|    Mar 18 Sun, 2018 11:12 pm
FLASH NEWS
Home   >  Editpage  >  Editorial  >  

ഫാഷിസത്തെ കണ്ടിട്ടും കാണാത്തവര്‍

Published : 21st September 2016 | Posted By: mi.ptk

ഇന്ത്യയില്‍ ഭരണകക്ഷിയായ ഭാരതീയ ജനതാ പാര്‍ട്ടിയുടെ നിയന്ത്രണം ഫാഷിസ്റ്റ് സ്വഭാവമുള്ള ആര്‍എസ്എസിന്റെ കൈയിലാണെന്നും അതിന്റെ പോക്ക് ഫാഷിസ്റ്റ് രീതികളിലേക്കാണെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പക്ഷേ, രാജ്യത്തെ മുഖ്യ ഭരണകക്ഷിയെ ഏകാധിപത്യപ്രവണതകളുള്ള ഒരു പാര്‍ട്ടി മാത്രമായാണു കാണുന്നത്. ലക്ഷണമൊത്ത ഫാഷിസത്തിന്റെ രൂപഭാവങ്ങളൊന്നും ഭരണകക്ഷിയില്‍ കാണപ്പെടുന്നില്ലെന്നാണ് ഈ പ്രമുഖ സൈദ്ധാന്തികന്റെ പക്ഷം. ഇന്ത്യയിലെ ഭരണകൂടത്തിന്റെ സ്വഭാവവും അത് രാജ്യത്ത് ഉയര്‍ത്തുന്ന ഭീഷണിയും സംബന്ധിച്ച നിലപാടുകളില്‍ ഇടതുപക്ഷ നേതൃത്വത്തില്‍ കടുത്ത ഭിന്നതകളും അഭിപ്രായവ്യത്യാസങ്ങളും നിലനില്‍ക്കുന്നുണ്ട് എന്നു വ്യക്തമാണ്. കഴിഞ്ഞ ദിവസം അവസാനിച്ച കേന്ദ്രകമ്മിറ്റിയുടെ യോഗത്തിലും ഈ ഭിന്നതകള്‍ പല രൂപത്തില്‍ തലപൊക്കുകയുണ്ടായി. വരുംനാളുകളില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ കൂടുതല്‍ ഗൗരവമായി നടക്കുമെന്നും തീര്‍ച്ചയാണ്.വെറുമൊരു സൈദ്ധാന്തികമോ അക്കാദമികമോ ആയ ചര്‍ച്ചയല്ല ഇപ്പോള്‍ നടക്കുന്നത്. ആര്‍എസ്എസ് നിയന്ത്രിക്കുന്ന ബിജെപിയുടെ കേന്ദ്ര ഭരണകൂടവും അതിന്റെ നിയന്ത്രണത്തിലുള്ള വിവിധ സംസ്ഥാന സര്‍ക്കാരുകളും സ്വീകരിക്കുന്ന പല നടപടികളും ന്യൂനപക്ഷങ്ങള്‍ക്കെതിരായ ഭീഷണിയുടെയും വംശീയ വിവേചനത്തിന്റെയും സ്വഭാവം ഉള്‍ക്കൊള്ളുന്നതാണ്. ഇന്ത്യയുടെ ജനാധിപത്യ-മതേതര അടിത്തറയെത്തന്നെ ചോദ്യംചെയ്യുന്ന പ്രവണതകളാണ് സമീപകാലത്തായി ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇത് തികഞ്ഞ ഫാഷിസ്റ്റ് പ്രവണതയാണെന്ന കാര്യത്തില്‍ നേരെചൊവ്വേ ചിന്തിക്കുന്ന ആര്‍ക്കും സംശയമില്ല.സിപിഎമ്മില്‍ തന്നെ കാരാട്ട് അടക്കമുള്ള പ്രബലമായ ഒരു വിഭാഗത്തിന്റെ ബിജെപിയോടുള്ള മൃദുസമീപനത്തെ പല നേതാക്കളും പാര്‍ട്ടി അനുഭാവികളായ ബുദ്ധിജീവികളും ശക്തമായി അപലപിച്ചിട്ടുണ്ട്. പ്രസിദ്ധ ചരിത്രകാരനും നിരവധി പതിറ്റാണ്ടുകളായി സിപിഎമ്മിന്റെ ഏറ്റവും പ്രമുഖനായ പിന്തുണക്കാരനുമായ പ്രഫ. ഇര്‍ഫാന്‍ ഹബീബ് ഈയിടെ കേന്ദ്രകമ്മിറ്റിക്ക് അയച്ച തുറന്ന കത്തില്‍ ഈ കാര്യങ്ങള്‍ അടിവരയിട്ടു പറയുന്നുണ്ട്. സംഘപരിവാര നേതൃത്വത്തില്‍ രാജ്യമെങ്ങും ന്യൂനപക്ഷ സമുദായങ്ങള്‍ക്കെതിരേ നടക്കുന്ന കടന്നാക്രമണങ്ങളെ ചെറുക്കുന്നതിന് ശക്തമായ രാഷ്ട്രീയ, സൈദ്ധാന്തിക പ്രതിരോധം അനിവാര്യമാണെന്ന് അദ്ദേഹം അതില്‍ പാര്‍ട്ടിനേതൃത്വത്തെ ഉണര്‍ത്തുന്നുണ്ട്.അത്തരമൊരു സമീപനത്തിന്റെ സ്വാഭാവികമായ അര്‍ഥം കോണ്‍ഗ്രസ് അടക്കം ബിജെപി വിരുദ്ധ കക്ഷികളെ ദേശീയതലത്തില്‍ ഒന്നിപ്പിക്കുന്നതിനു ശ്രമിക്കുകയും ആ മുന്നണിയില്‍ സജീവ പങ്കാളിത്തം വഹിക്കുകയുമാണ്. ഇത് പാര്‍ട്ടിയിലെ പ്രബലമായ വിഭാഗത്തിന് അംഗീകരിക്കാന്‍ കഴിയുന്നില്ല. പരമ്പരാഗതമായ കോണ്‍ഗ്രസ് വിരോധം ഒരു കാരണം; കേരളത്തില്‍ ഇന്നും കോണ്‍ഗ്രസ് തന്നെയാണ് മുഖ്യ എതിരാളി എന്നത് മറ്റൊരു കാരണം.പക്ഷേ, ഇത്തരം താല്‍ക്കാലിക താല്‍പര്യങ്ങള്‍ മാത്രം മുന്‍നിര്‍ത്തി നിലപാട് സ്വീകരിക്കുന്നത് ശരിയല്ല എന്ന് പാര്‍ട്ടിക്കകത്തും പുറത്തും ശക്തമായ അഭിപ്രായം ഉയര്‍ന്നുവന്നിട്ടുണ്ട്. അത് കൂടുതല്‍ ശക്തിപ്രാപിക്കുകയാണ് എന്നാണ് ജനറല്‍ സെക്രട്ടറിയുടെ വാക്കുകളില്‍നിന്നു വ്യക്തമാവുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss