|    Aug 23 Wed, 2017 12:14 am
FLASH NEWS

ഫാഷിസത്തിനെതിരേ ജനാധിപത്യശക്തികളുമായി ഐക്യപ്പെടണം: സി എസ് ചന്ദ്രിക

Published : 6th August 2017 | Posted By: fsq

 

കോഴിക്കോട്: രാജ്യത്തെ ഫാഷിസ്റ്റ് ഭീകരതക്കെതിരേ ഫെമിനിസ്റ്റുകള്‍ ജനാധിപത്യശക്തികളുമായി ഐക്യപ്പെടണമെന്ന് എഴുത്തുകാരി ഡോ. സി എസ് ചന്ദ്രിക. സ്ത്രീശാക്തീകരണത്തിന് പ്രവര്‍ത്തിക്കുന്ന സംഘടന ‘നിസ’ ഇന്‍ഡോര്‍ സ്‌റ്റേഡിയം ഹാളില്‍ സംഘടിപ്പിച്ച ‘സ്ത്രീ പ്രശ്‌നങ്ങളും സമകാലിക രാഷ്ട്്ട്രീയവും’ എന്ന വിഷയത്തില്‍ നടത്തിയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഭരണകൂടം തന്നെ ഹിന്ദുത്വ ഫാഷിസം നടപ്പാക്കുകയാണ്. സ്വതന്ത്രമായ ആവിഷ്‌ക്കാരങ്ങള്‍ക്കെതിരേ ഹനുമാന്‍ സേനയും വാനരസേനയും രംഗത്തിറങ്ങുന്നു.  രചനകള്‍ നടത്തും മുമ്പെ അതുകൊണ്ട്് എന്തെങ്കിലും പ്രത്യാഘാതമുണ്ടാവുമോ എന്ന്്് രാജ്യത്തെ എഴുത്തുകാര്‍  ഭയപ്പെടുകയാണ്. എഴുത്തുകാര്‍ തന്നെ സ്വയം സെന്‍സര്‍ ചെയ്യുന്ന അവസ്ഥയാണുള്ളത്. ജനങ്ങളെ ഭയപ്പെടുത്തുന്ന ഫാഷിസത്തിനെതിരേ പ്രതികരിക്കണം. ഫാഷിസത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ ഫെമിനിസ്റ്റ് സംഘടനകള്‍ക്ക് മാത്രമായി മുന്നോട്ടു കൊണ്ടുപോവാനാവില്ല. അന്തസുള്ള, സ്‌നേഹിക്കാനറിയുന്ന മുഴുവന്‍ മനുഷ്യരും ഇതിനായി ഒരുമിക്കണം.1990 കളിലെപോലെ സ്ത്രീ പ്രശ്‌നങ്ങളില്‍ ഫെമിനിസ്്റ്റുകള്‍ക്ക് ശക്തമായി ഇന്ന്്് ഇടപെടാനാവുന്നില്ല. ഫെയ്‌സ്ബുക്കില്‍ നടത്തുന്ന പോസ്റ്റുകള്‍ക്ക് കിട്ടുന്ന ലൈക്കിലും കമന്റിലും തൃപ്തിപ്പെട്ട് ഫെമിനിസ്റ്റുകള്‍ ഉറങ്ങുകയാണ്. പ്രതികരിക്കുന്ന പ്രശ്‌നത്തില്‍ ലക്ഷ്യം നേടും വരെ ശക്തമായ തുടര്‍പ്രവര്‍ത്തനം നടത്തണമെന്നും ചന്ദ്രിക ആഹ്വാനം ചെയ്തു. സിനിമ മേഖലയിലെ സ്ത്രീസംഘടന വിമന്‍ ഇന്‍ കലക്ടീവ് പ്രവര്‍ത്തകര്‍ പോലും സിനിമാ മേഖലയിലെ സ്ത്രീ ചൂഷണത്തിനെതിരേ ശക്തമായി പ്രതികരിക്കാന്‍ ഭയപ്പെടുന്നുവെന്ന് തുടര്‍ന്ന് സംസാരിച്ച സുലോചന വയനാട് പറഞ്ഞു. അവനവന്റെ സംഘടനകള്‍ക്ക് ലഭിക്കുന്ന പ്രൊജക്ടുകളിലേക്ക് കേരളത്തിലെ ഫെമിനിസ്റ്റ് പ്രവര്‍ത്തനം ചുരുങ്ങിയെന്നും അവര്‍ പറഞ്ഞു. പര്‍ദ്ദ ധരിക്കുന്നത്് സ്ത്രീ വിരുദ്ധമാണെന്ന കാഴ്ചപ്പാട് തനിക്കില്ലെന്നും പെണ്ണിന്റെ വസ്ത്രം അവളുടെ തിരഞ്ഞെടുപ്പാണെന്നും സി എസ് ചന്ദ്രിക എഴുതിയ കേരളത്തിന്റെ സ്ത്രീ ചരിത്രങ്ങള്‍; സ്ത്രി മുന്നേറ്റങ്ങള്‍’ എന്ന പുസ്തകത്തെ പരിചയപ്പെടുത്തിക്കൊണ്ട് അംബിക പറഞ്ഞു. പരിപാടിയില്‍ വി പി സുഹറ, അഡ്വ. മരിയ, ജാന്‍സി ജോസ് പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക