|    Dec 11 Tue, 2018 1:28 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഫാ. അഗസ്റ്റിന്‍ വട്ടോലിക്കു കാരണംകാണിക്കല്‍ നോട്ടീസ്: സഭാ നേതൃത്വം നടപടി റദ്ദാക്കണമെന്ന് എഎംടി

Published : 25th November 2018 | Posted By: kasim kzm

കൊച്ചി: കത്തോലിക്ക സഭയിലെ കൊള്ളരുതായ്മകള്‍ ചൂണ്ടിക്കാട്ടിയ ഫാ. അഗസ്റ്റിന്‍ വട്ടോലിക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയ സഭാ നടപടി റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എറണാകുളം-അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വിശ്വാസികള്‍ ചേര്‍ന്ന് രൂപീകരിച്ചആര്‍ച്ച് ഡയസിയന്‍ മൂവ്‌മെന്റ് ഓഫ് ട്രാന്‍സ്പരന്‍സി (എഎംടി)രംഗത്ത്. സഭയിലെ അനീതി ചൂണ്ടിക്കാട്ടുന്നവരെ അടിച്ചമര്‍ത്തുന്നതില്‍ നിന്ന് സഭ പിന്മാറണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും എഎംടി നേതാക്കള്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റ് പടിക്കലേക്ക് സേവ് ഔര്‍ സിസ്റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍ (എസ്ഒഎസ്) പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്തതിന് വിശദീകരണം ചോദിച്ചാണ് ഫാ. അഗസ്റ്റിന്‍ വട്ടോലിക്ക് എറണാകുളം-അങ്കമാലി അതിരൂപതാ നേതൃത്വം നോട്ടീസ് നല്‍കിയത്. സഭയ്‌ക്കെതിരേയുള്ള സമരമല്ലെന്ന് ആവര്‍ത്തിച്ചു പറഞ്ഞിട്ടും സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരേ പ്രതികാര നടപടികള്‍ തുടരുകയാണ്. നേരത്തെ പല ജനകീയ സമരങ്ങള്‍ക്കും മുന്നിട്ടിറങ്ങിയിട്ടുള്ള ഫാ. അഗസ്റ്റിന്‍ വട്ടോലിയെ പിന്തുണച്ചിട്ടുള്ള കത്തോലിക്ക സഭാ ഇപ്പോള്‍ എതിര്‍ചേരിയിലേക്ക് മാറി തള്ളിപ്പറയുകയാണ്.
എഎംടി കേരളസമൂഹത്തിന് മുന്നില്‍ ഇതുവരെ രണ്ടു പ്രധാന പ്രശ്‌നങ്ങളെയാണ് അവതരിപ്പിച്ചത്. അവ രണ്ടിലും ആരോപണ വിധേയരായ ബിഷപ്പുമാര്‍ക്കെതിരേ നടപടികളുണ്ടായി. ഭൂമി കുംഭകോണം നടത്തിയ കര്‍ദ്ദിനാളിനെതിരേ മാര്‍പാപ്പ നടപടിയെടുത്തു. ബിഷപ് ഫ്രാങ്കോയ്‌ക്കെതിരേ പോലിസ് നടപടി കൂടാതെ വത്തിക്കാനില്‍ നിന്നു മാര്‍പാപ്പയുടെ നടപടിയും ഉണ്ടായി. ഈ രണ്ടു വിഷയങ്ങളും അതിന്റെ തുടര്‍ നടപടികളും ഉണ്ടാക്കിയ അങ്കലാപ്പി ല്‍ നിന്ന് മോചിതരാവാത്ത മെത്രാന്മാര്‍ വൈരാഗ്യബുദ്ധിയോടെ എതിര്‍ശബ്ദങ്ങള്‍ അടിച്ചമര്‍ത്താന്‍ നോക്കുന്നതിന്റെ സൂചനകളാണ് ഇപ്പോള്‍ സഭയില്‍ കാണുന്നത്. അതിന് കാരണം സീറോ മലബാര്‍ സഭയിലുള്‍പ്പെടെ കേരള കത്തോലിക്കാ സഭയിലെ വിവിധ ഇടങ്ങളിലുള്ള തുടര്‍ ചലനങ്ങളാണ്.
സഭയിലെ ദുഷ്പ്രവര്‍ത്തികള്‍ ചൂണ്ടിക്കാട്ടുകയും കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച ബിഷപ് ഫ്രാങ്കോയ്‌ക്കെതിരേ സമരം നയിക്കുകയും ചെയ്തതിലുള്ള പ്രതികാര നടപടിയാണ്് ഫാ. അഗസ്റ്റിന്‍ വട്ടോലിക്കെതിരേ നടത്തുന്നത്. ഇതിനെതിരേ വിശ്വാസി സമൂഹത്തെ അണിനിരത്തി സമരം ചെയ്യും. കാഞ്ഞിരപ്പള്ളി, പാല, തൃശൂര്‍, മാനന്തവാടി രൂപതകളില്‍ ഉയര്‍ന്നുവന്ന അഴിമതി ആരോപണങ്ങളില്‍ വിശ്വാസസമൂഹം അസ്വസ്ഥരാണ്. ആരോപണ വിധേയരായി സഭാ നടപടികള്‍ നേരിടുന്ന ബിഷപ്പുമാരുടെ പേരുകള്‍ വിശുദ്ധ കുര്‍ബാനയില്‍ ഉപയോഗിക്കാതിരിക്കുക, ഓരോ രൂപതയിലും ലൈംഗിക, സാമ്പത്തിക ആരോപണങ്ങള്‍ അന്വേഷിക്കാന്‍ അല്‍മായര്‍ക്ക് മുന്‍തൂക്കമുള്ള ഇന്റേണല്‍ കം പ്ലയന്റ് സെല്‍ രൂപീകരിക്കുക, സാമ്പത്തിക ഇടപാടുകളില്‍ കാനന്‍ നിയമങ്ങളും സിവില്‍ നിയമങ്ങളും കര്‍ശനമായി പാലിക്കുക തുടങ്ങിയ ആവശ്യങ്ങളും സമരസമിതി ഉന്നയിച്ചു. വിശ്വാസവഞ്ചന, ക്രിമിനല്‍ ഗൂഢാലോചന, സാമ്പത്തിക തിരിമറി എന്നീ കുറ്റങ്ങള്‍ ആരോപിക്കപ്പെട്ട കര്‍ദിനാള്‍ ആലഞ്ചേരിയെയും ലൈംഗിക പീഡനത്തിന് കുറ്റാരോപിതനായി ആദ്യമായി ജയിലില്‍ അടയ്ക്കപ്പെട്ട കത്തോലിക്കാ മെത്രാന്‍ ഫ്രാങ്കോയെയും സഭയുടെ ചുമതലകളില്‍ നിന്നു നീക്കം ചെയ്യണമെന്നും എഎംടി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
വിഷയത്തില്‍ സിറോ മലബാര്‍ സിനഡും കത്തോലിക്ക മെത്രാന്‍ സമിതി (കെസിബിസി)യും അനുകൂല തീരുമാനമെടുത്തില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നും എഎംടി നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. എംഎംടി നേതാക്കളായ റിജു കാഞ്ഞൂക്കാരന്‍, ഷൈജു ആന്റണി, ജെക്‌സ് നെറ്റിക്കാടന്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss