|    Nov 14 Wed, 2018 6:51 am
FLASH NEWS

ഫാഷിസത്തെ ചെറുക്കാന്‍ കോണ്‍ഗ്രസ്സിനെ ശക്തിപ്പെടുത്തുക: ഉമ്മര്‍ ഫൈസി

Published : 8th August 2018 | Posted By: kasim kzm

കോഴിക്കോട്: രാജ്യത്തിന്റെ മതേതര പാരമ്പര്യത്തിനും ജനാധിപത്യ അടിത്തറക്കും ഭീഷണിയായി വളര്‍ന്നുകൊണ്ടിരിക്കുന്ന ഫാഷിസത്തെ ശാശ്വതമായി ചെറുക്കാന്‍ രാജ്യത്തിന്റെ ഭരണാധികാരം എല്ലാ വിഭാഗീയതകളും മറന്ന് കോണ്‍ഗ്രസ്സിനെ തിരിച്ചേല്‍പിക്കണമെന്ന് സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന ജന. സെക്രട്ടറിയും സമസ്ത മുശാവറ അംഗവുമായ കെ ഉമ്മര്‍ ഫൈസി മുക്കം. സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചരിത്രം വക്രീകരിച്ചും ജനാധിപത്യത്തിന്റെ സുതാര്യതയെ കവര്‍ന്നെടുത്തും പശു രാഷ്ടീയത്തിന്റെ ഭാഗമായി ആള്‍ക്കൂട്ടക്കൊലകള്‍ പതിവാക്കിയും ഫാഷിസത്തിന്റെ അരങ്ങേറ്റം ശക്തിപ്പെടുമ്പോള്‍ പ്രാദേശിക രാഷ്ട്രീയ കുറുമ്പുകളും പോരുകളും പര്‍വതീകരിച്ചിരിക്കാതെ ചെറുത്തുനില്‍പ്പിന്റെ രാഷ്ട്രീയം പ്രായോഗികമാക്കണം.
ദലിത്, മത ന്യൂനപക്ഷക്കളുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടുമ്പോള്‍ തങ്ങളാണ് ന്യൂനപക്ഷ സംരക്ഷകരെന്ന് ആവര്‍ത്തിച്ച് പറയുന്നവര്‍ കോണ്‍ഗ്രസ്സിനെ ശക്തിപ്പെടുത്തുന്നതിന് പകരം തങ്ങള്‍ക്കെല്ലാം ആവുമെന്ന മിഥ്യാധാരണയാണ് പുലര്‍ത്തുന്നത്. ഗോത്ര രാഷ്ട്രീയങ്ങളും വര്‍ഗ്ഗച്ചേരികളും സ്വയം ശക്തരാവാന്‍ ശ്രമിക്കുന്നതിന്റെ മറവില്‍ ഫാഷിസം കാര്യം നേടുന്നത് തിരിച്ചറിഞ്ഞിട്ടും പ്രതിരോധത്തിന്റെ പ്രായോഗികത വിസ്മരിക്കുന്നത് ശരിയല്ല. തിരിച്ചറിവില്‍ നിന്ന് പ്രായോഗിക രാഷ്ട്രീയത്തിലേക്ക് എല്ലാ മതേതര ജനാധിപത്യ വിശ്വാസികളും മുന്നിട്ടിറങ്ങണം അദ്ദേഹം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് ഹദിഞ്ഞുല്ലാ തങ്ങള്‍ ആലപ്പുഴ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി, സെക്രട്രറി മുജീബ് ഫൈസി വയനാട് സംസാരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss