|    Oct 21 Sun, 2018 10:19 pm
FLASH NEWS
Home   >  Editpage  >  Editorial  >  

ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ ഇടതുപക്ഷം

Published : 20th September 2017 | Posted By: fsq

 

ഇടതുപക്ഷത്തിന് തനിച്ചു ബിജെപിയെ ചെറുക്കാന്‍ കഴിയില്ലെന്നും മതേതര ജനാധിപത്യ കാഴ്ചപ്പാടുള്ള എല്ലാ കക്ഷികളുടെയും കൂട്ടായ്മ അതിന് ആവശ്യമാണെന്നുമുള്ള സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവന പാര്‍ട്ടി കൈക്കൊണ്ടുപോരുന്ന നയസമീപനങ്ങളുടെ തുടര്‍ച്ചയാണ്. കോണ്‍ഗ്രസ്സിന് സിപിഎം കല്‍പിക്കുന്ന അയിത്തം അവസാനിപ്പിക്കണമെന്നാണ് ഈ നിലപാടിന്റെ പൊരുള്‍. അതില്‍ വലിയൊരളവോളം ശരിയുണ്ടുതാനും. ദേശീയതലത്തില്‍ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ പ്രതിയോഗി കോണ്‍ഗ്രസ്സാണെന്നതില്‍ തര്‍ക്കമില്ല. കോണ്‍ഗ്രസ്മുക്ത ഭാരതമെന്ന് മോദിയും കൂട്ടരും ആവര്‍ത്തിച്ചു പറയുന്നതില്‍ നിന്ന് അവരുടെ അജണ്ട വ്യക്തവുമാണ്. ഈ സാഹചര്യത്തില്‍ സാമ്പത്തിക നിലപാടുകളിലും മറ്റും കോണ്‍ഗ്രസ്സിനോടുള്ള വിയോജിപ്പ് മാറ്റിവച്ച് ഫാഷിസത്തോടുള്ള പോരാട്ടത്തില്‍ അവരുമായി സഹകരിക്കുക എന്നതുതന്നെയായിരിക്കണം ഇടതുപക്ഷ നയം. എന്നാല്‍, മതേതര ജനാധിപത്യ കാഴ്ചപ്പാടുള്ള എല്ലാ കക്ഷികളുടെയും കൂട്ടായ്മ എന്നത് വെറും രാഷ്ട്രീയസഖ്യങ്ങളില്‍ ഒതുക്കിക്കൂടാ. കോണ്‍ഗ്രസ്സിനെയും സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിലെ വിവിധ കക്ഷികളെയും ഇതര രാഷ്ട്രീയപ്പാര്‍ട്ടികളെയുമൊക്കെ അണിനിരത്തി ഒരു മഹാസഖ്യം തട്ടിക്കൂട്ടി യുദ്ധത്തിനിറങ്ങിയാല്‍ തോല്‍പിക്കാവുന്ന ഒന്നല്ല കാവിരാഷ്ട്രീയം. കാവിരാഷ്ട്രീയത്തിനെതിരായുള്ള യുദ്ധത്തിനിറങ്ങുമ്പോള്‍ പ്രാഥമികമായി വേണ്ടത് രാജ്യത്ത് നിലവിലുള്ള രാഷ്ട്രീയ സാഹചര്യം തിരിച്ചറിയുകയാണ്. രാജ്യം മുഴുവനും ജയിലായി മാറി എന്ന് കെ സച്ചിദാനന്ദന്‍ പറഞ്ഞത് അത്യുക്തിയല്ല. ഭരണഘടനയെ ഫാഷിസ്റ്റ് ശക്തികള്‍ നിശ്ശബ്ദമാക്കിക്കഴിഞ്ഞു. ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷിതത്വബോധം നഷ്ടപ്പെട്ടിരിക്കുന്നു. ഹൈന്ദവ മതാധിപത്യം അടിച്ചേല്‍പിക്കുന്ന ഫാഷിസത്തിന്റെ വളര്‍ച്ചയ്ക്കനുസൃതമായി കോടതികളും മാധ്യമങ്ങളും പൊതുബോധവുമെല്ലാം ന്യൂനപക്ഷ വിരുദ്ധവും ദലിത് വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ സമീപനങ്ങളിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണ്. എതിര്‍നിലപാട് പുലര്‍ത്തുന്നവരെ ഇല്ലായ്മ ചെയ്യാന്‍ ഈ ശക്തികള്‍ക്ക് യാതൊരു മടിയുമില്ലെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഗൗരി ലങ്കേഷ്. ഈ സാഹചര്യത്തില്‍, ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥയെ എപ്രകാരം എതിര്‍ത്തു തോല്‍പിച്ചുവോ അതേ രീതിയില്‍ ഒറ്റക്കെട്ടായി നിന്ന് ഹൈന്ദവ ഫാഷിസത്തെ തോല്‍പിക്കണം. ഒരു ചേരി മാത്രമേ ഫാഷിസത്തെ എതിര്‍ക്കാന്‍ നാട്ടിലുണ്ടാകാവൂ; കാവിരാഷ്ട്രീയത്തെ എതിര്‍ക്കുന്ന എല്ലാ ആളുകളും ചേര്‍ന്ന ഫാഷിസ്റ്റ് വിരുദ്ധ ചേരി. ആ ചേരിയോടൊപ്പമായിരിക്കണം ഇടതുപക്ഷം കൈകോര്‍ക്കേണ്ടത്. ഇടതുപക്ഷം കാലികമായ ഈ ആവശ്യം വേണ്ട രീതിയില്‍ മനസ്സിലാക്കിയിട്ടില്ല. മതേതരത്വത്തെക്കുറിച്ചുള്ള ചില മിഥ്യാസങ്കല്‍പങ്ങള്‍ക്കടിപ്പെട്ട് ന്യൂനപക്ഷങ്ങളുടെയും ദലിതുകളുടെയും മറ്റ് അധഃസ്ഥിതരുടെയും അവകാശങ്ങളെ അംഗീകരിക്കാന്‍ മടികാണിക്കുകയാണ് ഇടതുപക്ഷം ഇപ്പോഴും. ന്യൂനപക്ഷ ജനതയുടെ സ്വത്വബോധം ഉള്‍ക്കൊള്ളാനുള്ള മനോവിശാലത ഇടതുപക്ഷത്തിനില്ല. ദലിത് രാഷ്ട്രീയത്തിന്റെ യഥാര്‍ഥ വിവക്ഷകള്‍ അവര്‍ ഉള്‍ക്കൊള്ളുന്നില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss