|    Jan 18 Wed, 2017 3:57 pm
FLASH NEWS

ഫാഷിസ്റ്റുകളുടെ വധശ്രമം അതിജീവിച്ച യോഗേഷ് മാസ്റ്റര്‍ ഇന്ന് കോഴിക്കോട്ട്

Published : 1st October 2016 | Posted By: SMR

yogesh

കെ പി ഒ റഹ്മത്തുല്ല
തൃശൂര്‍: ഹിന്ദുത്വ ഫാഷിസ്റ്റുകളുടെ വധശ്രമത്തില്‍നിന്ന് പല തവണ രക്ഷപ്പെട്ട യോഗേഷ് മാസ്റ്റര്‍ ഇന്ന് കോഴിക്കോട് നിറുത്തൂ വെറുപ്പിന്റെ രാഷ്ട്രീയം എന്ന കാംപയിന്റെ ഭാഗമായി പോപുലര്‍ ഫ്രണ്ട് സംഘടിപ്പിക്കുന്ന മഹാ സമ്മേളനത്തില്‍ അതിഥിയായി എത്തും. നോവലില്‍ ഗണപതിയെ മോശമായി ചിത്രീകരിച്ചുവെന്ന് ആരോപിച്ച് ഹിന്ദുത്വ ഫാഷിസ്റ്റുകളുടെ വധശ്രമത്തില്‍ നിന്നും അഞ്ച് തവണയാണ് ബംഗളൂരുവിലെ കോളജ് അധ്യാപകനായ യോഗേഷ് മാസ്റ്റര്‍ രക്ഷപ്പെട്ടത്. എഴുത്തുകാരന്‍, സംഗീതജ്ഞന്‍, അധ്യാപകന്‍, നാടക-ഹ്രസ്വചിത്ര നിര്‍മാതാവ്, നര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.
സംഘപരിവാരം വെടിവച്ച് കൊന്ന കന്നട സാഹിത്യകാരനായിരുന്ന എം എം കല്‍ബുര്‍ഗിയുടെ അടുത്ത സുഹൃത്തും സഹപ്രവര്‍ത്തകനുമാണ് യോഗേഷ്. കല്‍ബുര്‍ഗിയെ കൊന്നതിന് പിന്നാലെ അതേ രീതിയില്‍ യോഗേഷ് മാസ്റ്ററെയും കൊല്ലാനായിരുന്നു ഫാഷിസ്റ്റുകള്‍ ശ്രമിച്ചത്. 2013ല്‍ എഴുതിയ ‘ദുണ്ഡി’ എന്ന നോവലാണ് പരിവാരത്തെ പ്രകോപിപ്പിച്ചത്.
ബൈക്കില്‍ എത്തി യോഗേഷിനെ വെടിവച്ച് കൊല്ലാനായിരുന്നു പദ്ധതി. ഇതിനായി യുവാക്കളുടെ പ്രത്യേക സംഘത്തെയും സംഘപരിവാരം നിയോഗിച്ചിരുന്നു. ആദ്യത്തെ ശ്രമം വിഫലമായത് യാദൃശ്ചികമായി അത് വഴി പോലിസ് പട്രോളിങ് സംഘം വന്നതിനാലാണ്. ആറ് മാസത്തിനിടയില്‍ അഞ്ച് തവണ മൂന്നംഗ സംഘം വീട്ടിലും യൂനിവേഴ്‌സിറ്റി കാംപസിലും അതിക്രമിച്ച് കടന്നായിരുന്നു വധശ്രമങ്ങള്‍.
അക്രമികള്‍ എകെ 47നുമായിട്ടായിരുന്നു പിന്തുടര്‍ന്നിരുന്നത്. ഒരിക്കല്‍ പുസ്തകം കൈമാറാനെന്ന വ്യാജേനയാണ് വീട്ടില്‍ അവരെത്തിയത്. സംശയം തോന്നി വാതില്‍ തുറക്കാത്തതിനാല്‍ രക്ഷപ്പെട്ടു. മറ്റൊരിക്കല്‍ യൂനിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥികള്‍ വളഞ്ഞതിനാല്‍ അക്രമികള്‍ക്ക് തിരിച്ച് പോവേണ്ടിവന്നു. ഫോണിലൂടെയും സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലൂടെയും ഇപ്പോഴും ഭീഷണികള്‍ തുടരുന്നു. കല്‍ബുര്‍ഗി കൊല്ലപ്പെട്ടതിന് ശേഷം രാമനഗരം പോലിസ് യോഗേഷ് മാസ്റ്റര്‍ക്ക് സംരക്ഷണം നല്‍കി വരുന്നു. തോക്കേന്തിയ പോലിസ് ഗണ്‍മാന്‍മാരോടൊപ്പമാണ് അദ്ദേഹത്തിന്റെ യാത്ര. സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളാണ് സംരക്ഷകര്‍. സംഘപരിവാരം യോഗേഷിനോടുള്ള പക ഇപ്പോഴും അവസാനിപ്പിച്ചിട്ടില്ല.
രണ്ടാം തവണയാണ് അദ്ദേഹം കേരളത്തില്‍ എത്തുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 10ന് എന്‍സിഎച്ച്ആര്‍ഒയുടെ മനുഷ്യാവകാശ സമ്മേളനം ഉദ്ഘാടനം ചെയ്തു. വധശ്രമത്തിനു ശേഷം ദക്ഷിണേന്ത്യയിലെ ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളുടെ പ്രധാന ചാലക ശക്തിയായി പ്രവര്‍ത്തിക്കുന്ന യോഗേഷ് നാടകങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടേയും ഹിന്ദുത്വരുടെ കുല്‍സിത നീക്കങ്ങളെ തുറന്നു കാണിക്കുന്നു. ഇന്ന് കോഴിക്കോട്ട് ജനമഹാ സമ്മേളനത്തിലും അദ്ദേഹം ഫാഷിസ്റ്റ് വിരുദ്ധ ചിന്തകള്‍ക്ക് ശക്തി പകര്‍ന്ന് സംസാരിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 261 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക