|    Feb 21 Wed, 2018 3:01 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഫാ. മൈക്കിള്‍ പനക്കല്‍ അന്തരിച്ചു

Published : 15th February 2016 | Posted By: SMR

കൊച്ചി: ക്രിസ്ത്യന്‍ ഭക്തി ഗാനരചയിതാവും സംഗീതജ്ഞനുമായ ഫാ. മൈക്കിള്‍ പനക്കല്‍(100) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് എറണാകുളം ലൂര്‍ദ് ആശുപത്രിയിലായില്‍ ഇന്നലെ പുലര്‍ച്ചെ അഞ്ചോടെയായിരുന്നു അന്ത്യം. സംസ്‌കാര ശ്രുശ്രൂഷകള്‍ ഇന്ന് വൈകുന്നേരം നാലിന് മാനാട്ടുപറമ്പ് തിരുഹൃദയ ദൈവാലയത്തില്‍ വരാപ്പുഴ അതിരൂപതാ ആര്‍ച്ച് ബിഷപ് ഫ്രാന്‍സിസ് കല്ലറയ്ക്കലിന്റെ കാര്‍മികത്വത്തില്‍ നടക്കും. തുടര്‍ന്ന് ആറോടെ എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലിനു കീഴിലുള്ള സെമിത്തേരിയില്‍ അടക്കം ചെയ്യും.
കേരള ഭക്തിഗാന മേഖലയിലും ലത്തീന്‍ സഭയുടെ ആരാധന ക്രമ-തിരുകര്‍മ സംഗീത മണ്ഡലങ്ങളിലും ഒട്ടേറെ സംഭാവനകള്‍ നല്‍കിയ മൈക്കിള്‍ 1916 മാര്‍ച്ച് 24ന് വൈപ്പിന്‍കരയില്‍ ഞാറയ്ക്കല്‍ പനക്കല്‍ തറവാട്ടില്‍ കൊച്ചാപ്പു- മരിയ ദമ്പതികളുടെ അഞ്ചാമത്തെ മകനായി ജനിച്ചു. 1932ല്‍ മൈനര്‍ സെമിനാരിയില്‍ പ്രവേശിച്ചു. ശ്രീലങ്കയിലെ കാന്‍ഡി പേപ്പല്‍ സെമിനാരിയില്‍ ഉപരി പഠനം പൂര്‍ത്തിയാക്കി മംഗലപ്പുഴ സെമിനാരിയില്‍ വച്ച് 1942 ഡിസംബര്‍ 19ന് പൗരോഹിത്യം സ്വീകരിച്ചു. തുടര്‍ന്ന് കോട്ടപ്പുറം, ചെട്ടിക്കാട്, ഗോതുരുത്ത് പള്ളികളില്‍ സഹവികാരിയായും ചേന്നൂര്‍, ചിറ്റൂര്‍, കൂട്ടുകാട് പള്ളികളില്‍ വികാരിയായും സേവനമനുഷ്ഠിച്ചു.
വരാപ്പുഴ അതിരൂപത വികാരി ജനറാള്‍ മോണ്‍. ഇമ്മാനുവേല്‍ ലോപ്പസുമൊന്നിച്ച് ബോസ്‌കോ കലാസമിതി ആരംഭിച്ചു. പ്രസിദ്ധ സംഗീതജ്ഞരായ ജോബ്-ജോര്‍ജ് ടീം, ജെറി അമല്‍ ദേവ്, ഗോപാലന്‍ മാസ്റ്റര്‍, ഐസക്ക് സഹോദരന്മാര്‍, ഗായകന്‍ സി ഒ ആന്റോ, റെക്‌സ് സഹോദരന്മാര്‍, ഫ്രെഡി പള്ളന്‍, മിന്‍മിനി തുടങ്ങിയവരെ സംഗീതലോകത്ത് എത്തിച്ചത് മൈക്കിളച്ചന്‍ ആയിരുന്നു.
1975ല്‍ കൊച്ചിന്‍ ആര്‍ട്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടറായി നിയമിതനായി. നിരവധി ഭക്തിഗാന കാസറ്റുകള്‍ പുറത്തിറങ്ങി. കേരളത്തിനകത്തും വിദേശത്തും ഗാനമേള നടത്തുന്ന സംഗീത ട്രൂപ്പായി സിഎസി ഓര്‍ക്കസ്ട്രയെ ഫാ. മൈക്കിള്‍ വികസിപ്പിച്ചു.
നിരവധി ഭക്തിഗാനങ്ങളും തിരുകര്‍മ ഗീതങ്ങളും അദ്ദേഹം രചിച്ചു. സൂര്യകാന്തി പുഷ്പമെന്നും, പ്രാര്‍ഥനാ ദൂരത്തില്‍ മാത്രം, സാദരമങ്ങേ പാവനപാദം, വാര്‍മണിത്തെന്നലായ്, സ്‌നേഹനാഥനരുള്‍ ചെയ്ത വാക്കുകള്‍, പരമസ്‌നേഹ സാരമേ, തേനൊഴുകും പാലൊഴുകും, നാഥന്റെ നാമം എന്നിവ അവയില്‍ ചിലതുമാത്രം. 1986ല്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കേരളത്തില്‍ എത്തിയപ്പോള്‍ കളമശ്ശേരിയില്‍ നടത്തിയ ദിവ്യബലിയില്‍ പങ്കെടുത്ത ഗായക സംഘത്തിന് നേതൃത്വം നല്‍കിയത് മൈക്കിളച്ചനാണ്. ചിത്രകല പഠിച്ചിട്ടില്ലെങ്കിലും മാനാട്ടുപറമ്പ് ദേവാലയത്തിലെ കുരിശിന്റെ വഴി ചിത്രങ്ങള്‍ വരച്ചത് മൈക്കിളച്ചനായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss