|    Jan 24 Tue, 2017 12:57 pm
FLASH NEWS

ഫാഷിസത്തിനെതിരേ പ്രതിരോധത്തിനുള്ള ആഹ്വാനമുയര്‍ത്തി സാമൂഹിക പ്രവര്‍ത്തകസംഗമം

Published : 1st October 2016 | Posted By: Navas Ali kn

1-rd
കെ പി ഒ

കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ   ‘നിര്‍ത്തൂ വെറുപ്പിന്റെ രാഷ്ട്രീയം’ ദേശീയ കാംപയിനോടനുബന്ധിച്ച് കോഴിക്കോട് ഹൈസണ്‍ ഹെറിറ്റേജില്‍ ചേര്‍ന്ന വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരേയുള്ള പോരാളിസംഗമം ഫാഷിസത്തെ പ്രതിരോധിക്കാനുള്ള കൂട്ടായാമയുടെ ഒത്തുചേരലായി. ഭൗതികമായും ആശയപരമായും രചനാപരമായും ഫാഷിസത്തെ പ്രതിരോധിക്കേണ്ടതിന്റെ പുതിയ ആഹ്വാനങ്ങളാണ് സംഗമത്തില്‍ ഉയര്‍ന്നു കേട്ടത്. ഗുജറാത്ത് വംശഹത്യയില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എംപി ഇഹ്്‌സാന്‍ ജാഫ്രിയുടെ വിധവ സാകിയ ജാഫ്രി, ഗോവയിലെ പൗരപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഡോ. ആനന്ദ് തെല്‍തുംദേ,  അഞ്ചുതവണ ഹിന്ദുത്വ ഫാഷിസ്റ്റുകളുടെ തോക്കിന്‍മുനയില്‍ നിന്നു രക്ഷപ്പെട്ട കര്‍ണാടകയിലെ യോഗേഷ്് മാസ്റ്റര്‍, പ്രമുഖ കോളമിസ്റ്റ് ഒ അബ്്ദുല്ല, തേജസ് മാനേജിങ് എഡിറ്റര്‍ പ്രഫ. പി കോയ, തേജസ് എഡിറ്റര്‍ എന്‍ പി ചെക്കുട്ടി, ഡെപ്യൂട്ടി എഡിറ്റര്‍ പിഎംഎം ഹാരിസ്,  പോപുലര്‍ ഫ്രണ്ട് ദേശീയ സമിതി അംഗം കരമന അഷ്‌റഫ് മൗലവി,  പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എ വാസു, പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിസിഡന്റ് സി അബ്്ദുല്‍ ഹമീദ്,  ജനറല്‍ സെക്രട്ടറി കെ എച്ച് നാസര്‍, എന്‍സിഎച്ചആര്‍ഒ ദേശീയ വൈസ് പ്രസിഡന്റ്് അഡ്വ. കെ പി മുഹമ്മദ് ശരീഫ്, ആര്‍എംപിയുടെ നേതാവ് കെ എസ് ഹരിഹരന്‍, എ എ വഹാബ്, പ്രഫ കെ വി ഉമറുല്‍ ഫാറൂഖ്, എസ്ഡിപിഐ നേതാവ് നസറുദ്ദീന്‍ എളമരം, പി നൂറുല്‍ അമീന്‍ എന്നിവര്‍ സംഗമത്തില്‍ പങ്കെടുത്തു.
ആദ്യമായി സംസാരിച്ച സാകിയ ജാഫ്രി ഭര്‍ത്താവിന്റെ ക്രൂരമായ കൊലപാതകത്തെ കുറിച്ച് ഒന്നര പതിറ്റാണ്ടിനു ശേഷവും ഫാഷിസ്റ്റുകള്‍ പ്രചരിപ്പിക്കുന്ന നുണകളെ കുറിച്ചാണ് പറഞ്ഞത്. രാഷ്ട്രീയത്തില്‍ മതജാതി വിവേചനങ്ങള്‍ പാടില്ല. വര്‍ഗീയതയെ കൂട്ടുപിടിച്ച് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത് ഭരണഘടനയ്‌ക്കെതിരാണ്. എന്നാലിപ്പോള്‍ പ്രധാനമന്ത്രി മോദിയും ബിജെപിയും ചെയ്തുകൊണ്ടിരിക്കുന്നത് അതാണ്. എന്റെ ഭര്‍ത്താവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഇപ്പോഴും നുണകളാണ് ഗുജറാത്ത് സര്‍ക്കാര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. അന്നത്തെ ഗുജറാത്ത് ഡിജിപി പാണ്ഡെ വീട്ടില്‍ വന്ന് ഭര്‍ത്താവിനെ വാഹനത്തില്‍ കയറ്റി രക്ഷപ്പെടുത്താമെന്നു വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ അദ്ദേഹമത് സമ്മതിച്ചില്ല. വീട്ടില്‍ അഭയം തേടിയെത്തിയ ഗുല്‍ബര്‍ഗാ സൊസൈറ്റിയിലെ രണ്ടായിരം പേരെ മരണത്തിനു കലാപകാരികള്‍ക്കും വിട്ടുകൊടുത്തുകൊണ്ട് രക്ഷപ്പെടാനൊരുക്കമല്ലെന്ന് അദ്ദേഹം പോലിസിനെ അറിയിക്കുകയായിരുന്നു. വേണമെങ്കില്‍ ഇഹ്‌സാന്‍ ജാഫ്രിക്ക് സ്വന്തം ജീവന്‍ രക്ഷിക്കാമായിരുന്നു  എന്നാല്‍ മതേതരത്വത്തലും മനുഷ്യത്വത്തിലും വിശ്വസിച്ച ആ വലിയ മനുഷ്യന് അതു സാധിക്കുമായിരുന്നില്ല. കലാപകാരികള്‍ തന്റെ വീട് വളയുകയും ജനങ്ങളെ ബന്ദിയാക്കുകയും ചെയ്ത കാര്യം പറയാന്‍ അദ്ദേഹം എല്ലാ ഉയര്‍ന്ന അധികാരികളെയും ഫോണില്‍ വിളിച്ചിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെയും വിളിച്ചിരുന്നു. എന്നാല്‍ ആരും രക്ഷപ്പെടുക്കെത്തിയില്ല. ഇഹ്‌സാന്‍ ജഫ്രി വീട്ടില്‍നിന്നും കലാപകാരികള്‍ക്കു നേരെ വെടിവച്ചതുകൊണ്ടാണ് കൊല്ലപ്പെട്ടതെന്നാണ് ഗുജറാത്ത് സര്‍ക്കാരും മറ്റും സുപ്രിംകോടതിയില്‍ വരെ പറഞ്ഞത്. എന്നാല്‍ 10 വര്‍ഷം മുമ്പ് കൈവശമുണ്ടായിരുന്ന തോക്കാണ് അദ്ദേഹത്തിന്റെ കൈയില്‍ ഉണ്ടായിരുന്നത്. അഞ്ചു വര്‍ഷമായി അതിന്റെ ലൈസന്‍സ് പുതുക്കിയിട്ടില്ല. ആ തോക്കു കൊണ്ടു വെടിവയ്ക്കാന്‍ കഴിയില്ലെന്ന് പരിശോധിച്ച വിദഗ്ധര്‍ കോടതിയില്‍ റിപോര്‍ട്ട് നല്‍കിയിട്ടുണ്ട്.
കലാപകാരികള്‍ എല്ലാവിധ ആയുധങ്ങളുമായാണ് ഞങ്ങളുടെ വീട്ടിലേക്ക് വന്നത്. അവര്‍ അവിടെ കൊള്ളനടത്തുകയും സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും ചെയ്തു ഒടുവില്‍ വീടിന് തീ വച്ച് ഒരുപാട് പേരെ കൊലപ്പെടുത്തുകയും ചെയ്തു. ജാതിയുടെയും മതത്തിന്റെയും പേരില്‍ നടക്കുന്ന വിവേചനങ്ങള്‍ അവസാനിപ്പിച്ച് മതേതര ഇന്ത്യയെ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണവര്‍ പ്രസംഗം അവസാനിപ്പിച്ചത്. ബിജെപിയും നരേന്ദ്രമോദിയും ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനാണ് ശ്രമിക്കുന്നതെന്നും ഇതിനെതിരേ എല്ലാ മതേതരശക്തികളും ഒരുമിച്ച് രംഗത്തുവരണമെന്നും ഡോ.ആനന്ദ് തെല്‍തുംദേ ആവശ്യപ്പെട്ടു. ഇന്ത്യയെ വിഭജിച്ച് രാഷ്ട്രീയനേട്ടം കൊയ്യാനാണ് ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ ശ്രമിക്കുന്നത്. ദലിത് മുന്നേറ്റങ്ങളെയും മുസ്്‌ലിം ശാക്തീകരണത്തെയും അധികാരമുപയോഗിച്ച് തകര്‍ക്കാനാണ് അവരുടെ ശ്രമം. ഭരണഘടനയെത്തന്നെ അട്ടിമറിച്ച് ഹിന്ദുത്വം എല്ലാ മേഖലയിലേക്കും വ്യാപിപ്പിക്കാനാണ് ആര്‍എസ്എസ്സിന്റെ പിന്തുണയോടെ ബിജെപിയും മോദിയും ശ്രമിക്കുന്നത്. ഗുജറാത്തിലും മഹാരാഷ്ട്രയിലും മുസ്്‌ലിം വീടുകളും കടകളും അടയാളപ്പെടുത്തിയാണ് സംഘപരിവാരം കവര്‍ച്ച നടത്തിയത്. ആര്‍എസ്എസ്സിന്റെ അജണ്ട മുസ്്‌ലിംകളും ക്രിസ്ത്യാനികളും സിക്കുകാരുമില്ലാത്ത ഇന്ത്യയെ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ലൗജിഹാദിന്റെ ഘര്‍വാപസിയുടെയും പേരില്‍ ന്യൂനപക്ഷങ്ങളില്‍ ഭീതിജനിപ്പിക്കാനാണ് ആര്‍എസ്എസ്സുകാര്‍ മുന്നിട്ടിറങ്ങിയിട്ടുള്ളത്. ദീനദയാല്‍ ഉപാധ്യായയും ഇതൊക്കെ തന്നെയാണ് പ്രഖ്യാപിച്ചത്. മോദി സാങ്കേതികവിദ്യയുടെ സഹായത്തോടെ എല്ലാ നുണകളും സത്യമാക്കാനുള്ള പ്രചാരണമാണ് നടത്തിയത്. ഫാഷിസ്റ്റ് വിരുദ്ധ മതേതരശക്തികള്‍ ഒരുമിച്ച് പൊരുതിയാല്‍ മാത്രമേ ഇന്ത്യയെ രക്ഷപ്പെടുത്താന്‍ കഴിയുകയുള്ളൂ . നെഹ്‌റു നല്‍കിയ ഉറപ്പുകള്‍ പാലിച്ച് കാശ്മീരികള്‍ക്ക് അവരുടെ ഭാഗധേയം നിര്‍വഹിക്കാനുള്ള അവകാശം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാകിസ്താനോട് ചേരണമെന്നോ ഇന്ത്യ വിടണമെന്നോ അല്ല കശ്മീരികളുടെ ആസാദീ മുദ്രാവാക്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
യോഗേഷ് മാസ്റ്റര്‍ പുരാണങ്ങളും വേദങ്ങളും വ്യാഖ്യാനിക്കാനും വിശദീകരിക്കാനുമുള്ള അവകാശം ഫാഷിസ്റ്റുകള്‍ക്കു മാത്രമാണെന്ന വാദത്തെ ചോദ്യം ചെയ്തു. ഓണം വാമനജയന്തി ആവുന്നതും പുഷ്പക വിമാനം യാഥാര്‍ഥ്യമാവുന്നതും ഇതാണു കാണിക്കുന്നത്. നല്ല ഇന്ത്യക്കാരാവണമെങ്കില്‍ പാകിസ്താനെയും മുസ്്‌ലിംകളെയും വെറുക്കണമെന്ന് പറയുന്നത് അംഗീകരിക്കാനാവില്ല. സിനിമാ നടി രമ്യയ്ക്കുണ്ടായ അനുഭവം ഇതാണ് കാണിക്കുന്നത്. വേദവും പുരാണവും ഹിന്ദു പ്രത്യയശാസ്ത്രവും യഥാര്‍ഥത്തില്‍ പ്രചരിപ്പിച്ചുകൊണ്ടാണ് ഫാഷിസ്റ്റുകളെ പ്രതിരോധിക്കേണ്ടത്. ഗണപതിയെ പുനരാവിഷ്‌ക്കരിച്ചുകൊണ്ട് നോവലെഴുതിയപ്പോഴാണ് എനിക്കു നേരെ ഫാഷിസ്റ്റുകള്‍ കൊലക്കത്തിയുമായി ആഞ്ഞടുത്തത്. യു ആര്‍ അനന്ദമൂര്‍ത്തി, കല്‍ബുര്‍ബി, ഗിരീഷ് കര്‍ണാട് എന്നിവര്‍ക്ക് ഇതേ അനുഭവങ്ങളുണ്ടായി. ഫാഷിസം സംവാദത്തിലല്ല ഹിംസയിലാണ് വിശ്വസിക്കുന്നത്. 30 മാസമായി തുടരുന്ന മോദി ഭരണം എല്ലാ നിലയ്ക്കും ഫാഷിസ്റ്റു വല്‍ക്കരണത്തിന്റെ പാരമ്യതയിലെത്തിയിരിക്കുന്നു. എന്നിട്ടുമിവിടെ മതേതര രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിരോധം കാര്യമായി കാണുന്നില്ല. ഫാഷിസത്തെ യഥാര്‍ഥത്തില്‍ പ്രതിരോധിക്കാന്‍ കഴിയുക സാഹിത്യസിനിമാ പ്രതിഭകള്‍ക്കാണ്. അതിനുള്ള വലിയ ശ്രമങ്ങളാണുണ്ടാവേണ്ടത്. പോപുലര്‍ ഫ്രണ്ട് ഈ രംഗത്ത് ചെയ്യുന്ന സേവനങ്ങള്‍ മികച്ചതാണെന്നും യോഗേഷ് മാസ്റ്റര്‍ പറഞ്ഞു.
പ്രഫ. പി കോയ മോഡറേറ്ററായിരുന്നു. തേജസ് എഡിറ്റര്‍ എന്‍ പി ചെക്കുട്ടി, പ്രമുഖ കോളമിസ്റ്റ് ഒ അബ്്ദുല്ല മനുഷ്യാവകാശ പ്രവര്‍ത്തന്‍ കെ പി മുഹമ്മ് ശരീഫ് ഡെപ്യൂട്ടി എഡിറ്റര്‍ പിഎഎം ഹാരിസ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.  പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി കെ എച്ച് നാസര്‍ സ്വാഗതവും പി നൂറുല്‍ അമീന്‍ നന്ദിയും പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 114 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക