|    Oct 18 Wed, 2017 4:57 pm
FLASH NEWS

ഫാഷിസത്തിനെതിരേ തനതായ പ്രതിരോധമില്ല: മുത്തുക്കോയ

Published : 8th August 2017 | Posted By: fsq

 

കോഴിക്കോട്: ഫാഷിസത്തിനെതിരേ ഇന്ത്യന്‍ ചിത്രകലാ രംഗത്ത് തനതായ പ്രതിരോധ ശൈലി രൂപപ്പെട്ടിട്ടില്ലെന്ന് വിശ്രുത ചിത്രകാരന്‍ മുത്തുക്കോയ. ഫാഷിസത്തിനെതിരേ മതേതര ജാഗ്രത എന്ന പേരില്‍ സംഘടിപ്പിച്ച ഫാഷിസവും കലകളും എന്ന ചര്‍ച്ചാ യോഗത്തില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഫാഷിസം കലകളില്‍ പുതിയ സൗന്ദര്യവല്‍ക്കരണം കൊണ്ടുവന്നപ്പോള്‍, ഫ്രാന്‍സ് ജര്‍മനി, ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ ഈ പാരമ്പര്യങ്ങളെ പ്രതിരോധിക്കുന്ന ശൈലികളുണ്ടായി. എന്നാല്‍, ഇന്ത്യയിലാവട്ടെ മോഡേണ്‍ ആര്‍ട്ട് എന്ന പേരില്‍ അനുഭവങ്ങളുടെ തെളിമയില്ലാത്ത കാട്ടിക്കൂട്ടലുകളാണ് ഉണ്ടായത്. അന്ധമായ അനുകരണങ്ങള്‍ മാത്രമാണ് ഇവിടെ ഉണ്ടായത്. ഹുസയ്ന്‍ വരെ നീളുന്ന ചിത്രകാരന്‍മാര്‍ ഈ അനുകരണങ്ങളുടെ വക്താക്കളാണ്. ഫാഷിസം കലകളെ തങ്ങളുടെ വിരോധം തീര്‍ക്കാന്‍ ഉപയോഗപ്പെടുത്തിയപ്പോള്‍ ലോകമെങ്ങും തിരിച്ചും പ്രതിരോധങ്ങളുണ്ടായി. പിക്കാസോയുടെ ഗൂര്‍ണിക്ക ഇത്തരത്തിലുള്ള ഒരു സൃഷ്ടിയാണ്. ഇതേസമയം ഇന്ത്യയില്‍ അനുകരണമല്ലാതെ, ശൈലീബന്ധമായ ഫാഷിസ്റ്റ് കലാ പ്രതിരോധം ഉണ്ടായില്ല. അനുഭവങ്ങളുടെ അഭാവമാണ് ഇന്ത്യന്‍ ചിത്രകലയെ ഈ രീതിയിലെത്തിച്ചത്. ഫാഷിസത്തിനെതിരെ പോരാടുന്ന രാജ്യങ്ങളിലുള്ളവര്‍ ജീവിതാനുഭവങ്ങളില്‍ നിന്നാണ് പ്രതിരോധം ഉയര്‍ത്തിയത്. ഇന്ത്യയില്‍ അത്തരത്തിലുള്ള തീഷ്ണാനുഭവങ്ങള്‍ക്ക് പുറത്താണ് കല. നിഷേധങ്ങളെയല്ല, വിധേയത്വങ്ങളെയാണ് നമ്മുടെ കലാകാരന്‍മാര്‍ പ്രതിനിധീകരിക്കുന്നതെന്നും മുത്തുക്കോയ പറഞ്ഞു. പോള്‍ കല്ലാനോട്, കബിത മുഖോപാദ്ധ്യായ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക