|    Oct 16 Tue, 2018 9:55 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ഫിഫ അണ്ടര്‍ 17 ലോകകപ്പ്: കലൂര്‍ സ്റ്റേഡിയം ഫിഫയ്ക്ക് വിട്ടുനല്‍കി

Published : 26th September 2017 | Posted By: fsq

 

കൊച്ചി: ഇനി എല്ലാം ഫിഫയുടെ നിയന്ത്രണത്തില്‍. ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ ആറ് വേദികളിലൊന്നായ കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയം ഫിഫ ഏറ്റെടുത്തു. നേരത്തെ തയറാക്കിയ കരാര്‍ പ്രകാരം കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ മല്‍സരങ്ങള്‍ അവസാനിക്കുന്നതുവരെ സ്റ്റേഡിയവും പരിസരവും നാല് പരിശീലന മൈതാനങ്ങളും ഫിഫയുടെ നിയന്ത്രണത്തില്‍ മാത്രമാവും. സ്റ്റേഡിയത്തില്‍ നടന്ന ലളിതമായ ചടങ്ങില്‍ ജിസിഡിഎ സെക്രട്ടറി എം സി ജോസഫ് ലോകകപ്പ് വെന്യൂ ഓപറേഷന്‍സ് മാനേജര്‍ റോമ ഖന്നയ്ക്ക് ഔദ്യോഗികമായി സ്റ്റേഡിയം വിട്ടുനല്‍കി. ലോകകപ്പിനായുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണെന്നും ഇനിയുള്ള തയ്യാറെടുപ്പുകള്‍ ഫിഫയുടെ മേല്‍നോട്ടത്തില്‍ ഉടന്‍തന്നെ പൂര്‍ത്തിയാക്കുമെന്നും റോമ ഖന്ന അറിയിച്ചു. ടൂര്‍ണമെന്റ് നോഡല്‍ ഓഫിസര്‍ മുഹമ്മദ് ഹനീഷ്, ജിസിഡിഎ ചെയര്‍മാന്‍ സി എന്‍ മോഹനന്‍, കെഎഫ്എ പ്രസിഡന്റ് കെ എം ഐ മേത്തര്‍ ചടങ്ങില്‍ പങ്കെടുത്തു. സ്റ്റേഡിയത്തില്‍ കടകള്‍ പ്രവര്‍ത്തിച്ചിരുന്ന മുറികളില്‍ ഡോഗ് സ്‌ക്വാഡ് ഉള്‍പ്പെടെയുള്ളവരുടെ പരിശോധനകളും പൂര്‍ത്തിയാക്കി. സുരക്ഷാ ചുമതല വഹിക്കുന്ന തിരഞ്ഞെടുത്ത പോലിസ് സേനാംഗങ്ങള്‍ക്ക് ഫിഫ തന്നെയാണ് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നത്. പാര്‍ക്കിങ് അടക്കമുള്ള കാര്യങ്ങളില്‍ ഇനിയും തീരുമാനമാവേണ്ടതുണ്ട്. ഡിജിപി ലോക്‌നാഥ് ബെഹ്‌റ പങ്കെടുക്കുന്ന അവലോകന യോഗത്തില്‍ ഇത് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടായേക്കും. പരിശീലന മൈതാനങ്ങളുടെ ജോലികള്‍ ഏറെക്കുറെ പൂര്‍ത്തിയായിക്കഴിഞ്ഞു. ദിവസങ്ങള്‍ക്കുള്ളില്‍ ടീമുകള്‍ കൊച്ചിയില്‍ വിമാനമിറങ്ങും. ഒക്‌ടോബര്‍ ഏഴിന് ബ്രസീലും സ്‌പെയിനും തമ്മില്‍ നടക്കുന്ന പോരാട്ടത്തോടെ കൊച്ചി പൂര്‍ണമായും ഫുട്‌ബോള്‍ ലഹരിക്ക് വഴിമാറും. ഓണ്‍ലൈന്‍ വഴിയുള്ള ടിക്കറ്റ് വില്‍പന ഏറെക്കുറെ പൂര്‍ത്തിയായിക്കഴിഞ്ഞു. ഇനി സ്റ്റേഡിയത്തില്‍ തുറക്കുന്ന കൗണ്ടര്‍ വഴി ശേഷിക്കുന്ന ടിക്കറ്റുകളും വില്‍പനയ്‌ക്കെത്തിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss