|    Nov 17 Sat, 2018 6:14 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഫാഷിസത്തില്‍ നിന്നു രാജ്യത്തെ രക്ഷിക്കാന്‍ വിശാലസഖ്യം അനിവാര്യം; പോപുലര്‍ ഫ്രണ്ട് നാഷനല്‍ ജനറല്‍ അസംബ്ലി

Published : 14th August 2018 | Posted By: kasim kzm

 

ന്യൂഡല്‍ഹി: രാജ്യത്തെ മതേതര ശക്തികളോടും ന്യൂനപക്ഷ, അധസ്ഥിത വിഭാഗങ്ങളോടും 2019ലെ പൊതുതിരഞ്ഞെടുപ്പില്‍ സംഘപരിവാരത്തിനെതിരേ ഒന്നിക്കാന്‍ ആഹ്വാനം ചെയ്ത് പോപുലര്‍ ഫ്രണ്ട് ദേശീയ ജനറല്‍ അസംബ്ലി സമാപിച്ചു. ആഗസ്ത് 10 മുതല്‍ 12 വരെ മലപ്പുറത്തെ മലബാര്‍ ഹൗസിലായിരുന്നു സമ്മേളനം. 2019ലെ പൊതുതിരഞ്ഞെടുപ്പില്‍ സംഘപരിവാരത്തെ പരാജയപ്പെടുത്താന്‍ രാജ്യത്തെ ജനാധിപത്യ ശക്തികളും മതന്യൂനപക്ഷ അധസ്ഥിത വിഭാഗങ്ങളും കൈകോര്‍ക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
2019ലെ തിരഞ്ഞെടുപ്പ് മതനിരപേക്ഷ ജനാധിപത്യ ഇന്ത്യയ്ക്ക് നിര്‍ണായകവും സുപ്രധാനവുമാണ്. ഭരണത്തിന്റെ എല്ലാ മേഖലകളിലും പൂര്‍ണ പരാജയമായ ബിജെപി സര്‍ക്കാര്‍ ഭരണം തിരിച്ചുപിടിക്കാന്‍ വര്‍ഗീയ ധ്രുവീകരണത്തിന് പദ്ധതിയൊരുക്കുകയാണ്. 2019ലെ പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിയെ വെല്ലുവിളിക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മറ്റു രാഷ്ട്രീയ വിയോജിപ്പുകള്‍ മാറ്റിവച്ച് കൈകോര്‍ക്കണം. ഏകീകരണത്തിന് വിവിധ പ്രതിപക്ഷ നേതാക്കള്‍ അഭിപ്രായപ്രകടനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും നിര്‍ഭാഗ്യവശാല്‍ അത് ഫലത്തില്‍ എത്തുന്നില്ലെന്നു സമ്മേളനം ആശങ്ക പ്രകടിപ്പിച്ചു.ദേശീയ പൗരത്വപട്ടിക നീതിയുക്തമാകണമെന്ന അസം പൗരന്‍മാരുടെ ആവശ്യത്തെ സമ്മേളനം പിന്തുണച്ചു. പൗരത്വ രജിസ്റ്ററിലെ കൈകടത്തലുകളും ക്രമക്കേടുകളും തിരുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പൗരത്വം നല്‍കാനുള്ള മാനദണ്ഡമായി മതത്തെ നിര്‍വചിക്കുന്ന ദേശീയ പൗരാവകാശ നിയമം (ഭേദഗതി) ബില്ല് പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് സമ്മേളനം ആവശ്യപ്പെട്ടു.
രാജ്യത്ത് പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ട കൊലകള്‍ വര്‍ധിക്കുന്നതില്‍ സമ്മേളനം ഞെട്ടല്‍ രേഖപ്പെടുത്തി. റഫേല്‍ വിമാന അഴിമതിയെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ബാബരി മസ്ജിദ് പ്രശ്‌നത്തിന്റെ രാഷ്ട്രീയ നേട്ടം കൈപ്പറ്റുന്നതില്‍ നിന്ന് ഹിന്ദുത്വശക്തികളെ തടയാനായി സുപ്രിംകോടതി ഇടപെടണം. കേരളത്തിലെ പ്രളയബാധിതരെ സഹായിക്കാന്‍ പോപുലര്‍ ഫ്രണ്ട് അംഗങ്ങളും അനുഭാവികളും കര്‍മനിരതരാവണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ചെയര്‍മാന്‍ ഇ അബൂബക്കര്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ സംഘടനാ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ഭാവി പരിപാടികള്‍ ചര്‍ച്ച ചെയ്തു. ജനറല്‍ സെക്രട്ടറി എം മുഹമ്മദ് അലി ജിന്ന റിപോര്‍ട്ട് അവതരിപ്പിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 200 പ്രതിനിധികള്‍ പങ്കെടുത്തു. വൈസ് ചെയര്‍മാന്‍ ഒ എം എ സലാം സമാപന പ്രസംഗം നിര്‍വഹിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss