|    Jan 16 Mon, 2017 10:58 pm
FLASH NEWS

ഫാ. ടോമിനെ ഐഎസ് കുരിശിലേറ്റി കൊന്ന വാര്‍ത്തക്ക് സ്ഥിരീകരണമില്ല

Published : 29th March 2016 | Posted By: RKN

ന്യൂഡല്‍ഹി: യമനില്‍ ഐഎസ് തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ടോം ഉഴുന്നാലിനെ ദുഃഖവെള്ളിയാഴ്ച കുരിശിലേറ്റി കൊന്നുവെന്ന വാര്‍ത്ത  കേന്ദ്രസര്‍ക്കാര്‍ സ്ഥിരീകരിച്ചില്ല. വാഷിങ്ടണ്‍ ടൈംസ് ആയിരുന്നു പുരോഹിതനെ വധിച്ച വാര്‍ത്ത പുറത്തുവിട്ടത്. അന്തര്‍ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ട വാര്‍ത്തയ്ക്ക് സ്ഥിരീകരണമില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. രാജ്യാന്തര മാധ്യമങ്ങള്‍ പുറത്തുവിട്ട വാര്‍ത്ത വത്തിക്കാനും നിഷേധിച്ചിട്ടുണ്ട്. ഫാ. ടോമിനെ വധിച്ചെന്ന വാര്‍ത്ത ശരിയല്ലെന്ന് അബൂദബി ആര്‍ച് ബിഷപ് പോള്‍ ഹിന്‍ഡര്‍ കുടുംബാംഗങ്ങളെ അറിയിച്ചു. വിയന്ന ആര്‍ച് ബിഷപ് ക്രിസ്റ്റഫോ കാര്‍ഡിനല്‍ സ്‌കോണ്‍ബോണിനെ ഉദ്ധരിച്ചാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ടോമിനെ കൊലപ്പെടുത്തിയതായി റിപോര്‍ട്ട് ചെയ്തത്. മാര്‍ച്ച് നാലിനാണ് യമനിലെ മിഷണറീസ് ഓഫ് ചാരിറ്റി ഹോമിലുണ്ടായ ആക്രമണത്തിനു പിന്നാലെ 56കാരനായ വൈദികനെ കാണാതായത്. ദക്ഷിണ യമനിലെ ഏദനില്‍ മിഷണറീസ് ഓഫ് ചാരിറ്റിയുടെ കീഴിലുള്ള സ്ഥാപനം ആക്രമിച്ച സായുധസംഘം നാല് കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ 16 പേരെ കൊലപ്പെടുത്തിയ ശേഷം വൈദികനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. കര്‍ണാടകയില്‍ മിഷണറി പ്രവര്‍ത്തനം നടത്തിവരുകയായിരുന്ന ഫാ. ടോം നാലുവര്‍ഷം മുമ്പാണു യമനിലെത്തിയത്. ടോമിനെ ദുഃഖവെള്ളിയാഴ്ച കുരിശിലേറ്റി കൊല്ലുമെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടന്നിരുന്നു. പിന്നീട് ഇതുസംബന്ധിച്ച പോസ്റ്റ് നീക്കം ചെയ്യപ്പെട്ടു. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ഒരു വിഭാഗമാണ് ഇത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നത്. ആക്രണം നടത്തിയതും ഫാ. ടോമിനെ തട്ടിക്കൊണ്ടുപോയതും ഐസിസ് തന്നെയാണെന്ന് ആക്രമണത്തില്‍ നിന്നു രക്ഷപ്പെട്ട ഏക വ്യക്തിയായ സിസ്റ്റര്‍ സിസിലി വെളിപ്പെടുത്തി. ഒപ്പമുണ്ടായിരുന്ന എല്ലാവരെയും ഐസിസുകാര്‍ വധിച്ചു. വാതിലിനു പിറകില്‍ മറഞ്ഞിരുന്നതുകൊണ്ടാണ് താന്‍ രക്ഷപ്പെട്ടത്. ഭീകരര്‍ ഓരോരുത്തരെയായി മരത്തില്‍ കെട്ടിയിട്ട് തലയ്ക്കു വെടിവച്ചു കൊല്ലുകയായിരുന്നു. അവിടെ അഞ്ച് കന്യാസ്ത്രീകളുണ്ടെന്ന സൂചന ലഭിച്ച ഭീകരര്‍ തനിക്കു വേണ്ടി എല്ലായിടത്തും പരതി. സിസിലിയെ തേടി ഐസിസുകാര്‍ മൂന്നു വട്ടം റഫ്രിജറേറ്റര്‍ റൂമിലേക്കു വന്നു. എന്നാല്‍, ഒളിച്ചിരുന്നതിനാലും ഭാഗ്യം തുണച്ചതുകൊണ്ടുമാണ് രക്ഷപ്പെടാന്‍ സാധിച്ചതെന്നും ഇവര്‍ വെളിപ്പെടുത്തി. വൈദികന്‍ എവിടെയാണുള്ളതെന്ന് അറിയില്ലെന്നും യമനിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.54കാരനായ ഫാ. ടോം സലേഷ്യന്‍ സഭാംഗമാണ്. രാമപുരം ഉഴുന്നാലില്‍ പരേതരായ വര്‍ഗീസ്- ത്രേസ്യാക്കുട്ടി ദമ്പതികളുടെ മകനാണ്.

 

മുഖ്യമന്ത്രി ഇന്ന് സുഷമയെ കാണും

ന്യൂഡല്‍ഹി: യെമനില്‍ ഐഎസ് തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ടോം ഉഴുന്നാലിനെ മോചിപ്പിക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി ചര്‍ച്ച നടത്തും. വൈദികനെ കൊലപ്പെടുത്തിയെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് മുഖ്യമന്ത്രി സുഷമയെ കാണുന്നത്. മാര്‍ച്ച് നാലിനാണ് യമനിലെ മിഷണറീസ് ഓഫ് ചാരിറ്റി ഹോമിലുണ്ടായ ആക്രമണത്തിനു പിന്നാലെ 56കാരനായ വൈദികനെ കാണാതായത്. ലിബിയയില്‍ ഷെല്ലാക്രമണത്തില്‍ മരിച്ച വെളിയന്നൂര്‍ സ്വദേശി സുനു, മകന്‍ പ്രണവ് എന്നിവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതു സംബന്ധിച്ചും മന്ത്രി സുഷമയുമായി സംസാരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതോടൊപ്പം ലിബിയയില്‍ നിന്ന് നാട്ടിലേക്കു മടങ്ങാന്‍ തയ്യാറുള്ള മലയാളികള്‍ക്ക് അതിനുള്ള സൗകര്യമൊരുക്കുന്നതു സംബന്ധിച്ചും ചര്‍ച്ച നടത്തും. റഷ്യയിലെ വിമാനാപകടത്തില്‍ കൊല്ലപ്പെട്ട മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതു വേഗത്തിലാക്കാനും വിദേശകാര്യ മന്ത്രിയോട് അഭ്യര്‍ഥിക്കും.

 

നടപടി സ്വീകരിച്ചെന്ന്  കെ സി ജോസഫ്

തിരുവനന്തപുരം: യമനിലെ തീവ്രവാദികളുടെ പിടിയില്‍ കഴിയുന്ന ഫാ. ടോം ഉഴുന്നാലിനെ മോചിപ്പിക്കാന്‍ അടിയന്തര നടപടികള്‍ കേന്ദ്ര- സംസ്ഥാന ഗവണ്‍മെന്റുകള്‍ സ്വീകരിച്ചതായി മന്ത്രി കെ സി ജോസഫ്. കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി ഈ കാര്യം ഒന്നിലേറെ തവണ മുഖ്യമന്ത്രി സംസാരിച്ചിട്ടുണ്ട്. തീവ്രവാദി ഗ്രൂപ്പുമായി അനൗപചാരികമായി ബന്ധപ്പെടാന്‍ ഗവണ്‍മെന്റിന്റെ ഭാഗത്ത് ശ്രമം നടത്തുന്നുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ ഇപ്പോള്‍ നിവൃത്തിയില്ലെന്നും മന്തി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 126 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക