|    Dec 10 Mon, 2018 9:30 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഫാ. അഗസ്റ്റിന്‍ വട്ടോലിക്ക് സഭാ നേതൃത്വം കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു

Published : 23rd November 2018 | Posted By: kasim kzm

കൊച്ചി:കന്യാസ്ത്രീയെ ലൈം ഗികമായി പീഡിപ്പിച്ച ബിഷപ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരരംഗത്തുണ്ടായിരുന്ന എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികനായ ഫാ. അഗസ്റ്റിന്‍ വട്ടോലിക്ക് സഭാ നേതൃത്വത്തിന്റെ കാരണം കാണിക്കല്‍ നോട്ടീസ്. എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്ത്, ചാന്‍സലര്‍ ഫാ. ജോസ് പൊള്ളയില്‍ എന്നിവരാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഈ മാസം 11നാണ് നോട്ടീസ് നല്‍കിയത്.
കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം 14ന് സേവ് അവര്‍ സിസ്റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സെക്രേട്ടറിയറ്റ് മാര്‍ച്ച് നടത്തിയിരുന്നു. ഈ സമിതിയുടെ കണ്‍വീനറാണ് ഫാ. അഗസ്റ്റിന്‍ വട്ടോലി. സെക്രട്ടേറിയറ്റ് പടിക്കല്‍ നടന്ന സമരത്തില്‍ ഫാ. അഗസ്റ്റിന്‍ വട്ടോലി പങ്കെടുക്കുകയും ചെയ്തിരുന്നു. സമരത്തില്‍ നിന്നു പിന്മാറണമെന്നായിരുന്നു സഭാ നേതൃത്വം 11ന് അദ്ദേഹത്തിനു നല്‍കിയ നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്ന ഒന്നാമത്തെ കാര്യം.
വൈദികന്റെ നേതൃത്വത്തി ല്‍ ഇത്തരത്തിലൊരു നടപടിയുണ്ടാകുന്നത് സഭയ്ക്ക് പൊതുസമൂഹത്തില്‍ ഗുരുതരമായ അപകീര്‍ത്തിയുണ്ടാകാന്‍ കാരണമാവുമെന്നും അതിനാല്‍ ഇത്തരം നടപടികളില്‍ നിന്നു മാറി നില്‍ക്കണമെന്ന് ശക്തമായി ആവശ്യപ്പെടുകയാണെന്നും ഇതിനു വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ കാനോനിക നിയമം അനുസരിച്ചുള്ള സഭാ നടപടികള്‍ നേരിടേണ്ടിവരുമെന്നും കത്തി ല്‍ വ്യക്തമാക്കുന്നു. സഭ അനുശാസിക്കുന്ന വിധത്തില്‍ വിശുദ്ധ കുര്‍ബാനയില്‍ ഫാ. അഗസ്റ്റിന്‍ വട്ടോലി വിരളമായിട്ടാണ് പങ്കെടുക്കുന്നതെന്നും, പ്രസംഗവും പ്രവൃത്തികളും സഭാ നേതൃത്വത്തിന് എതിരാണെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു.
സഭയ്‌ക്കെതിരേ നിലപാട് സ്വീകരിക്കുന്നവരുമായും തീവ്രനിലപാടുള്ളവരും നിരീശ്വരവാദികളുമായും ഫാ. അഗസ്റ്റിന്‍ വട്ടോലി അടുത്തു ബന്ധം പുലര്‍ത്തുന്നതായും നോട്ടീസില്‍ വ്യക്തമാക്കുന്നു. മാതാവിന്റെ മടിയില്‍ യേശുക്രിസ്തു കിടക്കുന്ന പ്രതിമയായ സ്റ്റാച്യൂ ഓഫ് പിയാത്തയെ നിന്ദിക്കുന്ന വിധത്തില്‍ മാതാവിന്റെ മടിയില്‍ കന്യാസ്ത്രീ കിടക്കുന്ന വിധത്തിലുള്ള പോസ്റ്റര്‍ സെക്രേട്ടറിയറ്റ് മാര്‍ച്ചിന്റെ ഭാഗമായി അവതരിപ്പിച്ചുവെന്നും ഇത് കാനോന്‍ നിയമപ്രകാരം കുറ്റകരമാണെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു. ഇക്കാര്യങ്ങളിലെല്ലാം ഈ മാസം 25നകം വിശദീകരണം നല്‍കണമെന്നും ഇത് തൃപ്തികരമല്ലെങ്കില്‍ സഭാ നിയമപ്രകാരമുള്ള അച്ചടക്ക നടപടി നേരിടേണ്ടിവരുമെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു.
സമൂഹത്തില്‍ ഏതൊരു നീതിനിഷേധത്തിനെതിരേയും എന്നും ശക്തമായ നിലപാട് സ്വീകരിച്ചിട്ടുള്ള വ്യക്തിയാണ് ഫാ. അഗസ്റ്റിന്‍ വട്ടോലിയെന്നും അദ്ദേഹത്തിനെതിരേ നടപടി സ്വീകരിക്കാനുള്ള നീക്കത്തില്‍ നിന്ന് എറണാകുളം-അങ്കമാലി അതിരൂപതാ നേതൃത്വം പിന്മാറണമെന്നും എറണാകുളം-അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വിശ്വാസികള്‍ ചേര്‍ന്നു രൂപീകരിച്ചിരിക്കുന്ന ആര്‍ച്ച് ഡയോഷ്യന്‍ മൂവ്‌മെന്റ് ഫോര്‍ ട്രാന്‍സ്പരന്‍സി (എഎംടി) നേതാക്കള്‍ പറഞ്ഞു. ഫാ. അഗസ്റ്റിന്‍ വട്ടോലിയെ കുടുക്കാനാണ് അതിരൂപതാ നേതൃത്വം ശ്രമിക്കുന്നത്. ഇതില്‍ നിന്നു പിന്മാറിയില്ലെങ്കില്‍ എഎംടിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും കേരള സമൂഹവും അല്‍മായരും ഫാ. അഗസ്റ്റിന്‍ വട്ടോലിക്കൊപ്പമുണ്ടാകുമെന്നും എഎംടി നേതാക്കള്‍ പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss