|    Oct 19 Fri, 2018 1:16 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ഫിഫ അണ്ടര്‍ 17 ലോകകപ്പ് : ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മന്ത്രി

Published : 15th September 2017 | Posted By: fsq

 

തിരുവനന്തപുരം: ഫിഫ അണ്ടര്‍ 17 ലോകകപ്പ് മല്‍സരങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ 47.33 കോടിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയതായി മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. ഇതിനു പുറമേ, ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിന്റെയും ഇവിടേക്കുള്ള റോഡുകളുടെയും സൗന്ദര്യവല്‍ക്കരണത്തിനായി 17.77 കോടിയും വൈദ്യുതി-കുടിവെള്ളം ഉള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങള്‍ക്കായി ഒരുകോടിയും സംസ്ഥാനസര്‍ക്കാര്‍ ചെലവഴിച്ചിട്ടുണ്ട്.  ചാംപ്യന്‍ഷിപ്പ് നടത്തിപ്പിനായി കേന്ദ്രസര്‍ക്കാര്‍ 12.44 കോടിയുടെ സഹായം നല്‍കിയതായും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യയിലെ വിവിധ വേദികളിലായി ഒക്ടോബര്‍ ആറു മുതല്‍ 28 വരെയാണ് മല്‍സരങ്ങള്‍ നടക്കുന്നത്. ഏഴു മുതല്‍ 22 വരെ എട്ടു മല്‍സരങ്ങളാണ് കൊച്ചിയില്‍ നടക്കുന്നത്. ഈ മല്‍സരങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മന്ത്രി അറിയിച്ചു.  ചാംപ്യന്‍ഷിപ്പിന്റെ വിജയകരമായ നടത്തിപ്പിന് മുഖ്യമന്ത്രി ചെയര്‍മാനായും കായികമന്ത്രി വര്‍ക്കിങ് ചെയര്‍മാനുമായി സംഘാടകസമിതി രൂപീകരിച്ചു. പ്രചാരണത്തിനായി സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും കായിക-യുവജനകാര്യാലയത്തിന്റെയും നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. പ്രചാരണാര്‍ഥം വണ്‍ മില്യണ്‍ ഗോള്‍, ദീപശിഖാ റിലേ, ബോള്‍ റണ്‍, സെലിബ്രിറ്റി ഫുട്‌ബോള്‍ മല്‍സരങ്ങള്‍ സംഘടിപ്പിക്കും. ഈ മാസം 27ന് വൈകീട്ട് മൂന്നു മുതല്‍ ഏഴു വരെ സംസ്ഥാനത്തെ 941 ഗ്രാമപ്പഞ്ചായത്തുകളിലും 87 മുനിസിപ്പാലിറ്റികളിലും ആറ് കോര്‍പറേഷനുകളിലും വിവിധ സ്‌കൂള്‍/കോളജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമായി പൊതുജന പങ്കാളിത്തത്തോടെ  പത്തു ലക്ഷം  ഗോളുകള്‍ അടിക്കും. വ്യത്യസ്ത പ്രായത്തിലുള്ള പരമാവധി ആളുകളെ ലോകകപ്പിനെക്കുറിച്ച് ബോധവാന്‍മാരാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തദ്ദേശ-വിദ്യാഭ്യാസ വകുപ്പുകളുമായി ഇക്കാര്യം ചര്‍ച്ചചെയ്ത് തീരുമാനമായി. ദീപശിഖാ റിലേ ഒക്‌ടോബര്‍ 3ന് കാസര്‍കോട് ജില്ലയില്‍നിന്ന് ആരംഭിച്ച് 6ന് കൊച്ചിയില്‍ എത്തിച്ചേരും. ബോള്‍ റണ്‍ തിരുവനന്തപുരം കളിയിക്കാവിളയില്‍ നിന്ന് ഒക്‌ടോബര്‍ 3ന് ആരംഭിച്ച് 6ന് കൊച്ചിയില്‍ സമാപിക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചീഫ് മിനിസ്‌റ്റേഴ്‌സ് ഇലവനും സ്പീക്കേഴ്‌സ് ഇലവനും തമ്മിലും സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ ടീമുകള്‍ തമ്മിലും മാധ്യമപ്രവര്‍ത്തകരുടെ ടീമുകള്‍ തമ്മിലും സെലിബ്രിറ്റി ഫുട്‌ബോള്‍ മല്‍സരങ്ങളും നടത്തും. ഈ മല്‍സരങ്ങള്‍ തിരുവനന്തപുരത്തും കോഴിക്കോടുമായി നടത്തുമെന്നും മന്ത്രി അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss