|    Apr 26 Thu, 2018 12:05 am
FLASH NEWS
Home   >  Editpage  >  Lead Article  >  

ഫാഷിസ്റ്റ് കാലത്തെ പാരസ്പര്യങ്ങള്‍

Published : 6th January 2016 | Posted By: SMR

കെ കെ ബാബുരാജ്

‘അമാനവസംഗമം’ നടക്കുന്നത് എറണാകുളത്തു നടന്ന മനുഷ്യസംഗമത്തോടുള്ള വിയോജിപ്പെന്ന നിലയിലും കൂടിയാണ്. മേല്‍ജാതിക്കാരായ ആധുനികര്‍, ഇടതുപക്ഷ വരേണ്യര്‍, മുഖ്യധാരാ മാധ്യമപ്രവര്‍ത്തകര്‍, ഫിലിം മേഖലയിലെയും മറ്റും സെലിബ്രിറ്റികള്‍ മുതലായവര്‍ പങ്കെടുക്കുന്ന ആ കൂടിച്ചേരല്‍ ഉന്നയിക്കുന്ന ‘മനുഷ്യസങ്കല്‍പം’ എന്നത് ചെറുക്കപ്പെടേണ്ടതായി നമ്മള്‍ കരുതുന്നു. മാത്രമല്ല, ഇന്ത്യന്‍ സമൂഹത്തിലെ ഭരണവര്‍ഗം കാണിക്കുന്ന ചില എക്‌സ്‌ക്ലൂഷനുകള്‍, ബഹിഷ്‌കരണങ്ങള്‍, പുറത്തുനിര്‍ത്തലുകള്‍ എന്നിവ ആ സമ്മേളനത്തിലും ഉണ്ടെന്നതിന്റെ പശ്ചാത്തലത്തിലുമാണ് നമ്മള്‍ അതിനോട് വിയോജിക്കുന്നത്.
ഇന്ത്യയില്‍ ഫാഷിസം നിരന്തരം ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വാക്കാണ്. ഫാഷിസം ആസന്നമായിരിക്കുന്നു എന്ന കാര്യത്തെ എല്ലാവരും അഭിമുഖീകരിക്കുന്നുണ്ട്. എന്നാല്‍, യൂറോപ്പില്‍ ഉണ്ടായതില്‍ നിന്നു വ്യത്യസ്തമായാണ് ഇവിടെ അതു കാണപ്പെടുന്നത്. യൂറോപ്പില്‍ ഫാഷിസം ഒരു രാഷ്ട്രീയ പ്രക്രിയയായാണ് ആരംഭിച്ചത്. അതേപോലെയല്ല ഇവിടെ സംഭവിക്കുന്നത്. അതായത്, ഇവിടത്തെ രാഷ്ട്രീയ സംഘടനകളെ നിരോധിച്ചും നേതാക്കന്മാരെ തടവറയിലിട്ടും അഭിപ്രായ സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിട്ടുമല്ല ഫാഷിസം വളരുന്നത്. മറിച്ച്, ചില മതസമൂഹങ്ങളെയും ജാതിസമൂഹങ്ങളെയും ഒറ്റതിരിച്ചുകൊണ്ട് സാമുദായികമായ അടിസ്ഥാനത്തിലാണ് അതു പ്രവര്‍ത്തിക്കുന്നത്.
ഈ എക്‌സ്‌ക്ലൂഷന്‍ കൂടുതലായും മുസ്‌ലിം ജനവിഭാഗങ്ങളോടും പിന്നീട് ദലിതരോടുമാണെന്ന കാര്യം എല്ലാവര്‍ക്കും അറിയാം. എന്നിട്ടും മുസ്‌ലിം സംഘടനകളെയും രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും പുറത്തുനിര്‍ത്തിക്കൊണ്ടും ദലിതരിലെ ചില പ്രത്യേക ആള്‍ക്കാരെ ഇനംതിരിച്ചും ഫാഷിസ്റ്റ് വിരുദ്ധ കൂട്ടായ്മ ഉണ്ടാക്കുക എന്നതിനര്‍ഥം അതു പൊള്ളയായ, വരേണ്യമായ ഒരു ഇടപാടാണെന്നതു മാത്രമാണ്.
ഇന്ത്യയില്‍ സംഘപരിവാരം അധികാരത്തിലേറുമ്പോള്‍ നിലനില്‍ക്കുന്ന സാമൂഹിക വ്യവസ്ഥയെ അധികം ഉലയ്ക്കുന്ന വിധത്തിലുള്ള നടപടികള്‍ കൈക്കൊള്ളാറില്ലെന്നതു ശ്രദ്ധേയമാണ്. ഇതേസമയം, മുസ്‌ലിം ജനസമൂഹത്തിനു സവിശേഷമായ ചില തകര്‍ച്ചകള്‍ രൂപപ്പെടുത്തുന്നുണ്ട്. അവരെ ഒറ്റപ്പെടുത്തുകയും പുറന്തള്ളുകയും ചെയ്യുന്നുണ്ട്. നാളെ നരേന്ദ്ര മോദി സര്‍ക്കാര്‍ നിലംപതിച്ചാലും മുസ്‌ലിം സമൂഹത്തിന്റെ തകര്‍ച്ച തുടരുമെന്നതിനെയാണ് നാം ഫാഷിസമായി തിരിച്ചറിയേണ്ടത്. അവിടെയാണ് ആദ്യം സൂചിപ്പിച്ച എക്‌സ്‌ക്ലൂഷന്‍ അല്ലെങ്കില്‍ ഒറ്റതിരിക്കല്‍ പ്രവര്‍ത്തിക്കുന്നത്. അതിനാല്‍, ഫാഷിസത്തെ എതിര്‍ത്തുകൊണ്ടുള്ള ഏതൊരു സമരത്തിലും കൂട്ടായ്മയിലും അതിന്റെ കെടുതികള്‍ നേരിട്ട് അനുഭവിക്കുന്ന ജനവിഭാഗങ്ങളുടെ പ്രതിനിധികളെ പങ്കെടുപ്പിക്കണമെന്നത് അനിവാര്യമാണ്.
എന്നാല്‍, നമ്മുടെ പുരോഗമന വീക്ഷണക്കാര്‍ മതത്തെയും ജാതിയെയുമൊക്കെ താഴ്ന്ന ഇടങ്ങളായി കാണുന്നവരാണ്. ഇസ്‌ലാംമതമാണെങ്കില്‍ അവര്‍ക്ക് ആധുനികതയ്ക്കു മുമ്പുള്ള അപരിഷ്‌കൃതരുടെ ലോകമാണ്. അതിനാല്‍, ഫാഷിസ്റ്റ് വിരുദ്ധ കാംപയിനില്‍ ഇസ്‌ലാം മതവുമായി ബന്ധപ്പെട്ടവരെ പങ്കെടുപ്പിക്കുകയെന്നത് അവര്‍ക്ക് അചിന്ത്യമാണ്. ഹിന്ദുത്വവാദികള്‍ എന്നു പറയപ്പെടുന്നവരും പുരോഗമനകാരികളും ബഹിഷ്‌കരണം എന്ന വിഷയത്തില്‍ പലപ്പോഴും ഒന്നിക്കുന്നവരാണെന്ന വസ്തുതയാണ് നമ്മെ ആശങ്കപ്പെടുത്തുന്നത്.
ഇന്ത്യയില്‍ നിലനില്‍ക്കുന്ന ലിബറല്‍ ജനാധിപത്യത്തെ നയിക്കുന്നത് മതേതര ഭരണവര്‍ഗം എന്ന ഒരു ഉന്നത വിഭാഗമാണ്. സംഘപരിവാരം ഭരിച്ചാലും ഇടതുപക്ഷം ഭരിച്ചാലും മേല്‍പറഞ്ഞ വര്‍ഗത്തിന്റെ മേല്‍ക്കൈ നഷ്ടപ്പെടില്ല. അതിനു കാരണം, ഇന്ത്യയിലെ ഹൈന്ദവ അധീശത്വ മനോഘടനയുടെ ഒരു ഭാഗമാണ് അവര്‍ എന്നതുതന്നെ. മതേതരരായി സ്വയം പ്രഖ്യാപിച്ചിരിക്കുന്ന നമ്മുടെ ഭരണവര്‍ഗം ഒരുവിധത്തിലും മതേതരരല്ല. മറിച്ച്, അവര്‍ തങ്ങളുടെ ഹൈന്ദവ ജാതിമേധാവിത്വത്തെ സമ്പുഷ്ടമാക്കി, ജനപ്രിയമാക്കി മാറ്റിയവരാണ്.
ഇന്ത്യയെ ഭരിക്കുന്ന ഇവരുടെ ‘ഫിയര്‍ കോംപ്ലക്‌സാ’ണ് മതം. മതമെന്നാല്‍ ഇസ്‌ലാമും ഇതര മതങ്ങളും എന്നു വായിക്കണം. കാരണം, ഹൈന്ദവത ഒരു സാംസ്‌കാരിക സവിശേഷതയായും ദേശീയതയുടെ പ്രതിനിധാനമായും മാറ്റപ്പെട്ട ഒന്നാണ്.
ഹൈന്ദവതയെയും ഇസ്‌ലാം അടക്കമുള്ള അപരമതങ്ങളെയും ഒന്നായി കാണുന്ന നമ്മുടെ പുരോഗമന ചിന്ത പാളിച്ച നിറഞ്ഞതാണെന്ന കാര്യമാണ് ഇതിലൂടെ വെളിപ്പെടുന്നത്. മാത്രമല്ല, ഭൂരിപക്ഷ മതവര്‍ഗീയതയും ന്യൂനപക്ഷ മതവര്‍ഗീയതയും ഒന്നാണെന്നു പറയുന്നതിലൂടെ, മതവും സാംസ്‌കാരിക ദേശീയതയും വംശീയതയും ജാതിമേധാവിത്വവും ഭരണവര്‍ഗ പദവികളും എല്ലാം കൂട്ടിക്കുഴയ്ക്കുന്ന വിചിത്രമായ സൈദ്ധാന്തികതയാണ് പുരോഗമനപക്ഷം കൈയാളുന്നത്.
ഫാഷിസത്തിനെതിരേ ഐക്യമുന്നണികള്‍ അത്യാവശ്യമാണ്. ഇന്ത്യയിലെ കോണ്‍ഗ്രസ് മുതല്‍ വ്യവസ്ഥാപിത ഇടതുപക്ഷങ്ങള്‍ വരെയുള്ളവര്‍ ഇക്കാര്യത്തില്‍ ഐക്യപ്പെടുന്നുണ്ട്. എന്നാല്‍, അവരെ ദുര്‍ബലപ്പെടുത്തിക്കൊണ്ട് ഹിന്ദുത്വം വളരുക തന്നെയാണ്. തിരഞ്ഞെടുപ്പുകളില്‍ മേല്‍പറഞ്ഞ ഐക്യങ്ങള്‍ ചിലപ്പോള്‍ വിജയിച്ചാലും, ഹിന്ദുത്വം ഒരു പൊതുബോധമായി മാറുന്നതിനെ തടയാന്‍ വ്യവസ്ഥാപിത രാഷ്ട്രീയകക്ഷികളുടെ ഐക്യപ്പെടലുകള്‍ കൊണ്ട് കഴിയില്ലെന്ന് ഉറപ്പാണ്. ഫാഷിസത്തെ തടയാന്‍ ഐക്യമുന്നണികള്‍ വേണമെന്നു പറയുമ്പോള്‍, എല്ലാവരും വ്യവസ്ഥാപിത കക്ഷിരാഷ്ട്രീയ സംഘടനകള്‍ പറയുന്ന സവര്‍ണ മതേതര ചതുരക്കള്ളികളിലെയും തീവ്ര-വിമത ഇടതുപക്ഷ ദിവാസ്വപ്‌നങ്ങളിലേക്കും പിന്‍വലിയുന്നതു കാണാം. ഇവ മാത്രമാണോ സാധ്യത?
സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ നവബുദ്ധിസ്റ്റുകളില്‍ നിന്നുമുണ്ടായ ഒരു മൂവ്‌മെന്റാണ് ദലിത് വാദം. മഹാരാഷ്ട്രയിലും ഇന്ത്യയിലെ മറ്റിടങ്ങളിലും തുടരുന്ന ജാതീയ മര്‍ദ്ദനങ്ങള്‍, എല്ലായിടങ്ങളിലും മുസ്‌ലിംകള്‍ക്കെതിരേ ഉണ്ടായ വംശീയ കലാപങ്ങള്‍, സ്ത്രീകളുടെ രണ്ടാംകിട പൗരത്വം, കാര്‍ഷിക ജനതയുടെ തകര്‍ച്ച, ഭരണകൂട സ്ഥാപനങ്ങളെയും മീഡിയയെയും പോപുലര്‍ കള്‍ചറിനെയും കൈയടക്കിയുള്ള സവര്‍ണതയുടെ സാംസ്‌കാരിക അധീശത്വം, സാര്‍വദേശീയമായി പാര്‍ശ്വവല്‍കൃതരും സ്ത്രീകളും നടത്തിയ മുന്നേറ്റങ്ങള്‍, അംബേദ്കറുടെയും വിവിധ ജാതിവിരുദ്ധ സമരധാരകളുടെയും സ്വാധീനം എന്നിവയൊക്കെയാണ് ദലിത് വാദത്തിന് അടിത്തറയായത്.
ഈ മൂവ്‌മെന്റാണ് ഇന്ത്യയില്‍ ആദ്യമായി ദലിത്-പിന്നാക്ക-ന്യൂനപക്ഷ ഐക്യമെന്ന പ്രോജക്ട് മുന്നോട്ടുവച്ചത്. ഇതാണ് ലിബറല്‍ ജനാധിപത്യത്തിനകത്ത് ഫാഷിസത്തെ തടയുന്ന ഏറ്റവും ഫലപ്രദമായ പദ്ധതി. മറ്റുള്ളതെല്ലാം ശരിയല്ലെന്നും കാലഹരണപ്പെട്ടതാണെന്നുമല്ല ഈ പറയുന്നതിന് അര്‍ഥം. ഇന്ത്യയിലെ കീഴാള മൂവ്‌മെന്റുകള്‍ മുന്നോട്ടുവച്ചിട്ടുള്ള രാഷ്ട്രീയ-പ്രത്യയശാസ്ത്ര സങ്കല്‍പനങ്ങളെ കാണാത്ത ഏതൊരു ഫാഷിസ്റ്റ് വിരുദ്ധ കൂട്ടായ്മയും സവര്‍ണതയുടെ അതിര്‍ത്തി വിട്ടുമാറില്ലെന്നാണ് പറയുന്നത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിരാ ഗവണ്‍മെന്റിനെ തകര്‍ത്തതും വി പി സിങിനെ അധികാരത്തിലേറ്റിയതും, ഒട്ടനവധി സംസ്ഥാനങ്ങളിലെ ബ്രാഹ്മണരുടെ ഭരണക്കുത്തക അവസാനിപ്പിച്ചതും വൈവിധ്യങ്ങളെ രാഷ്ട്രീയമായി ഉള്‍ക്കൊള്ളാന്‍ സന്നദ്ധമായതും മേല്‍പറഞ്ഞ ദലിത്-പിന്നാക്ക-ന്യൂനപക്ഷ ഐക്യമെന്ന പ്രോജക്ടിന്റെ ഫലമായാണ്.
ഇന്നു ‘വൈവിധ്യങ്ങളുടെ സഹവര്‍ത്തിത്വം’ എന്ന പുതിയ ചരിത്രഘട്ടത്തിലേക്കു സാമൂഹിക ജനാധിപത്യം മാറിയിരിക്കുകയാണ്. വൈവിധ്യങ്ങള്‍ എന്നു പറയുമ്പോള്‍ അതില്‍ മതങ്ങളും ജാതികളും വിശ്വാസവും വിശ്വാസരാഹിത്യവുമെല്ലാം ഉള്‍ക്കൊള്ളുന്നു. ഫാഷിസത്തിനെതിരേ വേണ്ടത് ഏകപക്ഷീയമായ രാഷ്ട്രീയ സമരങ്ങള്‍ മാത്രമല്ല, അനവധിയായ ജീവിതസമരങ്ങള്‍ കൂടിയാണ്.
സവര്‍ണ വിഭാഗങ്ങള്‍ തമ്മിലുള്ള ബന്ധം പരമ്പരാഗതമാണ്. അവരുടെ അധികാരം ചോദ്യം ചെയ്യപ്പെടുന്നതിലേക്ക് നയിക്കുന്ന ഏതൊരു ചെറുചലനത്തെയും മുന്‍കൂട്ടി കാണാന്‍ ഈ ബന്ധങ്ങള്‍ അവരെ സഹായിക്കുന്നുണ്ട്. അതിനാലാണ് മണ്ഡല്‍ കമ്മീഷന്‍ സമരഘട്ടത്തില്‍ സവര്‍ണരായ ബിജെപിക്കാരും മാര്‍ക്‌സിസ്റ്റുകളും ഒന്നിച്ചത്. എന്നാല്‍, കീഴാള വിഭാഗങ്ങളുടെ അകത്തെ ബന്ധങ്ങളും ന്യൂനപക്ഷ വിഭാഗങ്ങളോട് അവര്‍ക്കുള്ള ബന്ധവും പരമ്പരാഗതമല്ല. അത് ഇനിയും ഉണ്ടാക്കിയെടുക്കേണ്ട, പാരസ്പര്യത്തിന്റെ പ്രശ്‌നമണ്ഡലമായി നിലനില്‍ക്കുകയാണ്. അതിനുള്ള പരിശ്രമത്തില്‍ നാം ഒന്നിക്കേണ്ടതുണ്ട്. ഇസ്‌ലാംമതത്തെ അകറ്റി മാറ്റിക്കൊണ്ട് വൈവിധ്യങ്ങളെപ്പറ്റി ചിന്തിക്കാനാവുമോ? ഭക്തിപ്രസ്ഥാനത്തിന്റെ യഥാര്‍ഥ ഉണര്‍ച്ചകള്‍ ഇസ്‌ലാം മതത്തിന്റേതാണെന്നാണ് ഗെയ്ല്‍ ഓംവെദ് പറയുന്നത്. ബാബരി മസ്ജിദിനു ശേഷമുള്ള ഇന്ത്യയിലെ മുസ്‌ലിം ജനതയിലെ മാറ്റങ്ങളെ അപ്പാടെ മതപുനരുത്ഥാന ശക്തികളുടെ ശക്തിപ്പെടല്‍ എന്ന ഒറ്റ വാക്കില്‍ ഒതുക്കിയിരിക്കുകയാണ് ഇടതുപക്ഷ വരേണ്യര്‍.

(കോഴിക്കോട്ട് നടന്ന ‘അമാനവസംഗമ’ത്തില്‍ നടത്തിയ പ്രസംഗത്തില്‍ നിന്ന്.)

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss