|    Jan 19 Thu, 2017 11:59 am
FLASH NEWS

ഫാഷിസത്തിന് വെള്ളവും വളവും

Published : 12th October 2015 | Posted By: swapna en

അഹ്മദ് ശരീഫ് പി/ ഐക്യപ്പെടാനായില്ലെങ്കില്‍-2

നീപ്പാള്‍ അതിര്‍ത്തിയിലെ ഗാധിമായില്‍ അഞ്ചു വര്‍ഷം കൂടുമ്പോള്‍ അഞ്ചു ലക്ഷം നാല്‍ക്കാലികളെ വെട്ടിക്കൊല്ലുന്ന യാഗത്തില്‍ മൂന്നു ലക്ഷവും ഗോമാതാവാണെന്നതിന്റെ വീഡിയോ ഇത്തവണ മാലോകരെല്ലാം കാണുകയുണ്ടായി. ഫാഷിസത്തിന്റെ ആവിര്‍ഭാവം ഹിറ്റ്‌ലറില്‍ നിന്നാണ് ലോകം കണക്കുകൂട്ടിത്തുടങ്ങുന്നത്. ഹിറ്റ്‌ലര്‍ ന്യൂനപക്ഷ ഗവണ്‍മെന്റായിട്ടാണ് അധികാരത്തിലേറിയത്. ബി.ജെ.പിയും ആദ്യം ന്യൂനപക്ഷ സര്‍ക്കാരായിട്ടാണ് അധികാരം വാണിരുന്നത്. അവിവാഹിതനായ സസ്യഭുക്കായിരുന്നു ഹിറ്റ്‌ലറും.

തല മുതിര്‍ന്ന നേതാക്കളെ ഒറ്റയടിക്ക് ഒതുക്കി സിംഹാസനാരൂഢനായ ഹിറ്റ്‌ലര്‍ ‘അച്ഛാ ദിന്‍ ആഗയീ’ എന്നതിന്റെ ആംഗലേയ ഭാഷ്യമായ ‘ഗുഡ് ഡെയ്‌സ് ടു ഓള്‍’ എന്നാണ് പ്രഖ്യാപിച്ചിരുന്നത്. ഈ മുദ്രാവാക്യം അന്നത്തെ ഏറ്റവും വലിയ മാധ്യമങ്ങളായ റേഡിയോ, പത്രങ്ങള്‍ എന്നിവ മുഖേന മാര്‍ക്കറ്റ് ചെയ്തു. പുതുമോടിയില്‍ വസ്ത്രധാരണം, അധികാരത്തിലേറിയപ്പോള്‍ പൊട്ടിക്കരച്ചില്‍, പ്രശ്‌നങ്ങള്‍ക്കെല്ലാം ദ്രുതഗതിയില്‍ പരിഹാരം, എതിര്‍ക്കുന്നവരെല്ലാം ദേശദ്രോഹികള്‍, സത്യത്തെ തലകീഴാക്കുന്ന ഗീബല്‍സിയന്‍ നുണപ്രചാരണം, ഞാന്‍ ഞാന്‍ എന്നു സദാ പ്രയോഗം. കാമറകള്‍ കാണുമ്പോഴുള്ള അമിത കമ്പം, ഇതര മതസ്ഥരെ ദേശക്കൂറില്ലാത്തവരായി കാണല്‍- ഇങ്ങനെ തുടങ്ങി സമകാലിക ഇന്ത്യന്‍ ഭരണകൂടവും ഹിറ്റ്‌ലറും തമ്മിലുള്ള സാദൃശ്യങ്ങള്‍ കോപ്പിയടിച്ച പോലെ സ്പഷ്ടമാണ്. സ്വന്തം പാര്‍ലമെന്റ് മന്ദിരത്തിനു തീവയ്ക്കാനും മടിയില്ലാതിരുന്ന ഹിറ്റ്‌ലറുടെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നവരാണ് സംഘപരിവാര സംഘടനകള്‍. കേരളത്തില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ബീഫ്‌ഫെസ്റ്റ് നടത്തി ഭക്ഷിക്കാനുള്ള അവകാശത്തിനായി പോരാടുമ്പോള്‍, തൃശൂര്‍ കേരളവര്‍മ കോളജിലെ ദീപ നിശാന്തിനെപ്പോലുള്ള അധ്യാപികമാര്‍ പിരിച്ചുവിടല്‍ ഭീഷണി നേരിടുമ്പോള്‍, കലാലയങ്ങളെ ക്ഷേത്രമായി മാറ്റുമ്പോള്‍, ഗള്‍ഫില്‍ ബീഫ് ബഹിഷ്‌കരിച്ചുകൊണ്ടുള്ള പ്രതികരണങ്ങളും ചൂടുപിടിക്കുകയാണ്.

ഇന്ത്യക്കാര്‍ക്കു കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണപദാര്‍ഥം എന്തിനു കയറ്റുമതി ചെയ്യണം എന്നാണവരുടെ ചോദ്യം.എല്ലാം ദേശീയതലത്തില്‍ നടക്കുന്നതല്ലേ, ഉത്തരേന്ത്യ പണ്ടും ഇങ്ങനെയല്ലേ എന്ന് മനസ്സമാധാനംകൊള്ളാന്‍ കഴിയാത്തവിധം കേരളത്തിന്റെ നിലപാടുകള്‍ നമ്മെ വാപിളര്‍ന്ന് കൊഞ്ഞനംകാട്ടുന്നുമുണ്ട്. ബീഫ് ഫെസ്റ്റിന്റെ പേരില്‍ ദീപാ നിശാന്തിനെതിരേ അന്വേഷണവും ആറ് എസ്.എഫ്.ഐ. പ്രവര്‍ത്തകരെ സസ്‌പെന്‍ഡ് ചെയ്യലും ഒറ്റയടിക്ക് നടത്താന്‍ തയ്യാറായ കോളജ് മാനേജ്‌മെന്റ് ഒറ്റപ്പെട്ട കേസല്ല- മാനേജ്‌മെന്റ്തലങ്ങളില്‍ ബി.ജെ.പി. പ്രണയം മൂത്തുനില്‍ക്കുന്ന നിരവധി പ്രമുഖര്‍ മുഖമൊളിപ്പിച്ച് താക്കോല്‍സ്ഥാനങ്ങളിലിരിപ്പുണ്ട് എന്നതിന് മോദി അധികാരത്തില്‍ വന്നശേഷം ഉദാഹരണങ്ങള്‍ നിരവധിയാണ്.

ഫാഷിസത്തിനും വര്‍ഗീയതയ്ക്കുമെതിരേ സംസ്‌കൃത വാഴ്‌സിറ്റിയില്‍ ഗവേഷകവിദ്യാര്‍ഥികള്‍ക്ക് സെമിനാര്‍ നടത്താന്‍ അനുമതി നിഷേധിച്ചതും ഒറ്റപ്പെട്ടതല്ല. വരാനിരിക്കുന്ന ഇത്തരം സംഭവങ്ങളുടെ തുടര്‍ച്ച മാത്രമാണത്. തൃശൂര്‍ കേരളവര്‍മ കോളജ് അധികൃതര്‍ മറ്റൊന്നിനുകൂടി വളംവച്ചുകൊടുത്തതിന്റെ പ്രത്യാഘാതമാണ് ഇപ്പോഴത്തെ ക്ഷേത്രമുറവിളി. കോളജ് കാംപസിന്റെ മൂലയിലുള്ള ആല്‍മരത്തിന് ചുവടെ ആരോ കൊണ്ടിട്ട ഒരു വിഗ്രഹത്തെ അതേ അജ്ഞാതര്‍ ഒരുദിവസം കോളജ് ഓഫിസിനു മുമ്പില്‍ പ്രതിഷ്ഠിച്ചതിന് സമ്മതംമൂളി. പിന്നീട് ഇതേ അജ്ഞാതര്‍ അവിടെ വിളക്ക് കത്തിച്ചപ്പോഴും വിലക്കിയില്ല. പിന്നീടായിരുന്നു പൂജാരിയുടെ രംഗപ്രവേശം.

അന്നുമവര്‍ മൗനസമ്മതം നല്‍കി. ഇത്തരം മൗനസമ്മതങ്ങള്‍ എവിടെയും എപ്പോഴും സംഭവിക്കുന്നു. ഇങ്ങനെ ഫാഷിസത്തിന് വെള്ളവും വളവും നല്‍കുന്നവര്‍ ഫാഷിസ്റ്റുകളേക്കാള്‍ ആപല്‍ക്കാരികളാണ്. പശുവിനെ അതിരറ്റു സ്‌നേഹിച്ച, കുഞ്ഞുനാളിലേ ഗോവധ നിരോധനം സ്വപ്‌നംകണ്ടതായി മേനിനടിക്കുന്ന ഫഡ്്‌നാവിസിന്റെ മറാഠാ രാജ്യത്തു തന്നെയാണ് ഹിന്ദുസന്ന്യാസിശ്രേഷ്ഠന്‍ യജ്ഞവാല്‍ക്യ പശുവിറച്ചി തിന്നു ജീവിച്ചത്.

ഇന്ത്യയില്‍ ഹിന്ദു എന്ന് അവകാശപ്പെടുന്നവരില്‍ 60 ശതമാനവും മാംസഭുക്കുകളാണ്. സസ്യാഹാരികളെന്ന് അവകാശപ്പെടുന്ന ബാക്കി 40ല്‍ ഒമ്പതുശതമാനം കോഴിമുട്ട തിന്നും. ഇവരില്‍ പശുപ്പാല്‍ കുടിക്കാത്തവര്‍ വളരെ വിരളം. 5000 വര്‍ഷത്തെ ആര്യ-ആര്‍ഷ സംസ്‌കൃതിക്ക് ഹിന്ദുക്കളില്‍നിന്നുപോലും മാംസാഹാര ആസക്തി തൂത്തെറിയാന്‍ കഴിഞ്ഞിട്ടില്ലെന്നര്‍ഥം. ഇന്ത്യയില്‍ പച്ചക്കറി മാത്രം കഴിക്കുന്നവര്‍ക്കായി കൃഷിയുല്‍പ്പാദനം ആരംഭിച്ചിട്ട് 2000 വര്‍ഷമായിട്ടില്ല. അതിനു മുമ്പ് സകല ഋഷിമാരും നായാട്ട് നടത്തി മാംസം കഴിച്ചിരുന്നതിന്റെ ഇതിഹാസങ്ങള്‍ അന്യത്ര. ഇപ്പോഴല്ലേ കാര്‍ഷികസമ്പ്രദായം വികസിച്ചുവന്നത്. അതുവരെ എന്തു തിന്നിട്ടാണ് മനുഷ്യര്‍ ജീവന്‍ നിലനിര്‍ത്തിയത്?ഇന്ദ്രന്‍ 15 കാളകളെ ഒറ്റയടിക്ക് വെട്ടിവിഴുങ്ങിയ കഥ ഋഗ്വേദം (10-16, 13-14) പറയുന്നുണ്ട്. ഗോമാംസം കഴിച്ചില്ലെങ്കില്‍ ബ്രാഹ്മണ്യം നഷ്ടപ്പെട്ടുപോവുന്ന ഒരു കാലമുണ്ടായിരുന്നതായി സ്വാമി വിവേകാനന്ദന്‍ രേഖപ്പെടുത്തുന്നു.

പശു ആരാധിക്കപ്പെടാന്‍ ഗ്രാമീണ ഇന്ത്യക്ക് ചില നിമിത്തങ്ങളുണ്ടായിരുന്നു. മഴയെ ആശ്രയിച്ചു കൃഷി നടത്തുന്ന ഇന്ത്യന്‍ ഗ്രാമീണര്‍ മഴയില്ലെങ്കില്‍ വരള്‍ച്ചയും വറുതിയും നേരിടുക പതിവായിരുന്നു. അപ്പോള്‍ തൊഴുത്തില്‍ കിടക്കുന്ന കാളയെ അറുത്തുതിന്നും. ഫലം, മഴ തകര്‍ത്തുപെയ്താലും പാടം ഉഴുതുമറിക്കാന്‍ കന്നുകാലികളുണ്ടാവില്ല. ഈ ദുരന്തം മറികടക്കാനാണ് ഗോവധ നിരോധനം മതപരമാക്കിയത്. അതിനാല്‍ വറുതിക്കാലത്തേക്ക് കര്‍ഷകര്‍ കരുതിവയ്ക്കാന്‍ തുടങ്ങി. പശു മാതാവായി വിലസാനും തുടങ്ങി.  ബ്രാഹ്്മിണ്‍ കുടതന്ത്രയാഗത്തിന് 700 പശുക്കളെ അറുക്കണമായിരുന്നുവെന്ന് ദിഗാനിക്കായ എന്ന ബുദ്ധ വേദഗ്രന്ഥം വ്യക്തമാക്കുന്നു.

യാഗത്തിന് ബലിയറുത്ത വിശുദ്ധ പശുക്കളെ തിന്നുന്നതു തെറ്റല്ലെന്നു മനു വിധിക്കുന്നു. അര്‍ഥശാസ്ത്രം കറവയുള്ള പശുക്കളെ കൊല്ലരുതെന്നേ പറയുന്നുള്ളൂ. ഉഗ്രപ്രതാപിയായ ഹൈന്ദവസന്ന്യാസിവര്യന്‍ യജ്ഞവാല്‍ക്യ ”ഞാന്‍ ഏറ്റവും മുന്തിയ ഗോമാംസം മാത്രമേ കഴിക്കൂ” എന്നാണു പറഞ്ഞത്. വറുതിയും ക്ഷാമവും സുസ്ഥിര പ്രതിഭാസമായതോടെ പൗരാണിക ഇന്ത്യയില്‍ പശുവിന് വില വര്‍ധിച്ചു. പാല്‍ അവശ്യവസ്തുവായി മാറി. അപ്പോള്‍ പശുക്കളെ കൊല്ലുന്നത് വലിയ നഷ്ടക്കച്ചവടമായിത്തീര്‍ന്നു. ബുദ്ധമതവും ജൈനമതവും ഈ വേളയില്‍ ഇടപെട്ടാണ് പശു, കാള എന്നിവയെ കൊല്ലുന്നതും തിന്നുന്നതും വിലക്കിയത്. അല്ലാതെ ഹിന്ദുമതമല്ല.

അക്കാലത്തെ വധമാവട്ടെ, വളരെ ക്രൂരവുമായിരുന്നു. എന്നാല്‍, ബുദ്ധമതവും ജൈനമതവുമൊക്കെ വിദേശത്തേക്കു പോയെങ്കിലും ഗോവധ നിരോധനം ഇവിടെ നിലനിന്നു. അതാണ് പിന്നീട് ബ്രാഹ്മണര്‍ ഏറ്റെടുത്തത്. (ജെ.എന്‍.യു. പ്രഫസര്‍ അശോക് സഞ്ജയ് ഗുഹയോട് കടപ്പാട്).മിശ്രവിവാഹിതരാവുന്ന ഹിന്ദു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി ഓര്‍മശക്തി നശിപ്പിക്കുന്ന രഹസ്യസംവിധാനങ്ങളുടെ കഥ വെളിപ്പെടുത്തിയത് കോബ്ര പോസ്റ്റും ഓപറേഷന്‍ ജൂലിയറ്റുമാണ്. പല കേന്ദ്ര-സംസ്ഥാന മന്ത്രിമാരും എം.പിമാരും ഒളിഞ്ഞും തെളിഞ്ഞും ഇത്തരം സംഭവങ്ങളെ ന്യായീകരിച്ചുകൊണ്ടിരിക്കുന്നു. ഖാന്‍ സിനിമകള്‍ കാണരുതെന്ന് കല്‍പ്പന പുറപ്പെടുവിക്കുന്നിടത്ത് എത്തിനില്‍ക്കുന്നു ഫാഷിസത്തിന്റെ നവവാഴ്ച.പ്രശസ്ത എഴുത്തുകാരിയും ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സഹോദരീപുത്രിയുമായ നയന്‍താര സെഹ്ഗാള്‍ തന്റെ സാഹിത്യ അക്കാദമി അവാര്‍ഡ് തിരിച്ചുനല്‍കിയത് ശുഭസൂചകമാണ്.

വിയോജിക്കാനുള്ള അവകാശം നിലനിര്‍ത്താനുള്ള പോരാട്ടത്തില്‍ കൊല്ലപ്പെട്ട എം എം കല്‍ബുര്‍ഗി, ദബോല്‍കര്‍, പന്‍സാരെ എന്നിവരോടുള്ള ആദരസൂചകമായും അഖ്‌ലാഖിന്റെ കൊലപാതകം സൃഷ്ടിച്ച ആഘാതവുമാണു കാരണം. 1986ലാണ് അവര്‍ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിരുന്നത്. എഴുത്തുകാരെ കൊന്നിട്ടും സാഹിത്യ അക്കാദമി പ്രതിഷേധിക്കാത്തതാണ് നയന്‍താരയെ ചൊടിപ്പിച്ചത്. ഹിന്ദി എഴുത്തുകാരന്‍ ഉദയ് പ്രകാശും മറ്റ് ആറ് കന്നഡ എഴുത്തുകാരും ഇപ്രകാരം പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കുകയുണ്ടായി. ഇതില്‍ നല്ല പാഠങ്ങളുണ്ട്; ശുഭപ്രതീക്ഷകളും. അതിനാല്‍ ഫാഷിസം ഏറെ വൈകാതെ ഇന്ത്യയില്‍ ഒറ്റപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍, ഫാഷിസത്തിനെതിരേ എല്ലാവിഭാഗം ജനങ്ങളും ഒരുമിച്ച് പോരാടേണ്ട സമയമായിരിക്കുന്നു എന്ന സന്ദേശമാണ് ഇവ നല്‍കുന്നത്. പലരും ചൂണ്ടിക്കാട്ടുന്നതുപോലെ വിഷ്ണുവിന്റെ വരാഹാവതാരമാണ് മല്‍സ്യം എന്നതിനാല്‍ എന്നുതൊട്ടാണ് മല്‍സ്യാഹാരം ഇന്ത്യയില്‍ നിരോധിക്കാന്‍പോവുന്നതെന്നു കാത്തിരിക്കുക. (അവസാനിച്ചു.)….

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 83 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക