകൊണ്ടുതന്നെ മല്‍സരങ്ങള്‍ തുടങ്ങുന്നതിനു ദിവസങ്ങള്‍ക്ക് മുമ്പ് അനുബന്ധ റോഡുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കുവാനാണ് കോര്‍പറേഷന്‍ ലക്ഷ്യമിടുന്നത്. പരിശീലന മൈതാനങ്ങളും ഫിഫയ്ക്ക് കൈമാറണം. മഹാരാജാസ് കോളജ്, പനമ്പള്ളിനഗര്‍, ഫോര്‍ട്ട് കൊച്ചി, വെളി മൈതാനങ്ങളിലെയും ജോലികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഈ മാസം അവസാനത്തോടെ ടീമുകള്‍ കൊച്ചിയില്‍ എത്തിത്തുടങ്ങുമെന്ന് ടൂര്‍ണമെന്റിന്റെ നോഡല്‍ ഓഫിസര്‍ മുഹമ്മദ് ഹനീഷ് അറിയിച്ചു. അതിനുള്ളില്‍ പരിശീലന മൈതാനങ്ങളെല്ലാം സജ്ജമായിരിക്കും.  സര്‍ക്കാര്‍ പ്രതിനിധികളും ഫിഫ അധികൃതരും പങ്കെടുക്കുന്ന ലളിതമായ ചടങ്ങിലാണ് സ്റ്റേഡിയം ഫിഫയ്ക്ക് കൈമാറുകയെന്നും മുഹമ്മദ് ഹനീഷ് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss