|    May 29 Mon, 2017 1:19 pm
FLASH NEWS

ഫാഷിസത്തെ ചെറുക്കുക; റിപബ്ലിക് സംരക്ഷിക്കുക

Published : 25th January 2016 | Posted By: SMR

സി എ റഊഫ്

ഇന്ത്യ 65ാമത് റിപബ്ലിക് ദിനം ആഘോഷിക്കുകയാണ്. എന്നാല്‍, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിനുമേല്‍ വലതുപക്ഷ വര്‍ഗീയത ഭീതിയുടെ കരിമ്പടം വിരിച്ചിരിക്കുന്ന കാഴ്ചകളാണു കാണാന്‍ കഴിയുന്നത്. ഫാഷിസം പ്രഖ്യാപിക്കുന്ന വിലക്കുകളുടെ പട്ടിക നീളുകയാണ്. പറയരുത്, പാടരുത്, എഴുതരുത്, വരയ്ക്കരുത്, തിന്നരുത്, കാണരുത്, കളിക്കരുത് തുടങ്ങി പൗരന്റെ ആവിഷ്‌കാരങ്ങള്‍ക്കു മാത്രമല്ല, ജീവിക്കാനുള്ള അവകാശത്തിനു നേരെ വരെ ഭീഷണിയുയര്‍ത്തുന്നു. പൗരന്മാരുടെ സ്വാതന്ത്ര്യത്തിനുമേല്‍ വിലക്കുകളും വിലങ്ങുകളും തീര്‍ത്ത് രാജ്യത്തെ തുറന്ന ജയിലാക്കി മാറ്റുകയാണ് ഹിറ്റ്‌ലറുടെയും മുസ്സോളിനിയുടെയും പിന്‍മുറക്കാര്‍.
മഹാത്മാഗാന്ധിപോലും ഈ അസഹിഷ്ണുതയുടെ ഇരയാണ്. അദ്ദേഹത്തിന്റെ കൊലപാതകവും അതിന്റെ ഗൂഢാലോചനയും ഇതു വ്യക്തമാക്കിത്തരുന്നുണ്ട്. ഗാന്ധിജിയെ വധിക്കാന്‍ അവസാന തയ്യാറെടുപ്പ് നടത്തുന്നത് 1948 ജനുവരി 17ാം തിയ്യതിയാണ്. വി ഡി സവര്‍ക്കറുടെ ബോംബെയിലുള്ള വീട്ടില്‍ വച്ചാണ് ഗോഡ്‌സെയും ആപ്‌തെയും സവര്‍ക്കറുമടങ്ങുന്ന മൂവര്‍സംഘം ഗാന്ധിവധത്തിന്റെ ഗൂഢാലോചന നടത്തുന്നത്. യോഗത്തിനുശേഷം ഗോഡ്‌സെയെയും ആപ്‌തെയെയും സവര്‍ക്കര്‍ യാത്രയാക്കുന്നത്. ”വിജയിച്ചശേഷം തിരിച്ചുവരുക” എന്ന് ആശിര്‍വദിച്ചാണ്. മൂന്നുദിവസത്തിനുശേഷം ജനുവരി 20ാം തിയ്യതി ബോംബ്‌സ്‌ഫോടനത്തിലൂടെ ഗാന്ധിയെ കൊല്ലാന്‍ നോക്കിയെങ്കിലും വിജയിച്ചില്ല.
ഒന്നാം ലോകയുദ്ധത്തിനു ശേഷം, 20ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ രൂപപ്പെട്ട വംശീയ-ഏകാധിപത്യ പ്രവണതകളില്‍ ഇന്നും നിലനില്‍ക്കുന്നത് ഇന്ത്യന്‍ ഫാഷിസം മാത്രമാണ്. വംശീയതയിലൂന്നിയ ആര്യരാജ്യത്തിന് മതേതരമെന്ന ‘ഇടങ്കോലി’ട്ടതുകൊണ്ടാണ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി, ഇന്ത്യന്‍ ഫാഷിസത്തിന് അനഭിമതനാവുന്നത്. കുലവും നിറവും വംശനിര്‍ണയത്തിന്റെ പ്രധാന ഉപാധികളായി പരിഗണിച്ചിരുന്ന സവര്‍ണ’ധര്‍മത്തില്‍’ ഗാന്ധിയും വിശ്വസിച്ചിരുന്നു. അതോടൊപ്പം സവര്‍ണ മതശാസനയ്ക്ക് വിരുദ്ധമായി രാജ്യത്തെ പൗരന്മാരെയെല്ലാം മനുഷ്യരായി കാണണമെന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നു.
ഗാന്ധിവധത്തിനു ശേഷം ജവഹര്‍ലാല്‍ നെഹ്‌റു പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവന ഇപ്രകാരമാണ്: ”കണക്കാക്കാന്‍ കഴിയാത്തത്രയും നാം സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന ആ മഹാന്‍ പോയിരിക്കുന്നു. അദ്ദേഹത്തിന് വേണ്ടത്ര സംരക്ഷണം നല്‍കാന്‍ കഴിയാത്തതില്‍ നാം ലജ്ജിക്കുന്നു.” അഞ്ചു തവണ ശ്രമമുണ്ടായിട്ടും ഗാന്ധിജിക്ക് വേണ്ടത്ര സംരക്ഷണമൊരുക്കുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാണിച്ചുവെന്ന് നെഹ്‌റുവിന്റെ വാക്കുകളില്‍നിന്നു വ്യക്തമാണ്. ഫാഷിസം എപ്പോഴൊക്കെ അതിന്റെ രൗദ്രത പ്രകടിപ്പിച്ചിട്ടുണ്ടോ അപ്പോഴൊക്കെ ഈ അലംഭാവവും നിഷ്‌ക്രിയത്വവും നമുക്കു കാണാന്‍ സാധിക്കും. ബാബരി മസ്ജിദിന്റെ തകര്‍ച്ചയും വലുതും ചെറുതുമായ കലാപങ്ങളിലും സര്‍ക്കാരിന്റെ ഈ നിഷ്‌ക്രിയത്വം പ്രകടമാണ്.
ഗാന്ധിവധംപോലെ തന്നെ മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയനുസരിച്ചാണ് ബാബരി മസ്ജിദും ആര്‍എസ്എസ് തകര്‍ക്കുന്നത്. എല്ലാ സംവിധാനങ്ങള്‍ക്കും അതുസംബന്ധിച്ച വിവരങ്ങളുണ്ടായിരുന്നു. എല്ലാവരും നിഷ്‌ക്രിയരുമായിരുന്നു. ഗാന്ധി കൊല്ലപ്പെട്ട് 19 വര്‍ഷത്തിനുശേഷം 1967ലാണ് ഗൂഢാലോചന സംബന്ധിച്ച വലിയ വെളിപ്പെടുത്തലുകള്‍ ഉണ്ടാവുന്നത്.
മോദി ഭരണം ഒന്നരവര്‍ഷം പിന്നിടുമ്പോള്‍ രാജ്യത്തിന്റെ സമ്പദ്ഘടനയെയും സാധാരണ ജനങ്ങളുടെ ജീവിത പ്രാരബ്ധങ്ങളെയും സാരമായി ബാധിക്കുന്ന നിരവധി ഓര്‍ഡിനന്‍സുകളാണ് പുറപ്പെടുവിച്ചിട്ടുള്ളത്. പാര്‍ലമെന്റിന്റെ അനുമതിക്കുപോലും നില്‍ക്കാതെയാണ് സുപ്രധാനമായ പല തീരുമാനങ്ങളും ഓര്‍ഡിനന്‍സുകളാക്കി മോദി പുറപ്പെടുവിച്ചിരിക്കുന്നത്. ഒരു ഏകാധിപതിയുടെ എല്ലാ സൂചനയും ഇതു നല്‍കുന്നുണ്ട്. സാധാരണ ജനങ്ങളുടെ ജീവിതപ്രയാസങ്ങള്‍ ലഘൂകരിക്കുന്നതിനു വേണ്ടിയുള്ളതല്ല ഈ ഇടപെടലുകളൊന്നും. മറിച്ച് അവരെ കൂടുതല്‍ പ്രയാസപ്പെടുത്താനും കുത്തകകളെ വളര്‍ത്താനുമുള്ളതാണ്. ദേശസ്‌നേഹത്തിന്റെ മൊത്തവിതരണക്കാരായ ആര്‍എസ്എസ് സര്‍ക്കാര്‍ തന്നെയാണ് വളരെ സൂക്ഷ്മതയോടെ കൈകാര്യംചെയ്യേണ്ട ആയുധ ഇടപാടില്‍ വരെ ഇടനിലക്കാരെ അനുവദിച്ചുകൊണ്ടുള്ള തീരുമാനം എടുത്തത്. നിയമപ്രകാരം ഇടനിലക്കാരില്ലാതെ തന്നെ പ്രതിരോധരംഗത്ത് നടക്കുന്ന അഴിമതിയും ആയുധക്കച്ചവടവും ഏറെ വിവാദങ്ങളുണ്ടാക്കിയിട്ടുണ്ട്.
ഔഷധ നിര്‍മാണ രംഗത്തും ഭീകരമായ രണ്ടു തീരുമാനങ്ങളാണ് സര്‍ക്കാര്‍ എടുത്തിട്ടുള്ളത്. 2014 സപ്തംബര്‍ 22ന് ഇന്ത്യന്‍ ഔഷധവിപണിയെ ബാധിക്കുന്ന തീരുമാനമാണ് മോദിയെടുത്തത്. ഔഷധ വിലനിയന്ത്രണത്തിനുള്ള നാഷനല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റിയുടെ അധികാരം പരിമിതപ്പെടുത്തുന്ന ബില്ലില്‍ ഒപ്പുവച്ചാണ് നരേന്ദ്രമോദി അമേരിക്കയിലേക്ക് യാത്രതിരിച്ചത്. ജീവന്‍രക്ഷാ മരുന്നുള്‍പ്പെടെയുള്ളവയുടെ വില ഉല്‍പാദനച്ചെലവിനനുസരിച്ചാണ് നിശ്ചയിച്ചിരുന്നത്. അതു മാറ്റി കമ്പോളാടിസ്ഥാനത്തില്‍ വില നിശ്ചയിക്കാന്‍ കുത്തകകള്‍ക്ക് അനുമതി നല്‍കുന്നതായിരുന്നു തീരുമാനം. പ്രതിഫലമായി അമേരിക്കന്‍ യാത്രയും സ്വീകരണവും ഹര്‍ഷാരവത്തോടെ ഒരു പ്രസംഗവും മരുന്നുകമ്പനികള്‍ സ്‌പോണ്‍സര്‍ ചെയ്തു.
ഫാഷിസ്റ്റ് ഭരണത്തിനു കീഴിലെ പുലരികള്‍ ശുഭസൂചനയല്ല നല്‍കുന്നത്. വ്യക്തിപരമോ കച്ചവടസംബന്ധിയോ ആയ താല്‍പര്യങ്ങളുടെ ഭാഗമായി ഫാഷിസ്റ്റുകളുടെ വര്‍ഗീയഭീകരതയോടും കോര്‍പറേറ്റ് സേവയോടും മുഖ്യധാരകള്‍ സമവായത്തിലായിരിക്കുകയാണ്. ഇവിടെയാണ് നേര്‍ത്ത ശബ്ദങ്ങള്‍പോലും പ്രസക്തമാവുന്നത്. ഇനി ജനങ്ങളുടെ ഊഴമാണ്. ഫാഷിസ്റ്റ് ഭീകരതയ്ക്ക് മുമ്പിലേക്ക് രാജ്യത്തെ എറിഞ്ഞുകൊടുക്കാതിരിക്കാനുള്ള ജനങ്ങളുടെ ഉത്തരവാദിത്തമാണ്. ജനാധിപത്യത്തെ കൊലപ്പെടുത്താന്‍ ഫാഷിസ്റ്റുകള്‍ കിണഞ്ഞുശ്രമിക്കുമ്പോള്‍ രാജ്യത്തിന്റെ ശത്രുക്കളെ കല്ലെറിഞ്ഞോടിക്കുക.

(കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റാണു ലേഖകന്‍.)

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day