|    Mar 25 Sun, 2018 10:47 am
Home   >  Todays Paper  >  page 7  >  

ഫാഷിസ്റ്റ് വിരുദ്ധ വിശാല ഐക്യത്തിന് ശ്രമിക്കും : മില്ലി കൗണ്‍സില്‍

Published : 22nd September 2017 | Posted By: fsq

 

ബംഗളൂരു: ഫാഷിസ്റ്റ് വിരുദ്ധ ചേരികളുടെ വിശാല ഐക്യം കെട്ടിപ്പടുക്കുകയും ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മതേതര-മതന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിക്കാന്‍ നേതൃത്വം നല്‍കുകയും ചെയ്യുമെന്ന് ബംഗളൂരുവില്‍ ചേര്‍ന്ന ഓള്‍ ഇന്ത്യ മില്ലി കൗണ്‍സില്‍ വര്‍ക്കിങ് കമ്മിറ്റി തീരുമാനിച്ചു. മുസ്‌ലിംകളെ പിശാചുവല്‍ക്കരിച്ചുകൊണ്ട് ഭീകരതയുടെ ഇരകളാക്കാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശ്രമം നടക്കുന്നതായി ഡോ. മന്‍സൂര്‍ ആലം പറഞ്ഞു. റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളുടെ മാനുഷിക പ്രശ്‌നത്തെ പോലും മുസ്‌ലിം തീവ്രവാദത്തിന്റെ ഭീഷണി ചാര്‍ത്തി മുതലെടുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. 2019ലെ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് മത ന്യൂനപക്ഷങ്ങളെയും മതേതര രാഷ്ട്രീയത്തെയും ശിഥിലമാക്കുകയും വിദ്വേഷത്തിന്റെ അടിത്തറയില്‍ ഹിന്ദു ഏകീകരണം ലക്ഷ്യമിടുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹാദിയ എന്ന യുവതി സ്വമേധയാ ഇസ്‌ലാം സ്വീകരിച്ച സംഭവം അവരുടെ വാദം കേള്‍ക്കുന്നതിനു മുമ്പ് അവരുടെ പിതാവിന്റെ കസ്റ്റഡിയില്‍ വിടുകയും എന്‍ഐഎ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തത് ജുഡീഷ്യറിയില്‍ വര്‍ധിച്ചുവരുന്ന കാവിവല്‍ക്കരണത്തിന്റെ ലക്ഷണമാണെന്ന് അഡ്വ. യൂസുഫ് മുച്ചാല വ്യക്തമാക്കി. മുസ്‌ലിം സമുദായത്തെ ഭയപ്പെടുത്തി ശിഥിലീകരിക്കാനുള്ള സംഘപരിവാര ആളുകളുടെ ആദ്യപടിയാണ് സംഘടനകളെയും നേതാക്കളെയും അപകീര്‍ത്തിപ്പെടുത്തുകയും തടയുകയും ചെയ്യുന്നതെന്ന് ഇ എം അബ്ദുറഹ്മാന്‍ പറഞ്ഞു. മുന്‍ ബിജെപി സര്‍ക്കാര്‍ സിമിയുടെ കാര്യത്തിലും മോദി സര്‍ക്കാര്‍ ഡോ. സാക്കിര്‍ നായിക്കിനെതിരെയും നടപ്പാക്കിയ നയം വ്യാപിപ്പിക്കാനുള്ള ഹിന്ദുത്വ സര്‍ക്കാരിന്റെ നീക്കങ്ങള്‍ പ്രതിരോധിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് മൗലാനാ അബ്ദുല്ല ഖുറൈശി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഡോ. മുഹമ്മദ് മന്‍സൂര്‍ ആലം വിഷയാവതരണം നടത്തി. മില്ലി കൗണ്‍സില്‍ വൈസ് പ്രസിഡന്റായിരുന്ന മൗലാനാ മുഫ്തി അശ്‌റഫലി ബാഫഖിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടാണ് യോഗം ആരംഭിച്ചത്. വര്‍ക്കിങ് കമ്മിറ്റി അംഗങ്ങള്‍ക്കു പുറമേ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളും സംബന്ധിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss