|    Jul 16 Mon, 2018 6:21 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഫാ. ടോം മോചനത്തിനായി യാചിക്കുന്ന വീഡിയോ പുറത്തുവന്നത് രണ്ടുതവണ

Published : 13th September 2017 | Posted By: fsq

 

കോട്ടയം: യമനില്‍ സായുധസംഘം തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ഫാദര്‍ ടോം ഉഴുന്നാലില്‍ തടവറയില്‍നിന്ന് മോചനത്തിനായി യാചിക്കുന്ന വീഡിയോ പുറത്തുവന്നത് രണ്ടുതവണ. 2016 ഡിസംബറിലും 2017 മെയിലുമായിരുന്നു വീഡിയോ സന്ദേശങ്ങള്‍ പുറത്തുവന്നത്. ജീവന്‍ രക്ഷിക്കണമെന്നു യാചിക്കുന്ന ആദ്യ വീഡിയോ ഫാ. ടോമിന്റെ ആരോഗ്യസ്ഥിതി മോശമാണെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിശദീകരിക്കുന്ന അഞ്ചുമിനിറ്റ് ദൈര്‍ഘ്യമുള്ളതായിരുന്നു. രണ്ടാമത്തെ വീഡിയോയില്‍, മോചനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെയും ബിഷപ്പിന്റെയും പ്രതികരണങ്ങളോടുള്ള അതൃപ്തിയും ഫാദര്‍ ടോം പ്രകടിപ്പിച്ചിരുന്നു. പ്രധാനമന്ത്രിയോടും രാഷ്ട്രപതിയോടും ആവശ്യപ്പെട്ടിട്ടും തന്റെ മോചനത്തിനു യാതൊരു നടപടിയുമുണ്ടാവുന്നില്ല. മോചനത്തിനായുള്ള നടപടികള്‍ വാര്‍ത്തകളില്‍ മാത്രം ഒതുങ്ങുകയാണെന്നും താന്‍ വളരെയേറെ ദുഃഖിതനും നിരാശനുമാണെന്നും വീഡിയോയില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു. തന്നെ രക്ഷിക്കുന്നതിനു സഭയുടെയും സര്‍ക്കാരുകളുടെയും ഭാഗത്തുനിന്ന് അടിയന്തര നടപടികളുണ്ടാവണം. താനൊരു ഇന്ത്യാക്കാരനായതിനാലാണ് ഈ അവസ്ഥ നേരിടേണ്ടിവന്നത്. തന്റെ ആരോഗ്യനില ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്. എന്നെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കേണ്ടതുണ്ട്. ചികില്‍സ അത്യാവശ്യമാണ്. ഇന്ത്യന്‍ സര്‍ക്കാരുമായി ബന്ധപ്പെടാന്‍  പലതവണ ശ്രമിച്ചു. പക്ഷേ, അവരുടെ പ്രതികരണം നിരാശാജനകമാണ്. ബിഷപ്പിനെയും സമീപിച്ചു. അവിടെനിന്നുമുണ്ടായ പ്രതികരണവും മികച്ചതായിരുന്നില്ല. പ്രിയപ്പെട്ട സുഹൃത്തുക്കളേ, ബന്ധുക്കളേ, ദയവായി എന്റെ മോചനത്തിനായി നിങ്ങളാല്‍ കഴിയുന്നത് ചെയ്യുക. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടേ എന്നതായിരുന്നു സന്ദേശം. രാമപുരം സ്വദേശിയും സലേഷ്യന്‍ വൈദികനുമായ ഫാ. ടോം ഉഴുന്നാ—ലിനെ 2016 മാര്‍ച്ച് നാലിനാണു ഏദനില്‍നിന്നു സായുധസംഘം തട്ടിക്കൊണ്ടുപോവുന്നത്. ഇതിനു പിന്നാലെ ടോമിന്റെ മോചനമാവശ്യപ്പെട്ട് ജനപ്രതിനിധികളും സഭാനേതൃത്വവുമടക്കമുള്ളവര്‍ കേന്ദ്രസര്‍ക്കാരിനെ നിരവധി തവണ സമീപിച്ചിരുന്നു. ഇതിനിടെ, ഫാ. ടോം ഉഴുന്നാലില്‍ ജീവനോടെയുണ്ടെന്നും അദ്ദേഹത്തിന്റെ മോചനത്തിനായി യമന്‍ സര്‍ക്കാര്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്നും യമന്‍ ഉപപ്രധാനമന്ത്രി അബ്ദുല്‍മാലിക് അബ്ദുല്‍ജലീല്‍ അല്‍ മെഖ്‌ലാഫി 2017 ജൂലൈ 12ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍, അദ്ദേഹത്തിന്റെ മോചനം പിന്നെയും നീളുകയായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss