|    Oct 22 Mon, 2018 4:05 pm
FLASH NEWS

ഫിഫ അണ്ടര്‍ 17 ഫുട്‌ബോള്‍ : വണ്‍ മില്യണ്‍ ഗോള്‍ ഇന്ന്

Published : 27th September 2017 | Posted By: fsq

 

ആലപ്പുഴ: കൊച്ചിയടക്കം വേദിയായി രാജ്യം ആതിഥ്യം വഹിക്കുന്ന ഫിഫ അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പിന്റെ പ്രചാരണാര്‍ഥം നടക്കുന്ന “വണ്‍ മില്യണ്‍ ഗോള്‍’ പരിപാടിയില്‍ നാലു മണിക്കൂര്‍ കൊണ്ട് രണ്ടു ലക്ഷം ഗോളുകള്‍ അടിച്ച് ജില്ല ഇന്ന് കാല്‍പ്പന്തുകളിയോടുള്ള പ്രണയം പ്രകടമാക്കും. ജില്ലാതല ഉദ്ഘാടനം വൈകീട്ട് മൂന്നിന് ആലപ്പുഴ എസ്ഡിവി സ്‌കൂള്‍ മൈതാനത്ത് ഗോളടിച്ച് പൊതുമരാമത്ത്-രജിസ്‌ട്രേഷന്‍ മന്ത്രി ജി സുധാകരന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍ അധ്യക്ഷത വഹിക്കും. നഗരസഭാധ്യക്ഷന്‍ തോമസ് ജോസഫ് മുഖ്യപ്രഭാഷണം നടത്തും. ചലച്ചിത്ര സംവിധായകന്‍ ഫാസില്‍, തിരക്കഥാകൃത്ത് രഞ്ജി പണിക്കര്‍, ജില്ലാ കലക്ടര്‍ ടിവി അനുപമ, അര്‍ജുന അവാര്‍ഡ് ജേതാവ് പിജെ ജോസഫ്, കേരള ഫുട്‌ബോള്‍ ടീം മുന്‍ കാപ്റ്റന്‍ ജീന്‍ ക്രിസ്റ്റിന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഡോ. നിമ്മി അലക്‌സാണ്ടര്‍ എന്നിവര്‍ പങ്കെടുക്കും. ഇന്ന് വൈകീട്ട് മൂന്നു മുതല്‍ ഏഴുവരെ നടക്കുന്ന പരിപാടി ഗ്രാമപ്പഞ്ചായത്തുകളുടെയും നഗരസഭകളുടെയും നേതൃത്വത്തിലാണ് അതതിടങ്ങളില്‍ സംഘടിപ്പിക്കുക. എല്ലാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും പ്രായഭേദമെന്യേ ഗോളടിച്ച് പരിപാടിയുടെ ഭാഗമാവാം. ഒരു വ്യക്തിക്ക് ഒരു ഗോള്‍ മാത്രമേ അടിക്കാനാവൂ.  ഒരു മിനിറ്റില്‍ കുറഞ്ഞത് നാലു ഗോള്‍ അടിക്കുകയാണ് ലക്ഷ്യം. രജിസ്റ്റര്‍ ചെയ്ത ഓരോ കേന്ദ്രത്തിലും ഗോളുകളുടെ എണ്ണം തിട്ടപ്പെടുത്താന്‍ 2 വോളന്റിയറെ നിയോഗിക്കും. മൈാബൈല്‍ ആപ്ലിക്കേഷന്‍ വഴി ഗോളുകളുടെ എണ്ണം രേഖപ്പെടുത്തും. ഇതിലൂടെ റിപോര്‍ട്ട് ചെയ്യുന്നതിനൊപ്പം ഗോളെണ്ണം സ്‌കോര്‍ ഷീറ്റിലും രേഖപ്പെടുത്തും. ഓരോ മണിക്കൂറും ഇടവിട്ട് പരിപാടിയുടെ ചിത്രങ്ങളും വീഡിയോയും ആപ്ലിക്കേഷനിലോ ഇ-മെയിലിലൂടെയോ അപ്‌ലോഡ് ചെയ്യണം. ഗോളുകളുടെ എണ്ണം സംബന്ധിച്ച വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന നിശ്ചിത ഷീറ്റുകള്‍ വൈകീട്ട് 7.30നകം തിരികെ നല്‍കണം. ജില്ലയില്‍നിന്നുള്ള മന്ത്രിമാരും പ്രതിപക്ഷനേതാവും എംപി മാരും എംഎല്‍എമാരുമടക്കം എല്ലാ ജനപ്രതിനിധികളും പരിപാടിയുടെ ഭാഗമാവും. ജില്ലയില്‍ പരിപാടിയില്‍ പങ്കെടുത്ത് ഗോള്‍ അടിക്കുന്നവരില്‍നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന രണ്ടു പേര്‍ക്ക് ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ ഭാഗമായി കൊച്ചിയില്‍ നടക്കുന്ന ഒരു മല്‍സരം കാണാന്‍ അവസരം ലഭിക്കും. ഏറ്റവും കൂടുതല്‍ ഗോളുകള്‍ അടിക്കുന്ന പഞ്ചായത്ത്, നഗരസഭ, സ്‌കൂള്‍, കോളജ് എന്നിവയ്ക്ക് ഉപഹാരങ്ങള്‍ ലഭിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss