|    Jul 24 Mon, 2017 2:15 pm
Home   >  Editpage  >  Lead Article  >  

ഫാഷിസത്തിന്റെ പുതുരൂപങ്ങള്‍

Published : 20th February 2016 | Posted By: SMR

ടി ജി ജേക്കബ്

അമേരിക്ക പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ജ്വരത്തിലാണ്. ഈ തിരഞ്ഞെടുപ്പിലെ ആദ്യ അങ്കമാണിപ്പോള്‍ പയറ്റിക്കൊണ്ടിരിക്കുന്നത്. ഡെമോക്രാറ്റ്-റിപബ്ലിക്കന്‍ സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പാണത്. വരുംനാളുകളില്‍ കൊടുമ്പിരികൊള്ളാന്‍ പോവുന്ന ആഭ്യന്തര-ലോക വിഷയങ്ങള്‍ അവതരിച്ചുകഴിഞ്ഞു. അമേരിക്കയില്‍ ഏറ്റവും കടന്ന മൂരാച്ചിയെ അധികാരത്തില്‍ കൊണ്ടുവരാനുള്ള ഗൂഢാലോചനയുടെ ഭാഗമെന്നു തോന്നിപ്പിക്കുന്ന രീതിയില്‍ വടക്കന്‍ കൊറിയ ന്യൂയോര്‍ക്ക് വരെ ലക്ഷ്യമാക്കാവുന്ന ആണവ മിസൈല്‍ പരീക്ഷിക്കുകയും ചെയ്തു. ‘അമേരിക്കന്‍ സുരക്ഷ’- സാമ്പത്തികവും രാഷ്ട്രീയവും ആയ സുരക്ഷ ഇപ്പോള്‍ തന്നെ തിരഞ്ഞെടുപ്പിലെ മുഖ്യ വിഷയമായിക്കഴിഞ്ഞു.
ഈ തിരഞ്ഞെടുപ്പ് അമേരിക്കന്‍ ഫാഷിസത്തിന്റെ മുഖം ലോകത്തിനു മുന്നില്‍ അതിന്റെ എല്ലാ യാഥാര്‍ഥ്യങ്ങളോടുംകൂടി വരച്ചുകാണിക്കുന്നു. റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ മുന്‍നിരസ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് ആണ് ഈ ഫാഷിസത്തിന്റെ ഏറ്റവും വാചാലനായ പ്രതിനിധി. ലോകതലത്തില്‍ അമേരിക്കന്‍ മേല്‍ക്കോയ്മയെ വെല്ലുവിളിക്കാന്‍ ആരുമില്ലെന്ന അമിത ലളിതവല്‍ക്കരണത്തില്‍നിന്നാണ് ഈ ഫാഷിസം ശക്തിയാര്‍ജിക്കുന്നത്. യുദ്ധാവസ്ഥ ഒരു സ്ഥിരം പ്രതിഭാസമായി മാറിയിരിക്കുന്ന, പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതില്‍ക്കൂടിയും പിന്നീട് ആ പ്രശ്‌നങ്ങള്‍ പരിഹരിക്കാനെന്നപേരിലും ഒരേ മൂലധനം തന്നെ കൊള്ളനടത്തുന്ന ആധുനിക സാമ്രാജ്യത്വ മുതലാളിത്ത രീതിയാണ് ഈ ഫാഷിസത്തിന്റെ താത്വികവും പ്രായോഗികവുമായുള്ള അടിത്തറ.
റിപബ്ലിക്കന്‍ പാര്‍ട്ടിയിലെ കഴുകന്‍മാരാണ് ഫാഷിസത്തിന്റെ തുറന്നവക്താക്കളായി വലതുപക്ഷ ധ്രുവീകരണം ഫലപ്രദമായി നടപ്പാക്കാന്‍ കൊണ്ടുപിടിച്ചു ശ്രമിക്കുന്നത്. സ്ത്രീവിരുദ്ധതയും മുസ്‌ലിംവിരുദ്ധതയും കറുപ്പ് വിരുദ്ധതയും ലോക കരുതല്‍വിഭവങ്ങള്‍ സ്വന്തം ആവശ്യത്തിനുവേണ്ടിയുള്ളതാണെന്നുള്ള പ്രാകൃത മനസ്ഥിതിയുമാണ് ഈ കഴുകന്മാരുടെ മുഖമുദ്ര. ലോകതലത്തില്‍ ഇന്ധനം മൊത്തം അമേരിക്കന്‍ വരുതിയിലാക്കണമെന്നും അങ്ങനെയൊരു അവസ്ഥയേ അമേരിക്കന്‍ ആധിപത്യത്തിനെ സ്ഥായിയാക്കുകയുള്ളൂവെന്നും അവര്‍ അടിയുറച്ചു വിശ്വസിക്കുന്നുണ്ട്. അതിനുവേണ്ടി യുദ്ധങ്ങളും പീഡനകേന്ദ്രങ്ങളും അനിവാര്യമാണെന്നും അവര്‍ വിശ്വസിക്കുന്നു. പീഡനമുറകള്‍ ഇപ്പോള്‍ ആവശ്യത്തിനു പ്രാകൃതവും ക്രൂരവുമല്ല എന്നു പറയാന്‍ യാതൊരു ജാള്യവുമില്ല. അമേരിക്കയുടെ ‘ദൈവിക’ നിയോഗം പൂര്‍ണമാക്കാന്‍ ഇതൊക്കെ വേണം. അതിലൊന്നും യാതൊരുതരത്തിലുമുള്ള മാനുഷിക വികാരങ്ങള്‍ക്ക് ഇടമില്ല. മറിച്ച്, ഇതൊക്കെത്തന്നെയാണ് യഥാര്‍ഥ മാനുഷിക വികാരങ്ങള്‍ എന്നും ധ്വനിയുണ്ട്.
റിപബ്ലിക്കന്‍ പാര്‍ട്ടിയിലെ തീവ്ര വലതുപക്ഷം ലോകതലത്തില്‍ അമേരിക്കന്‍ ആധിപത്യം ഏതു മാര്‍ഗം ഉപയോഗിച്ചും നിലനിര്‍ത്തുകയും വളര്‍ത്തുകയും ചെയ്യുമെന്നാണ് അവിടത്തെ ജനങ്ങള്‍ക്ക് വാഗ്ദാനം നല്‍കുന്നത്. വിഭവങ്ങളും വിപണികളും പിടിച്ചെടുക്കാനുള്ള ഒടുങ്ങാത്ത ആര്‍ത്തിയാണ് ഇതു കാണിക്കുന്നത്. ആഗോള മൂലധനത്തെ പൊതിഞ്ഞിരിക്കുന്ന പ്രതിസന്ധിയെ നേരിടണമെങ്കില്‍ ഇങ്ങനെയൊരു മാര്‍ഗം മാത്രമേ മുന്നിലുള്ളൂ എന്ന തിരിച്ചറിവ് ഇതിനു പിന്നിലുണ്ട്. അമേരിക്കന്‍-ആഗോള മൂലധനത്തിന്റെ ശക്തിയല്ല ഇതു കാണിക്കുന്നത്. മറിച്ച്, അതിന്റെ ദൗര്‍ബല്യമാണീ വിടുവായത്തത്തിനു പിന്നില്‍.
സാമ്രാജ്യത്വ ആഗോളവല്‍ക്കരണം മൂലധനത്തിന്റെ ഘടനാപരമായ അസ്ഥിരതയ്ക്ക് പരിഹാരമാവാന്‍ കഴിയില്ല എന്ന വസ്തുത ഏറ്റവും അവസാനമായി ചൈന തെളിയിക്കുന്നു. ചൈനീസ് സമ്പദ്ഘടനയിലെ മാന്ദ്യം ലോകവ്യാപകമായി, പ്രത്യേകിച്ചും അമേരിക്കയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ കഴിവുള്ളതാണ്. അമേരിക്കന്‍ പ്രശ്‌നങ്ങള്‍ക്ക് ചൈനയുടെ മേല്‍ ഉത്തരവാദിത്തം കെട്ടിവയ്ക്കുന്ന വാദങ്ങള്‍ അമേരിക്കന്‍ സാമ്പത്തികവിദഗ്ധര്‍ ഉന്നയിക്കാന്‍ തുടങ്ങിയിട്ടുണ്ട്. അതിനു പുറമേ ഇപ്പോള്‍ വടക്കന്‍ കൊറിയ നടത്തിയ ആണവപരീക്ഷണവും തെക്കന്‍ ചൈന കടലില്‍ ചൈന നടത്തിക്കൊണ്ടിരിക്കുന്ന ‘പ്രകോപനങ്ങളും’ നിലവില്‍ തന്നെ 80 ശതമാനത്തില്‍ കൂടുതല്‍ പട്ടാളവല്‍ക്കരിക്കപ്പെട്ടിട്ടുള്ള അമേരിക്കന്‍ സമ്പദ്ഘടനയെ ഇനിയും അതേ വഴിക്ക് കൂടുതല്‍ ആഴത്തില്‍ താഴ്ത്തും. ഇറാനുമായി ആണവകരാര്‍ ഉണ്ടാക്കിയ സാഹചര്യത്തിലാണ് ഇതു നടക്കുന്നതെന്ന കാര്യം പ്രാധാന്യമര്‍ഹിക്കുന്നു. അതേസമയം തന്നെ ഇന്ധനത്തിന്റെ രാഷ്ട്രീയ-സമ്പദ്ശാസ്ത്ര ഗൂഢാലോചനകള്‍ അസംസ്‌കൃത എണ്ണയുടെ കമ്പോളവിലയെ മുമ്പില്ലാത്തവിധം ഇടിക്കുന്നത് സൗദി അറേബ്യ തുടങ്ങിയ അമേരിക്കന്‍ സഖ്യരാജ്യങ്ങളുടെ രാഷ്ട്രീയ-സാമ്പത്തിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ഇതെല്ലാം ചൂണ്ടിക്കാണിക്കുന്നത് അമേരിക്കന്‍ ആധിപത്യം വരുംനാളുകളില്‍ കൂടുതല്‍ സമ്മര്‍ദ്ദങ്ങള്‍ക്കു വിധേയമാവുമെന്നാണ്.
യുദ്ധം തുടങ്ങാന്‍ എളുപ്പമാണെന്ന് രണ്ടാം ലോകയുദ്ധം കഴിഞ്ഞുള്ള കാലയളവില്‍ പെന്റഗണ്‍ നിരവധി തവണ തെളിയിച്ചുകഴിഞ്ഞു. ഏറ്റവും അവസാനത്തെ തെളിവുകള്‍ ഇറാഖും അഫ്ഗാനിസ്താനും ലിബിയയും സിറിയയുമാണ്. നിലവിലുള്ള ഭരണകൂടങ്ങളെ മറിച്ചിടാന്‍ കഴിയും. പക്ഷേ, പകരം എന്ത് എന്നത് വലിയ ചോദ്യമായി അവശേഷിക്കുന്നു. അമേരിക്കയ്ക്ക് ഈ ചോദ്യത്തിനു മറുപടിയില്ല. യുദ്ധങ്ങളും അവയുണ്ടാക്കുന്ന അരാജകത്വവും മൂലധനസമാഹരണത്തെ ഒരളവുവരെ സഹായിക്കും. പക്ഷേ, അതിന്റെ നേട്ടങ്ങള്‍ താല്‍ക്കാലികമാണെന്നും കൂടുതല്‍ തീക്ഷ്ണമായ വൈരുധ്യങ്ങള്‍ പൊട്ടിപ്പുറപ്പെടാന്‍ ഒട്ടും കാലതാമസമുണ്ടാവില്ലെന്നും ആനുകാലിക ചരിത്രം പറയുന്നു. പശ്ചിമേഷ്യയില്‍ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ ആവിര്‍ഭാവം അത്തരത്തിലുള്ള ഒരു പരിണാമമായി കാണാന്‍ കഴിയും.
21ാം നൂറ്റാണ്ട് അമേരിക്കന്‍ നൂറ്റാണ്ടാണെന്നും ആയിരിക്കണമെന്നുമാണ് അവിടത്തെ കുത്തകകളുടെ നിലപാട്. ഡൊണാള്‍ഡ് ട്രംപ് മാതിരിയുള്ള ഫാഷിസ്റ്റുകള്‍ ഈ നിലപാടിന്റെ വക്താക്കളാണ്. മൂലധന ഉല്‍പാദനത്തിലെയും പ്രത്യുല്‍പാദനത്തിലെയും കടുത്ത അരാജകത്വമാണീ ഫാഷിസ്റ്റ് ചരിത്രവീക്ഷണത്തിന് വളംകൊടുക്കുന്നത്. ഇപ്പോഴത്തെ അമേരിക്കന്‍ തിരഞ്ഞെടുപ്പ് അര്‍ഥശങ്കയ്ക്കിടയില്ലാത്ത രീതിയില്‍ ഇതൊക്കെ ലോകജനതയ്ക്കു മുന്നില്‍ അവതരിപ്പിക്കുന്നുവെന്നു മാത്രം. മൂലധനത്തിന്റെ പ്രതിസന്ധികള്‍ എക്കാലവും ഇരുതല വാളായിരുന്നു. അത് ഫാഷിസത്തിനു വഴിവയ്ക്കാം. അതുപോലെ തന്നെ അത് മനുഷ്യത്വഗുണങ്ങള്‍ പ്രതിഫലിപ്പിക്കുന്ന സാമൂഹിക വ്യവസ്ഥയ്ക്ക് വഴിവയ്ക്കാം. ഇന്നത്തെ അമേരിക്കയിലാണെങ്കില്‍, അധികാരത്തില്‍ വരുകയാണെങ്കില്‍ ‘ഒബാമ കെയര്‍’ മാതിരിയുള്ള കുറച്ചെങ്കിലും ജനാധിപത്യസ്വഭാവമുള്ള പദ്ധതികള്‍ ചവറ്റുകൊട്ടയിലെറിയുമെന്നാണ് ട്രംപ് പറയുന്നത്.
മറ്റൊരു കാര്യം കൂടി ഇവിടെ സൂചിപ്പിക്കേണ്ടതുണ്ട്. 2008ല്‍ തീക്ഷ്ണമായ മൂലധന സമാഹരണ പ്രതിസന്ധിയെ അമേരിക്ക നേരിട്ടത് ജനങ്ങളുടെ പണം മുടക്കിയാണ്. വന്‍കിട ധനകാര്യ കുത്തകകള്‍ പൊളിയാന്‍ തുടങ്ങിയപ്പോള്‍ ഫെഡറല്‍ സര്‍ക്കാരും ബാങ്കും ആണ് ബില്യണ്‍ കണക്കില്‍ ഡോളര്‍ കൊടുത്ത് അവയെ താങ്ങിനിര്‍ത്തിയത്. അതായത് ധനകാര്യ കുത്തകകള്‍ അമിത ലാഭക്കൊതിമൂലം വരുത്തിവച്ച പ്രതിസന്ധിയില്‍നിന്ന് അവരെ രക്ഷിച്ചത് ജനങ്ങളുടെ പണമാണ്. 1930കളിലെ സാമ്പത്തികഭീകരത ഒഴിവാക്കുന്നതിന്റെ ആവശ്യകത അടിവരയിട്ടുകൊണ്ടാണ് കോര്‍പറേറ്റുകളെ കൈപിടിച്ചുകയറ്റിയത്. ഇതിനെതിരേ തെരുവുകളില്‍ പ്രതിഷേധങ്ങള്‍ തുടങ്ങിയെങ്കിലും ‘പൊതുനന്മ’യെ കരുതി അവ വ്യാപിച്ചില്ല. അതെന്നും അങ്ങനെയായിരിക്കുമെന്ന ഉരുക്കുനിയമങ്ങളൊന്നും ഇല്ല. പ്രതിസന്ധി അവസാനിച്ചിട്ടില്ലതാനും. മറിച്ച്, പ്രതിസന്ധി ലോകവ്യാപകമാവുകയാണ്. സ്ഥിരം പ്രതിസന്ധി എന്ന പ്രതിഭാസവുമായി ഇരകള്‍ ഇണങ്ങുമെന്നും അതു കയറ്റുമതി ചെയ്യുന്നതില്‍ക്കൂടി ആഭ്യന്തരമായി ലഘൂകരിക്കാന്‍ കഴിയുമെന്നുമാണ് കോര്‍പറേറ്റുകളുടെ കണക്കുകൂട്ടല്‍. $

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക