|    Oct 17 Wed, 2018 12:08 am
FLASH NEWS
Home   >  Editpage  >  Lead Article  >  

ഫാഷിസവും ടാഗൂറിന്റെ നാഷനലിസവും

Published : 15th September 2017 | Posted By: fsq

 

സി കെ ഫൈസല്‍

സംഘപരിവാര സംഘടനയായ ശിക്ഷാസംസ്‌കൃതി ഉത്ഥാന്‍ന്യാസ്, രവീന്ദ്രനാഥ് ടാഗൂറിന്റെ കൃതികള്‍ സ്‌കൂള്‍ ടെക്സ്റ്റ് ബുക്കുകളില്‍ നിന്നു നീക്കം ചെയ്യണമെന്ന് അടുത്തകാലത്ത് എന്‍സിഇആര്‍ടിയോട് ആവശ്യപ്പെടുകയുണ്ടായി. ടാഗൂറിന്റെ നാഷനലിസം (1917) എന്ന കൃതിയുടെ 100ാം വാര്‍ഷികം കുറിക്കുന്ന ഈ വര്‍ഷത്തില്‍ അദ്ദേഹത്തിന്റെ ദേശീയതയെ കുറിച്ചുള്ള വീക്ഷണങ്ങള്‍ ഏറെ പഠനാര്‍ഹമാണ്. ദേശീയതയെ കുറിച്ചുള്ള സങ്കുചിതമായ നിര്‍വചനത്തിനു മാനുഷികമൂല്യങ്ങള്‍ക്കു മേല്‍ പ്രാമാണ്യം നല്‍കരുത് എന്നാണ് ടാഗൂര്‍ അഭിപ്രായപ്പെട്ടത്. പശുഗുണ്ടകള്‍ പൗരന്‍മാരുടെ ജീവനും സ്വത്തിനും മേല്‍ അന്യായമായി കൈകടത്തുകയും ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നിത്യസംഭവമാവുകയും ചെയ്യുന്ന ഇക്കാലത്ത്, മാനുഷികതയ്ക്കു സങ്കുചിത ദേശീയതയേക്കാള്‍ പ്രാധാന്യം നല്‍കുന്ന ടാഗൂറിന്റെ ചിന്തകള്‍ ഏറെ പ്രചരിപ്പിക്കപ്പെടേണ്ടതുണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്സിലെ സുഗതാ ബോസ് ലോക്‌സഭയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യയെ ഫാഷിസവും ലോകത്തെ പോപുലിസവും ആഴത്തില്‍ ഗ്രസിച്ചുകൊണ്ടിരിക്കുകയാണ്. ഫാഷിസത്തിന്റെയും പോപുലിസത്തിന്റെയും പ്രധാന രാഷ്ട്രീയ ആയുധം അതിദേശീയത(ഹൈപര്‍ നാഷനലിസം)യാണ്. ഈ ഘട്ടത്തില്‍ ടാഗൂറിന്റെ ദേശീയത സംബന്ധിച്ച വീക്ഷണങ്ങള്‍ ഇന്ത്യയില്‍ മാത്രമല്ല, ലോകമെങ്ങും പ്രസക്തമാണ്.വര്‍ത്തമാനകാല ലോകരാഷ്ട്രീയത്തില്‍ ഏറെ ശ്രദ്ധയര്‍ഹിക്കുന്ന ഒരു പ്രതിഭാസമാണ് പോപുലിസം. പ്രിന്‍സ്റ്റണ്‍ യൂനിവേഴ്‌സിറ്റി അധ്യാപകനായ ജാന്‍വെര്‍ നെര്‍മുള്ളര്‍ എഴുതിയ ‘വാട്ട് ഈസ് പോപുലിസം?’ (2016) എന്ന കൃതിയില്‍ ഈ പ്രതിഭാസത്തെ പഠനവിധേയമാക്കുന്നുണ്ട്. ജനതയുടെ നിരാശയില്‍നിന്ന് ഉടലെടുക്കുന്ന ഭരണകൂട-ഭരണവര്‍ഗ വിരുദ്ധതയിലൂന്നിയ ഈ രാഷ്ട്രീയ പ്രതിഭാസം ഇന്ന് ലോകരാഷ്ട്രീയത്തെ ഗ്രസിച്ചിരിക്കുന്നു. ബള്‍ഗേറിയന്‍ രാഷ്ട്രമീമാംസകനായ ഇവാന്‍ ക്രസ്റ്റീവ്, നമ്മുടെ കാലത്തെ, പോപുലിസത്തിന്റെ കാലമെന്നാണു വിളിച്ചത്. ലാറ്റിനമേരിക്കയില്‍ രംഗപ്രവേശം ചെയ്ത പിങ്ക്‌ടൈഡ് എന്ന ഇടതുപക്ഷ മുന്നേറ്റമായിരുന്നു അടുത്തകാലത്ത് പോപുലിസത്തിന്റെ നാന്ദി കുറിച്ചത്. ഹ്യൂഗോ ഷാവേസ്, ഇവോ മൊറാലിസ് തുടങ്ങിയ നേതാക്കള്‍ പോപുലിസ്റ്റ് തിരമാലയേറി അധികാരത്തിലെത്തി. പിന്നീട് പോപുലിസം വലതുപക്ഷ പ്രതിഭാസമായി രൂപാന്തരം പ്രാപിച്ചു. ഇറ്റലിയില്‍ ഒന്നാം ലോകയുദ്ധത്തിനുശേഷം ഇതേ രീതിയില്‍ ആദ്യം ഇടതുപക്ഷ മുന്നേറ്റമാണ് ഉണ്ടായത്. രണ്ടു ചുവന്ന വര്‍ഷങ്ങള്‍ (ബിനിയോ റോസ്സോ) എന്നറിയപ്പെട്ട 1919-1920 കാലത്ത് സോഷ്യലിസ്റ്റുകളും അനാര്‍ക്കിസ്റ്റുകളും ഇറ്റലിയില്‍ വന്‍ മുന്നേറ്റം നടത്തിയെങ്കിലും വളരെ പെട്ടെന്ന് അതു വലതുപക്ഷ ഫാഷിസത്തിനു വഴിമാറി.ഫ്രാന്‍സില്‍ മറീന ലെ പാന്‍, നെതര്‍ലാന്‍ഡ്‌സില്‍ ഗീര്‍ട് വെല്‍ഡേഴ്‌സ്, ഓസ്ട്രിയയില്‍ ജോര്‍ജ് ഹൈഡര്‍ തുടങ്ങിയ വലതുപക്ഷ പോപുലിസ്റ്റുകള്‍ അഭൂതപൂര്‍വമായ സംവേഗശക്തി നേടുന്നതിന് ലോകം സാക്ഷ്യം വഹിച്ചു. നൈജില്‍ ഫറാഷിനെ പോലുള്ള പോപുലിസ്റ്റുകള്‍ ബ്രിട്ടനെ യൂറോപ്യന്‍ യൂനിയന്റെ പുറത്തേക്ക് ആനയിക്കുന്ന ബ്രെക്‌സിറ്റ് കാംപയിന്‍ വിജയകരമായി നയിച്ചു. അമേരിക്കയില്‍ ഡോണള്‍ഡ് ട്രംപ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെ പോപുലിസം അതിന്റെ ഉച്ചസ്ഥായിയിലെത്തി. ഈ സാഹചര്യത്തിലാണ് പോപുലിസം പഠനവിധേയമാവുന്നത്. പോപുലിസത്തിനു ഫാഷിസവുമായി ഏറെ സാമ്യതയുണ്ട്. ഫാഷിസത്തിന്റെ സമകാലീന അവതാരമാണ് പോപുലിസം. രണ്ടും ജനതയുടെ മോഹഭംഗത്തില്‍നിന്നാണ് ഊര്‍ജം നേടുകയും തീവ്രദേശീയതയില്‍ അഭിരമിക്കുകയും ചെയ്യുന്നത്. രണ്ടു പ്രത്യയശാസ്ത്രങ്ങളും ഒരു വംശത്തിന്റെ മേധാവിത്വത്തില്‍ വിശ്വസിക്കുന്നു. ഈ മേധാവിവര്‍ഗത്തെ മൊത്തം ജനതയായി ചിത്രീകരിക്കുകയും ന്യൂനപക്ഷത്തെ രാഷ്ട്രവിരുദ്ധരായി മുദ്രകുത്തുകയും ചെയ്യുന്നു. അത് ബഹുസ്വരതയുടെ നിരാകരണമാകയാല്‍ തന്നെ ജനാധിപത്യവിരുദ്ധവുമാണ്. ഏകജാതീയമായ ജനത എന്നത് ഒരു വിചിത്ര കല്‍പന മാത്രമാണ്. ഈ വിചിത്ര കല്‍പനയിലൂന്നിയ പോപുലിസം, ഫാഷിസത്തെ പോലെ തന്നെ സാമൂഹിക സംഘര്‍ഷത്തെയും ധ്രുവീകരണത്തെയും പ്രോല്‍സാഹിപ്പിക്കുന്നു. ഫാഷിസത്തെ പോലെ അത് അവരുടെ രാഷ്ട്രീയ എതിരാളികളെ ജനശത്രുക്കളായി കാണുകയും രാഷ്ട്രീയ വ്യവഹാരത്തില്‍ നിന്ന് അവരെ നിഷ്‌കാസനം ചെയ്യാന്‍ വെമ്പല്‍കൊള്ളുകയും ചെയ്യുന്നു. ”ഇന്നു ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ അപകടം, ജനാധിപത്യ ആദര്‍ശത്തെ വ്യവസ്ഥാപിതമായി നിഷേധിക്കുന്ന ഏതെങ്കിലും ഒരു സമഗ്രമായ പ്രത്യയശാസ്ത്രമല്ല; മറിച്ച്, ജനാധിപത്യത്തിന്റെ തലതിരിഞ്ഞ രൂപമായ പോപുലിസമാണ്”- ജാന്‍വെര്‍ നെര്‍മുള്ളര്‍ നിരീക്ഷിക്കുന്നു. മുള്ളര്‍ ഇന്ത്യയിലെ ഹിന്ദുത്വ ഫാഷിസത്തെ പഠനവിധേയമാക്കുന്നില്ലെങ്കിലും അത് പോപുലിസത്തിന്റെ സര്‍വസ്വഭാവങ്ങളും പ്രകടിപ്പിക്കുന്നുണ്ട്. അതിദേശീയത ‘രാഷ്ട്ര’ത്തിന് ഒരു സാങ്കല്‍പിക ശത്രുവിനെ സൃഷ്ടിക്കുന്നു. ഡോണ്‍ ക്വിക്‌സോട്ട് കാറ്റാടിമില്ലിനെ രാക്ഷസനായി സങ്കല്‍പിക്കുന്നതു പോലെയാണിത്. പിന്നീട് ഈ സാങ്കല്‍പിക ശത്രുവിനെതിരേയുള്ള യുദ്ധമാണ്. പാകിസ്താന്‍, മുസ്‌ലിംകള്‍, ദലിതുകള്‍, സര്‍വകലാശാലകള്‍ എന്നിവയാണ് ഇന്ത്യന്‍ ക്വിക്‌സോട്ടിന്റെ ശത്രുക്കള്‍. അതിദേശീയത ജനതയെ ഒരുതരം കൂട്ട ഭ്രമാത്മകതയിലേക്കു നയിക്കുന്നു. ബങ്കിംചന്ദ്ര ചാറ്റര്‍ജിയും അബനീന്ദ്രനാഥ് ടാഗൂറുമെല്ലാം ഭാരതത്തെ ഭാരതമാതാവായി ചിത്രീകരിച്ചെങ്കില്‍ അതിദേശീയവാദികള്‍ ഭാരതമാതാവിനെ പശുവിലേക്ക് ആവാഹിച്ചിരിക്കുന്നു. ഫ്രാന്‍സ് കാഫ്കയുടെ കഥാപാത്രം ഗ്രിഗര്‍ സാംസ ഒരു സുപ്രഭാതത്തില്‍ ഭീമന്‍ പ്രാണിയായി പരിണമിച്ചതുപോലെ, അതിദേശീയതയുടെ യുക്തിരഹിത പ്രഭാതത്തില്‍ ഭാരതമാതാവ് ഗോമാതാവായി മാറിയിരിക്കുന്നു. ഗോമാതാവാകട്ടെ, അതിദേശീയതയുടെ ഹിംസ്രദേവതയാണ്. ഗോവിനെ ആരാധിക്കാത്തവരെല്ലാം ദേശവിരുദ്ധരായി മാറുന്നു. പട്ടാളത്തെ ദേശപ്രേമത്തിന്റെ പ്രതീകമാക്കുന്ന ജിങ്കോയിസം ഏറെ ജനപ്രിയമായിരിക്കുന്നു. ഇന്ത്യയിലെ ബൗദ്ധികകേന്ദ്രങ്ങളിലൊന്നായ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ പ്രബുദ്ധരായ വിദ്യാര്‍ഥികളെ ദേശസ്‌നേഹം പഠിപ്പിക്കാന്‍ വിസി യുദ്ധടാങ്ക് പ്രദര്‍ശിപ്പിക്കുന്നു. അതിദേശീയത വിമര്‍ശനാത്മകമായ സംവാദത്തിനുള്ള സര്‍വസാധ്യതകളും കൊട്ടിയടയ്ക്കുന്നു. യഥാര്‍ഥത്തില്‍, ഇന്ത്യയിലെ അതിദേശീയത ഒരു ട്രോജന്‍ കുതിരയാണ്. അതിനകത്തു മറഞ്ഞിരുന്ന് ഇന്ത്യയുടെ മനസ്സിലേക്ക് ഒളിച്ചുകടക്കുന്നത് ബ്രാഹ്മണിസമാണ്. ഈ ഭീതിദമായ സാഹചര്യത്തിലാണ് ടാഗൂറിന്റെ നാഷനലിസം എന്ന കൃതി പ്രസക്തമാവുന്നത്.ടാഗൂര്‍ നടത്തിയ മൂന്ന് പ്രഭാഷണങ്ങളുടെ സമാഹാരമാണ് നാഷനലിസം. ആധുനിക ദേശരാഷ്ട്രങ്ങളുടെ സ്വയംനശീകരണ പ്രവണതയുടെ ഫലമായി സംജാതമായ ഒന്നാംലോകയുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഇതിന്റെ രചന. സമൂഹം എന്നത് പ്രകൃതിദത്തമായ ഒരു സ്ഥാപനമെങ്കില്‍ ദേശരാഷ്ട്രങ്ങള്‍, അത്യാഗ്രഹത്തിന്റെയും സംശയത്തിന്റെയും അധികാരക്കൊതിയുടെയും ഫലമായി രൂപംകൊണ്ട യാന്ത്രിക സ്ഥാപനങ്ങളാണ് എന്നാണു ടാഗൂര്‍ നിരീക്ഷിച്ചത്. സാമൂഹികവിഭാഗങ്ങള്‍ തമ്മിലുള്ള സമാധാനപരമായ നീക്കുപോക്കുകളിലൂടെയാണ്, അക്രമാസക്തമായ വ്യവഹാരങ്ങളിലൂടെയല്ല ഇന്ത്യ ഉരുവംകൊണ്ടത്. ആകയാല്‍ അക്രമാസക്തമായ ദേശീയത ഇന്ത്യന്‍ നാഗരിക പൈതൃകവുമായി യോജിച്ചുപോകുവതല്ല. ഇന്ത്യയുടെ ചരിത്രം യുദ്ധങ്ങളുടെയും സാമ്രാജ്യങ്ങളുടെയും ചരിത്രമല്ല, ആത്മീയ ഉന്നതിയെ ലക്ഷ്യമാക്കിയ സാമൂഹികജീവിതത്തിന്റെ ചരിത്രമാണെന്നാണ് ടാഗൂര്‍ അഭിപ്രായപ്പെടുന്നത്. ബാലസഹജമായ നിഷ്‌കളങ്കതയോടും വൃദ്ധസഹജമായ ജ്ഞാനത്തോടും പുലര്‍ന്ന ഭാരതത്തിനുമേല്‍ അക്രമാസക്തമായ യൂറോപ്യന്‍ ദേശരാഷ്ട്ര സങ്കല്‍പം അടിച്ചേല്‍പിക്കപ്പെടുകയായിരുന്നു.ടാഗൂറിന്റെ ചിന്തകളെ ഇങ്ങനെ സംഗ്രഹിക്കാം: ബ്രിട്ടിഷ് ഭരണത്തിനു മുമ്പുള്ള ഇന്ത്യന്‍ സമൂഹവും ദേശരാഷ്ട്രങ്ങളുടെ ആവിര്‍ഭാവത്തിനു മുമ്പുള്ള മധ്യകാല യൂറോപ്യന്‍ സമൂഹവും സാമൂഹികവും ആത്മീയവുമായ വ്യവഹാരങ്ങളിലൂന്നിയ ജീവിതമാണ് നയിച്ചത്. ഭരണകൂടവും രാഷ്ട്രീയവും അവരെ സ്പര്‍ശിക്കാതെ ആകാശത്തിലൂടെ മേഘങ്ങള്‍ എന്നപോലെ കടന്നുപോയി. ദേശരാഷ്ട്രങ്ങളുടെ പരീക്ഷണശാലയില്‍ പിറവികൊണ്ട ദേശീയത, വ്യക്തിപരമായ മാനുഷികതയെ ദ്രവിപ്പിച്ചുകൊണ്ടാണ് രൂപംകൊണ്ടത്. അത് ധാര്‍മിക ചൈതന്യത്തെ ഇല്ലാതാക്കി. ദേശീയത മാനുഷികതയില്‍ വിശ്വാസം അര്‍പ്പിക്കുന്നില്ല. മനുഷ്യനിലുള്ള അവിശ്വാസമാണ് അതിന്റെ അടിത്തറ; മനസ്സാക്ഷിയില്ലായ്മയാണ് വിജയത്തിലേക്കുള്ള വഴിയായി അത് കാണുന്നത്. നന്മ ദുര്‍ബലന്റെയും ദൈവം പരാജയപ്പെട്ടവന്റെയും വഴിയായി അത് പരിഗണിക്കുന്നു. ദൈവത്തിന്റെ ഏറ്റവും മികച്ച സൃഷ്ടിയായ മനുഷ്യനെ യുദ്ധക്കൊതിയന്‍മാരായ പാവകളാക്കി രാഷ്ട്രം പരിവര്‍ത്തിപ്പിക്കുന്നു. മനുഷ്യനാഗരികത ഉല്‍ക്കര്‍ഷം പ്രാപിച്ചത് പരസ്പര സഹകരണത്തിലൂടെയാണ്. അതാണ് മനുഷ്യന്റെ അടിസ്ഥാനതാളം. സമൂഹം നിലനില്‍ക്കുന്നതും പുരോഗമിക്കുന്നതും ഈ പരസ്പര സഹകരണത്തിലൂടെയാണ്. എന്നാല്‍, രാഷ്ട്രം നിലനില്‍ക്കുന്നത് ബലപ്രയോഗത്തിലൂടെയുമാണ്. അതിനാല്‍ ബലപ്രയോഗത്തിലൂന്നിയ രാഷ്ട്രീയത്തിനല്ല; സഹകരണത്തിലൂന്നിയ സാമൂഹിക ജീവിതത്തിനാണ് മനുഷ്യന്‍ ഊന്നല്‍ നല്‍കേണ്ടത്. പോരാട്ടത്തിന്റെയും അസഹിഷ്ണുതയുടെയും വഴി തിരഞ്ഞെടുക്കുന്ന ഏതു ജനതയും നാശോന്‍മുഖമാണ്. മുന്‍കാലത്ത് മനുഷ്യസാഹോദര്യം ദേശരാഷ്ട്രങ്ങളുടെ ഭൂമിശാസ്ത്രപരമായ അതിര്‍വരമ്പുകള്‍ക്കുള്ളില്‍ തളയ്ക്കപ്പെട്ടിരുന്നു. എന്നാല്‍ ഇന്ന് ഈ അതിര്‍വരമ്പുകള്‍ വെറും ജലരേഖകള്‍ മാത്രമാണ്. ആകയാല്‍ വര്‍ത്തമാനകാലത്തെ ഓരോ വ്യക്തിയും മനുഷ്യന്റെ ആത്മീയ ഐക്യത്തെ യാഥാര്‍ഥ്യമാക്കുന്ന ഒരു പുതുപ്രഭാതത്തിനു വേണ്ടി തയ്യാറാവണം. ഒരേയൊരു ചരിത്രമേയുള്ളൂ; അതു മനുഷ്യന്റെ ചരിത്രമാണ്. ദേശരാഷ്ട്രങ്ങളുടെ ചരിത്രം വിശാലമായ വിശ്വമാനവ ചരിത്രത്തിന്റെ ഓരോ ഏടുകള്‍ മാത്രമാണ്.’യത്രവിശ്വംഭവത്യേകനീഢം'(ഇവിടെ ലോകം മുഴുവന്‍ ഒരു കിളിക്കൂടായി ഭവിക്കുന്നു) എന്നാണ് ടാഗൂര്‍ തന്റെ വിശ്വഭാരതി സര്‍വകലാശാലയുടെ പ്രവേശനകവാടത്തില്‍ കൊത്തിവച്ചത്. എല്ലാ അതിരുകളെയും നിഷ്പ്രഭമാക്കുന്ന വിശ്വമാനവ ഐക്യം സ്വപ്‌നം കണ്ടു ടാഗൂര്‍. രാഷ്ട്രത്തെ വിഗ്രഹവല്‍ക്കരിക്കുന്ന, വെറുപ്പിനെ മഹത്ത്വവല്‍ക്കരിക്കുന്ന പോപുലിസ്റ്റ് ഫാഷിസ്റ്റ് മുദ്രാവാക്യങ്ങളാല്‍ മുഖരിതമായ വര്‍ത്തമാനകാല ലോകത്ത് ടാഗൂറിന്റെ ജ്ഞാനബദ്ധമായ ഈ സ്വപ്‌നം ഏറെ പ്രസക്തമാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss