|    Feb 25 Sat, 2017 7:35 pm
FLASH NEWS

ഫാഷിസത്തിന്റെ മയക്കുവെടി

Published : 30th November 2016 | Posted By: SMR

പി  അഹ്മദ് ശരീഫ്

കഴിഞ്ഞ രണ്ടാഴ്ചയായി ചെന്നൈയിലാണ്. 500, 1000 നോട്ടുകള്‍ അവിടെ ഒരുനിലയ്ക്കും എടുക്കുകയില്ല. പക്ഷേ, താമസിക്കുന്ന ഹോട്ടലിന്റെ തൊട്ടടുത്ത പെട്രോള്‍ ബങ്കില്‍ 1,000 രൂപ കൊടുത്താല്‍ നൂറിന്റെ എട്ടു നോട്ടുകള്‍ തരും. 200 രൂപ ഓരോ 1000നും ലാഭം. അങ്ങനെ പെട്രോള്‍ പമ്പുകാരന്‍ മാത്രമല്ല, എല്ലാ ഇടത്തട്ടുകാരും വന്‍ ലാഭമുണ്ടാക്കിയപ്പോള്‍ അധ്വാനിച്ചു ജീവിക്കുന്ന അടിസ്ഥാനവര്‍ഗത്തിന്റെ നിലനില്‍പ്പിന്റെ പ്രശ്‌നങ്ങള്‍ രാജ്യം അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്.
ഒരുകോടി കള്ളപ്പണം കൈവശമുണ്ടെങ്കില്‍ ഡല്‍ഹിയില്‍ 75 ലക്ഷം വെള്ളപ്പണം ഇപ്പോള്‍ ലഭ്യമാണ്. ദുബയില്‍ ഒരുകോടിക്ക് 30 ലക്ഷമാണ് കമ്മീഷന്‍. ചെന്നൈ പാരിസിലെ തിരക്കുപിടിച്ച ഗല്ലിയില്‍ തരംപോലെ മാറ്റിക്കൊടുക്കാന്‍ ഏജന്റുമാര്‍ പരക്കംപായുന്നു. കോഴിക്കോട് ഉള്‍പ്പെടെ എയര്‍പോര്‍ട്ടുകളില്‍ ദിര്‍ഹം/റിയാല്‍ ഉണ്ടോ സര്‍ എന്നു ചോദിച്ച് ഗള്‍ഫുകാരനെ നോട്ടമിടുന്ന ഏജന്റുമാരും ഇന്ത്യന്‍ രൂപ വെളുപ്പിച്ചുതരാമെന്ന് ഉറക്കെ വിളിച്ചുകൂവുന്നു. അവരുടെയെല്ലാം നാവില്‍ ഒരു മന്ത്രമേയുള്ളു- മോദി കീ ജയ്. മോദി വാഴുന്നിടത്തോളം രണ്ടാംനമ്പര്‍ ഇടപാടിലൂടെ മേലനങ്ങാതെ പണമുണ്ടാക്കാം. അസാധുവാക്കപ്പെട്ട 500ഉം 1000ഉം കൊണ്ടുപോയി ഇവരൊക്കെ അവ വലിച്ചുകീറി വളപട്ടണത്ത് പ്ലൈവുഡ് ഉണ്ടാക്കാന്‍ കൊടുക്കുകയാണോ? അല്ലെങ്കില്‍ പിന്നെ ബാങ്ക് മാനേജര്‍മാര്‍ ഇവ പുതിയ നോട്ടാക്കി മാറ്റിക്കൊടുക്കുന്നു എന്നു തീര്‍ച്ചയല്ലേ.
നോട്ട് അസാധുവാക്കിയതോടെ ദുരിതത്തിലായ ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങള്‍ പണ്ടായിരുന്നെങ്കില്‍ തെരുവിലിറങ്ങി സകലവും ചുട്ടുചാമ്പലാക്കിയിട്ടുണ്ടാവും. എന്നാല്‍, ഈ കഠിന ദിനരാത്രങ്ങളില്‍പോലും അത്തരം പ്രതികരണങ്ങള്‍ താരതമ്യേന കുറവാണ്. പ്രക്ഷോഭത്തിനു കോപ്പുകൂട്ടുന്ന ഓരോ നേതാവിനെയും മോദിയുടെ കിങ്കരന്‍മാര്‍ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നുവെന്നാണ് ഡല്‍ഹിയില്‍ നിന്നുള്ള അടക്കിപ്പിടിച്ച സംസാരം.
പ്രക്ഷോഭത്തിനിറങ്ങാറുണ്ടായിരുന്ന മധ്യവര്‍ഗ തൊഴിലാളികളും വൈറ്റ് കോളര്‍ ബുദ്ധിജീവികളും ഒന്നുകില്‍ ഭരണകൂടത്തെ അത്രമേല്‍ ഭയപ്പെടുന്നു. അതല്ലെങ്കില്‍ മോദിക്കൂട്ടങ്ങളുടെ മയക്കുവെടിയില്‍ ആകൃഷ്ടരായി അവര്‍ സ്വപ്‌നലോകത്ത് സുഖസുഷുപ്തിയിലാണ്. ഫാഷിസത്തെയും മോദിരാജിനെയും നഖശിഖാന്തം എതിര്‍ത്തിരുന്ന ചില രാഷ്ട്രീയ-സാംസ്‌കാരിക നായകന്‍മാര്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ മോദി ചെയ്തത് നല്ലതാണെന്നു പറയുന്ന കാലമാണിത്.
മോദി മെഷിനറി പടച്ചുവിടുന്ന നോട്ട് പ്രതിസന്ധിയെക്കുറിച്ച തമാശകള്‍ അബോധപൂര്‍വം ഷെയര്‍ ചെയ്യുന്നവര്‍ തങ്ങള്‍ അറിയാതെ ഒരു ദൂര്‍ഭരണത്തിന് കുഴലൂതുകയാണെന്നു തിരിച്ചറിയുമ്പോഴേക്കും ഒരു ജനതതി സമ്പൂര്‍ണ ഷണ്ഡീകരണത്തിനു വിധേയമായിക്കഴിഞ്ഞിട്ടുണ്ടാവും. അവര്‍ ബാങ്കുകള്‍ക്കു മുമ്പില്‍ വൈകുന്നേരം വരെ ക്യൂ നിന്ന് ഒടുവില്‍ പോലിസിന്റെ ലാത്തിയും സെക്യൂരിറ്റിക്കാരുടെ തൊഴിയും വാങ്ങി വീട്ടിലേക്കു മടങ്ങി പട്ടിണികിടക്കുന്നവരുടെ സങ്കടം കാണുന്നില്ല.
നാടെത്തിനില്‍ക്കുന്ന ഭയാനകമായ സ്ഥിതിവിശേഷം ഉറക്കെപ്പറയാന്‍ സുപ്രിംകോടതി വേണ്ടിവന്നു. എന്തിനും ഏതിനും പ്രക്ഷോഭരംഗത്തിറങ്ങാറുണ്ടായിരുന്ന ഇടതുകക്ഷികള്‍ വരെ അമാന്തിച്ചുനില്‍ക്കുന്നതു കാണുമ്പോള്‍ സാധാരണ ജനങ്ങള്‍ മൂക്കത്ത് വിരല്‍ വച്ച് എന്തുകൊണ്ടിതെന്നു കുണ്ഠിതപ്പെടുന്നു. ഇടതുപക്ഷത്തിന്റെ പ്രധാന ഭയം ജനങ്ങള്‍ അനുഭവിക്കുന്ന നരകയാതനകളെക്കാള്‍ തങ്ങളുടെ സഹകരണസംഘങ്ങള്‍ പൂട്ടിപ്പോവുമെന്നതുമായി ബന്ധപ്പെട്ടു നില്‍ക്കുന്നു.
സംഘപരിവാര സഹയാത്രികര്‍ ഒടുവിലായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത് പഴയകാല പ്രക്ഷോഭങ്ങളുടെ പരിണത ഫലം എന്തായിരുന്നു എന്നാണ്. പ്രീഡിഗ്രി ബോര്‍ഡ് സമരം, കംപ്യൂട്ടര്‍ വിരുദ്ധ സമരം, ടെലികോം നവീകരണ വിരുദ്ധ സമരങ്ങള്‍, സൂപ്പര്‍മാര്‍ക്കറ്റ് ഭീമന്മാര്‍ക്കെതിരായ സമരം, മുല്ലപ്പെരിയാര്‍ പ്രക്ഷോഭം, കോല വിരുദ്ധ മുന്നേറ്റം, ട്രാക്ടര്‍ വിരുദ്ധ കലഹം എന്നിവയെല്ലാം ഇപ്പോഴെന്തായി എന്നാണു ചോദ്യം. അതേപോലെ നോട്ട് വിരുദ്ധ സമരവും ചവറ്റുകൊട്ടയിലെറിയപ്പെടുമത്രെ. പുതിയ 2,000 രൂപ നോട്ട് ലോകത്തിലെ ഏറ്റവും മികച്ച കറന്‍സിയായി യുനെസ്‌കോ തിരഞ്ഞെടുത്തു എന്ന നട്ടാല്‍ മുളയ്ക്കാത്ത നുണ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.
82 ശതമാനം ഇന്ത്യക്കാരും മോദിയുടെ നോട്ട് അസാധുവാക്കലിനെ അനുകൂലിക്കുന്നു എന്നായിരുന്നു പ്രചാരണം. അതു പൊളിഞ്ഞപ്പോള്‍ മോദി സ്വന്തം ആപ്ലിക്കേഷനുണ്ടാക്കി കൃത്രിമ പിന്തുണ സൃഷ്ടിച്ച നാടകവും തകര്‍ന്നു. ഗുജറാത്ത് വ്യാപാരി ലാല്‍ജി ഭായി പട്ടേല്‍ 6,000 കോടി കള്ളപ്പണം ബാങ്കിലടച്ചു എന്ന കള്ളക്കഥയും ഇരുട്ടി വെളുക്കുംമുമ്പ് നുണയായിരുന്നുവെന്ന് തെളിഞ്ഞു. പുലിമുരുകന്‍ കാണാനും കബാലി കാണാനും ബിവറേജസിലും ക്യൂ നില്‍ക്കുന്നവര്‍ക്കെന്താ ബാങ്കില്‍ ക്യൂ നിന്നാല്‍ എന്ന് നാവിട്ടലയ്ക്കുന്ന ലാലേട്ടന്‍മാരുടെ ലക്ഷ്യം ജനത്തെ മയക്കിക്കിടത്തലാണ്. പ്രസ്തുത മയക്കുമരുന്ന് അബോധപൂര്‍വം കേവലം തമാശ എന്ന നിലയ്ക്ക് ഷെയര്‍ ചെയ്യുന്നവരാണ് അധികമാളുകളും. മറ്റൊരു കൂട്ടര്‍, ബാങ്കുകളില്‍ കശപിശ ഉണ്ടാക്കരുത്, കഷ്ടപ്പെടുന്ന ബാങ്ക് ഉദ്യോഗസ്ഥരെച്ചൊല്ലി ക്ഷമിച്ചു മാറിനില്‍ക്കുക തുടങ്ങിയ വിലപ്പെട്ട ഉപദേശങ്ങള്‍ ജനങ്ങള്‍ക്കു നല്‍കി സഹനപാഠം പഠിപ്പിക്കുന്നു. കൈയില്‍ പൈസയില്ലാത്തതില്‍ അഭിമാനം തോന്നിയ ദിവസം, പട്ടിണി കിടക്കുന്നതില്‍ ആഹ്ലാദം കണ്ടെത്തിയ സമയം തുടങ്ങിയ തോന്നലുകളുടെ പ്രചാരണവും ശ്രദ്ധിക്കുക. ഒന്നുകില്‍ ബാങ്കില്‍ മദ്യം കൊടുക്കുക, അല്ലെങ്കില്‍ മദ്യേഷാപ്പില്‍ പഴയ നോട്ട് സ്വീകരിക്കുക എന്നും മറ്റും പ്രചരിപ്പിക്കുന്നവരുടെ സദുദ്ദേശ്യവും ചിന്തനീയമാണ്. നീറോ ചക്രവര്‍ത്തി തന്റെ ഭരണകാലത്ത് രാജ്യം മുഴുവന്‍ പട്ടിണിയും നരകയാതനയും കൊടികുത്തിവാഴുമ്പോള്‍ തെരുവിലിറങ്ങി കൊള്ള തുടങ്ങിയ ജനത്തെ മയക്കിക്കിടത്തിയത്രെ. നൈല്‍ നദീതീരത്തുനിന്ന് 14 കപ്പലുകള്‍ നിറയെ പഞ്ചാരമണല്‍ ഇറക്കുമതി ചെയ്ത് അവ ഒരു മൈതാനിയില്‍ വിരിച്ചശേഷം 14 യുവസുന്ദരികളെ തിരഞ്ഞെടുത്ത് 14 കോവര്‍കഴുതകളെയും അണിനിരത്തി. ഷോ പൂര്‍ണമായും സൗജന്യമായിരിക്കുമെന്ന് രാജവിളംബരമുണ്ടായതോടെ റോമക്കാര്‍ ഒന്നടങ്കം മൈതാനിയിലേക്ക് ഇടിച്ചുകയറി. പരിശീലനം നേടിയ കോവര്‍കഴുതകള്‍ സുന്ദരിമാരെ ബലാല്‍സംഗം ചെയ്യുന്ന മണിക്കൂറുകള്‍ നീണ്ട ഷോ കണ്ട് തെരുവിലിറങ്ങി നൃത്തം ചെയ്തതോടെ ജനം പട്ടിണി മറന്നു.
ഫാഷിസത്തിന് ഇത്തരം മയക്കുമരുന്നുകള്‍ ധാരാളം കൈവശമുണ്ടാവും. ഏക സിവില്‍കോഡിനു ചുറ്റും കെട്ടിത്തിരിയാന്‍ മുസ്‌ലിം സംഘടനകളെ നിയോഗിച്ച ശേഷമാണ് നരേന്ദ്രമോദി നോട്ടുകളുടെ മേല്‍ കൈവച്ചത്. അതിനാല്‍ ജനം ബാങ്കുകളില്‍ ക്യൂ നില്‍ക്കുമ്പോഴും മുസ്‌ലിം നേതൃത്വം സിവില്‍കോഡ് സമ്മേളനങ്ങളില്‍ നിന്നു വിമുക്തരായിട്ടില്ല. ഓരോ രാഷ്ട്രീയസംഘടനകളെയും എടുത്തുനോക്കുക. അവര്‍ ഓരോ നിലയ്ക്ക് തിരക്കുകളിലായിരുന്നു. മാവോവാദികളെ വെടിവച്ചുകൊന്നതും ഫൈസല്‍ വധവുമടക്കം ശ്രദ്ധതിരിക്കാനും പുതിയ വിഷയങ്ങള്‍ നിര്‍മിക്കാനുമുള്ള തന്ത്രങ്ങള്‍ കേരളത്തില്‍പോലും നടപ്പാക്കപ്പെടുന്നു. അതിനിടെ 2012 വരെ ഇന്ത്യന്‍ പൗരത്വമില്ലാതിരുന്ന ഊര്‍ജിത് പട്ടേല്‍ എങ്ങനെ, എപ്പോള്‍ പുതിയ 2,000 രൂപ നോട്ടില്‍ ഒപ്പുവച്ചു എന്ന് ആലോചിക്കാന്‍ നമുക്ക് നേരമുണ്ടാവില്ല. ഒന്നരമാസം തികയാത്ത ഈ ആര്‍ബിഐ ഗവര്‍ണര്‍ ആറുമാസം മുമ്പ് അച്ചടിച്ചു എന്ന് ധനകാര്യമന്ത്രി പറയുന്ന നോട്ടില്‍ ഒപ്പുവച്ചത് അധികാരം ഏല്‍ക്കുന്നതിനു മുമ്പായിരിക്കുമോ?
രണ്ടാഴ്ച മുമ്പ് ദൂരദര്‍ശന്‍ റിക്കാഡ് ചെയ്ത പ്രധാനമന്ത്രിയുടെ അതീവ രഹസ്യമായി സൂക്ഷിച്ച, എന്നാല്‍ വേണ്ടപ്പെട്ടവര്‍ക്ക് വിവരം നല്‍കിയ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന്റെ നിയമസാധുതയ്‌ക്കെതിരേ ഒരു ജെപി മോഡല്‍ പ്രക്ഷോഭത്തിന് എന്തുകൊണ്ട് പ്രതിപക്ഷത്തിനു കഴിയുന്നില്ല?

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 111 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക