|    Nov 18 Sun, 2018 5:33 pm
FLASH NEWS

ഫാഷിസത്തിനെതിരെ മനുഷ്യര്‍

Published : 20th December 2015 | Posted By: TK

ഉച്ചഭാഷണം

രാജ്യത്ത് വര്‍ധിച്ചുവരുന്ന ഫാഷിസത്തിനെതിരേ ഇന്ന് ഡിസംബര്‍ 20ന് കേരളത്തിലെ മാനവരെല്ലാം ഒത്തുചേരുന്നതാണ് പുതിയ സദ്‌വാര്‍ത്ത. എന്നാല്‍, മുസ്‌ലിം സ്ത്രീസംഘടനകളെ പരിപാടിക്ക് ക്ഷണിക്കുമ്പോഴും മുസ്‌ലിം സംഘടനകളെ പാടെ തഴഞ്ഞിരിക്കുകയാണ്. ഷഹ്ബാസ് അമന്‍, ലീന മണിമേഖല, സി കെ ജാനു തുടങ്ങി നിരവധി പേര്‍ ഫാഷിസത്തിനെതിരേ ആടുകയും പാടുകയും പറയുകയും ചെയ്യും.
ഒറ്റനോട്ടത്തില്‍ പരിപാടി വിവാദമാവേണ്ടതില്ലെങ്കിലും മുസ്‌ലിം സംഘടനകളെ പരിപാടിക്കു ക്ഷണിക്കേണ്ടെന്ന തീരുമാനം പുറത്തുവന്നതോടെയാണ് കോലാഹലം ആരംഭിച്ചത്. മീനാ കന്ദസാമിയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശനത്തിനു തുടക്കമിട്ടത്. മനുഷ്യന്‍ എന്ന പദത്തിന്റെ നിര്‍വചനത്തില്‍നിന്ന് മുസ്‌ലിംകളും അവരുടെ സംഘടനകളും മാറ്റിനിര്‍ത്തുന്നതെന്തുകൊണ്ടാണെന്നാണ് ഉന്നയിക്കപ്പെട്ട ചോദ്യം.
ശ്രീരാജ് നടുവത്ത് പ്രശ്‌നത്തെ സമീപിക്കുന്നതിങ്ങനെ: ‘അവര്‍ ആരെയൊക്കെ ക്ഷണിച്ചു ആരെയൊക്കെ ക്ഷണിച്ചില്ല എന്നൊന്നും എനിക്കറിയില്ല, ഇനി അവര്‍ ക്ഷണിക്കാതെയാണോ ഈ പരിപാടി നടത്തുന്നതെന്നും അറിയില്ല, മീനാ കന്ദസാമി ഈ വിഷയത്തെ അഡ്രസ് ചെയ്തപ്പോള്‍ മാത്രമാണ് ‘പലരും’ സടകുടഞ്ഞെഴുന്നേറ്റതു തന്നെ. അതുവരെ ഈ പറയുന്ന ഫാഷിസ്റ്റ്‌വിരുദ്ധ മുസ്‌ലിംസംഘടനകള്‍ എവിടെയായിരുന്നു എന്ന് സംശയം തോന്നുന്നു. സുടാപ്പികളും ജമാഅത്തെ ഇസ്‌ലാമികളും അടക്കമുള്ള, ഇപ്പോള്‍ ക്ഷണിച്ചില്ല എന്ന് ആരോപണം ഉള്ള, സകല മുസ്‌ലിം സംഘടനകള്‍ക്കും ഇതില്‍ പങ്കെടുക്കാമല്ലോ. ആര് എതിര്‍ക്കും? എതിര്‍ത്താല്‍ അപ്പോള്‍ ഞാനും പറയും അത് ശരിയല്ല എന്ന്. കാരണം പേര് തന്നെ കാരണം, ‘മനുഷ്യസംഗമം’, അത് സംഘപരിവാര ഫാഷിസ്റ്റുകള്‍ക്ക് എതിരെയല്ല, ‘ഫാഷിസ്റ്റുകള്‍ക്ക് എതിരെയാണ്.’
സോളിഡാരിറ്റി നടത്തുന്ന പരിപാടിയില്‍ എസ്എസ്എഫിനെയോ സമസ്തക്കാരെയോ എംഎസ്എമ്മുകാരെയോ വിളിക്കാറുണ്ടോ എന്ന ചോദ്യം കൊണ്ടാണ് രാജീവ് രാമചന്ദ്രന്‍ പ്രശ്‌നത്തെ നേരിട്ടത്.
സുദീപ് ബെന്‍ ആദില്‍ അമന്‍ ആല്‍മിത്ര ഇതിനോട് പ്രതികരിച്ചതിങ്ങനെ: സിപിഎം നടത്തുന്ന പരിപാടി എന്നോ യുക്തിവാദികള്‍ നടത്തുന്ന പരിപാടി എന്നോ ഇടതുപക്ഷക്കാര്‍ നടത്തുന്ന ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടം എന്നോ പോലുമല്ല ഈ പരിപാടിയെ അതിന്റെ സംഘാടകര്‍ വിളിക്കുന്നത്, മറിച്ച് ‘മനുഷ്യര്‍ നടത്തുന്ന പരിപാടി’ എന്നാണ്.  ‘മനുഷ്യരുടെ സംഗമം’ ആണെന്ന്. അപ്പോള്‍ ആ ‘ഫാഷിസ്റ്റ് വിരുദ്ധ’ സംഘം ആരെയൊക്കെ മനുഷ്യരായി കാണുന്നു എന്നതു പ്രധാനമാണെന്നു ഞാന്‍  കരുതുന്നു. ‘ഈ പരിപാടിക്ക് ‘മനുഷ്യരായി വരൂ’ എന്ന ആഹ്വാനത്തിലും ആ പ്രശ്‌നം എനിക്കനുഭവപ്പെടുന്നുണ്ട്. മുസ്‌ലിമായും ദലിതായും ആദിവാസിയായും ഒക്കെ വന്നുകൊണ്ട് ഫാഷിസത്തിനെതിരേ ഐക്യപ്പെടാനുള്ള സാധ്യത അടയ്ക്കുന്ന ഒന്നാണ് അതെന്ന്. ‘ഇടതുപക്ഷ പുരോഗമന വാദികളുടെ ഫാഷിസ്റ്റ് വിരുദ്ധ സംഗമ’മെന്നു തന്നെ പേരുവച്ചാല്‍ ആരും ഇതൊന്നും ഒരു പരാതിയാക്കാനേ പോവില്ലായിരുന്നു എന്നു തന്നെയാണ് എന്റെ അനുമാനം. പക്ഷേ, അങ്ങനെ പേരിട്ടിരുന്നെങ്കില്‍ ഒരുപക്ഷേ ഇപ്പോള്‍ പരിപാടിയില്‍ പങ്കെടുക്കും  എന്നു പറയപ്പെടുന്നവരില്‍ ചിലരെങ്കിലും അതില്‍  ഇല്ലാതിരുന്നെന്നു വരാം. അതുകൊണ്ടാവാം ഇങ്ങനെയൊരു പേരു കണ്ടെത്തിയത്.’
ഇന്ത്യയിലെ പൊളിറ്റിക്കല്‍ സ്‌പെയ്‌സില്‍ ഫാഷിസം ആരുടെ നിര്‍മിതിയാണെന്നും അതിന്റെ ഇരകള്‍ ആരെല്ലാമാണെന്നും കൃത്യമായി ചൂണ്ടിക്കാണിക്കാതെയുള്ള എല്ലാതരം പ്രതിഷേധരൂപങ്ങളും വെറും പ്രഹസനം മാത്രമായാണ് ഫലത്തില്‍ ഭവിക്കുക. ഇന്ത്യയിലെ ജാതിവ്യവസ്ഥയുടെ ബ്രാഹ്മണ്യത്തിന്റെ ഇരകള്‍ ദലിതരെ പോലെ തന്നെ മുസ്‌ലിംകളും ആണെന്നിരിക്കെ ആ വിഭാഗങ്ങളെ അദൃശ്യമാക്കിക്കൊണ്ട് നടത്തുന്ന പ്രതിഷേധങ്ങള്‍ ഒന്നും തന്നെ ഫാഷിസം എന്നു പലരും പറയുന്ന ആ പ്രതിഭാസത്തെ ഒരു തരത്തിലും പരിക്കേല്‍പ്പിക്കാന്‍ പോകുന്നില്ലെന്ന് ശ്രുതീഷ് കണ്ണാടി പറഞ്ഞുവച്ചു.
ദേശീയവാദം, മതേതരത്വം ഇടതുവ്യവഹാരങ്ങള്‍ യുക്തിവാദം എല്ലാം കൂടി കുഴഞ്ഞ ഒരു ലിബറല്‍ രാഷ്ട്രീയയിടത്തു മുസ്‌ലിംകള്‍ക്ക് ‘മുസ്‌ലിം’ എന്ന സവിശേഷതകള്‍ പ്രകടമാക്കിക്കൊണ്ട് നില്‍ക്കാനുള്ള ഇടമില്ല. മുസ്‌ലിം ഐഡന്റിറ്റിയെന്നു മനസ്സിലാക്കപ്പെടുന്നവയെ കൊഴിച്ചു കളഞ്ഞുകൊണ്ട് മാത്രമേ ഈ രാഷ്ട്രീയമണ്ഡലത്തില്‍ ഇടം കിട്ടൂ. ലിബറല്‍ മതേതരയിടത്തു അബ്ദുല്‍കലാമും അതുപോലെ ബീഫ് സൂക്ഷിച്ചു എന്ന ആരോപണത്തിന്റെ പേരില്‍ നടന്ന കൊലപാതകത്തിന് പ്രതികരണമായി പോര്‍ക്ക് പാര്‍ട്ടി നടത്തിയ ദേശീയവാദ പ്രഫസറും സ്വീകാര്യമാവുന്നതും ഇതു കൊണ്ടാണ്. മുസ്‌ലിം സമുദായ അവകാശങ്ങള്‍ക്ക് വേണ്ടി നില്‍ക്കുന്ന സംഘടനകള്‍ക്ക് ‘ഫാഷിസ്റ്റ് വിരുദ്ധ’ ലിബറല്‍ ഇടത്ത് പ്രവേശനം കിട്ടാത്തത്  പ്രത്യക്ഷമായ ‘മുസ്‌ലിം’ എന്ന ഐഡന്റിറ്റി കൊണ്ടു തന്നെയാണ്. അവര്‍ക്കു വേണ്ടത് ദേശീയവാദ മതേതര വ്യവഹാരത്തിനനുസരിച്ച് പാകപ്പെട്ട, മെരുക്കപ്പെട്ട മുസ്‌ലിമിനെയാണ്. ഈ മെരുക്കപ്പെടലിനു തയ്യാറാവാതെ ഈ ഇടത്തോട് സ്വന്തമായ രീതിയില്‍ പൊരുതാനും നീക്കുപോക്കു നടത്താനുമുള്ള മുസ്‌ലിം സംഘടനകളുടെ/രാഷ്ട്രീയത്തിന്റെ അവകാശത്തെ ഞാന്‍ പിന്തുണയ്ക്കുന്നു – എ എസ് അജിത്കുമാര്‍ കുറിക്കുന്നു.
വിവാദങ്ങള്‍ക്കിടയില്‍ ‘ഒരു മനുഷ്യന്‍ ആയല്ല, ദലിത് ഫെമിനിസ്റ്റ് എന്ന നിലയില്‍’ ആണ് മനുഷ്യസംഗമത്തിനു പോവുന്നതെന്ന് രേഖാ രാജ് വ്യക്തമാക്കി. ഗോപിനാഥ് ഹരിത മനുഷ്യസംഗമത്തില്‍ അഭിപ്രായഭിന്നതകളോടെ പങ്കെടുക്കുമെന്ന് വ്യക്തമാക്കി. നിബന്ധനകള്‍ ഇവയാണ്:
1. മീനാ കന്ദസാമി ഉയര്‍ത്തിയ വിമര്‍ശനങ്ങളോട് അനുഭാവം.
2. എല്‍ഡിഎഫ് നേതാക്കളെ പങ്കെടുപ്പിക്കുകയും യുഡിഎഫ് നേതാക്കളെ ഒഴിവാക്കുകയും ചെയ്ത വിഭാഗീയതയോടുള്ള എതിര്‍പ്പ്.
3. മനുഷ്യനായി പങ്കെടുക്കുക എന്ന അമൂര്‍ത്തമായ നിലപാടിനോടുള്ള അഭിപ്രായവ്യത്യാസം.
എസ്എഫ്‌ഐ, ഡിവൈഎഫ് ഐയടക്കമുള്ള ഇടതുപക്ഷ സംഘടനകളും ബാങ്ക് എംപ്ലോയീസ് സംഘടനകളും മറ്റുമടങ്ങിയ സംഘാടകസമിതിക്ക് ഇതില്‍ പരം മുന്നോട്ടുപോകുക അസാധ്യമാണെന്ന് മനസ്സിലാക്കുന്നു. കണക്കിന്റെ ഭാഷയില്‍ പറഞ്ഞാല്‍ 60 ശതമാനം യോജിപ്പുള്ളതിനാല്‍ പങ്കെടുക്കുന്നു.
ഇതിനിടയില്‍ എറണാകുളത്തെ മനുഷ്യസംഗമക്കാരുടെ നിലപാടുകള്‍ക്കെതിരേ കോഴിക്കോട് അതേ ദിവസം അമാനവസംഗമം
നടത്താനും ഒരു വിഭാഗം ഫേസ്ബുക്ക് ആക്റ്റിവിസ്റ്റുകള്‍ തീരുമാനമെടുത്തിട്ടുണ്ട്. അതില്‍ പങ്കെടുക്കാന്‍ ഇടയില്ലാത്ത അമാനവരുടെ പേരുകളും സംഘാടകര്‍ പുറത്തുവിട്ടു… അതില്‍ ആദ്യത്തേത് മഅ്ദനിയാണ്. അടുത്തത് പരപ്പനങ്ങാടിയിലെ സക്കരിയയും.

ക്ഷേത്രവരുമാനം കക്കുന്നതാരാണ്?
ക്ഷേത്രവരുമാനവുമായി ബന്ധപ്പെട്ട ചര്‍ച്ചയാണ് അടുത്തത്. കേരളത്തിന്റെ മുന്‍ ധനകാര്യമന്ത്രിയായിരുന്ന ഡോ. തോമസ് ഐസക്കിന്റെ പോസ്റ്റിലുള്ളത് വായിക്കാം: ‘ക്ഷേത്രവരുമാനം അഹിന്ദുക്കള്‍ കൈവശപ്പെടുത്തുന്നുവെന്നും തൊഴിലിലും വിദ്യാഭ്യാസത്തിലും ഹിന്ദുക്കളോട് സര്‍ക്കാര്‍ വിവേചനം പുലര്‍ത്തുന്നുവെന്നുമുളള ആര്‍എസ്എസ് പ്രചാരകരുടെ വസ്തുതാവിരുദ്ധമായ പ്രചരണങ്ങളുടെ പൊളളത്തരം സോഷ്യല്‍ മീഡിയ പലതവണ ചര്‍ച്ച ചെയ്തിട്ടുണ്ട്. പല കളളപ്രചാരണങ്ങളും പൊളിക്കുകയും ചെയ്തിട്ടുണ്ട്. ഇതു സംബന്ധിച്ച നിയമസഭാ ചര്‍ച്ച, യഥാര്‍ഥ വസ്തുതകള്‍ ആധികാരികതയോടെ പൊതുസമൂഹത്തിലെത്തിക്കുന്നതിന് സഹായിച്ചിട്ടുണ്ട്. എന്നാല്‍, ചില ആര്‍എസ്എസ് പ്രചാരകര്‍ വിടാന്‍ തയ്യാറല്ല. വിവരാവകാശ നിയമം അനുസരിച്ച് കൊച്ചി ദേവസ്വത്തില്‍ നിന്ന് അവര്‍ ഒരു കണക്കു സംഘടിപ്പിച്ചിട്ടുണ്ട്. ആ ബാങ്ക് സ്റ്റേറ്റ്‌മെന്റില്‍ ദേവസ്വം വരുമാനത്തില്‍ നിന്ന് ട്രഷറി അക്കൗണ്ടില്‍ ഡെപ്പോസിറ്റ് ചെയ്ത തുകയുടെ കണക്കു ചൂണ്ടിക്കാട്ടിയാണ് സംഘപരിവാര പ്രചാരകര്‍ വെല്ലുവിളി മുഴക്കുന്നത്. ക്ഷേത്ര വരുമാനത്തില്‍നിന്ന് ഒരു രൂപ പോലും ട്രഷറിയിലേക്കു നല്‍കുന്നില്ല എന്നു പറഞ്ഞവര്‍ക്ക് ഇപ്പോഴെന്തു പറയാനുണ്ടെന്നാണ് അവര്‍ ചോദിക്കുന്നത്. ഈ ചോദ്യം ഉന്നയിക്കുന്നവര്‍ക്ക് അറിവില്ലാത്ത ലളിതമായ ഒരു കാര്യമുണ്ട്. മറ്റു സംസ്ഥാനങ്ങളിലെ ട്രഷറികളില്‍നിന്നു വ്യത്യസ്തമായി നമ്മുടെ ട്രഷറികള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. അതാണ് ട്രഷറി സേവിങ്‌സ് ബാങ്ക്. വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ ട്രഷറി സേവിങ്‌സ് ബാങ്കില്‍ അക്കൗണ്ടു തുടങ്ങി പണം നിക്ഷേപിക്കാം. ബാങ്കു നല്‍കുന്നതിനേക്കാള്‍ ഉയര്‍ന്ന പലിശ ലഭിക്കുകയും ചെയ്യും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എല്ലാ സര്‍ക്കാര്‍-  അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും അക്കൗണ്ടുകളില്‍ മിച്ചമുളള പണം ട്രഷറിയില്‍ നിക്ഷേപിക്കണമെന്ന് നിര്‍ബന്ധിച്ചിരുന്നു. ദേവസ്വത്തിന്റെ കാര്യത്തില്‍ മാത്രമാണ് ഈ നിബന്ധന നിര്‍ബന്ധമാക്കാതിരുന്നത്. എങ്കിലും എല്ലാ ദേവസ്വങ്ങള്‍ക്കും ട്രഷറി സേവിങ്‌സ് ബാങ്കില്‍ അക്കൗണ്ട് ഉണ്ട് എന്നാണ് എന്റെ ധാരണ. ഈ അക്കൗണ്ടില്‍ ചെറിയ തോതിലെങ്കിലും അവര്‍ പണം നിക്ഷേപിക്കുകയും ചെയ്യുന്നു.
ഏതായാലും വെളളാപ്പളളി നടേശന്‍ പ്രസംഗിച്ചതുപോലെ, ക്ഷേത്രങ്ങള്‍ ബാങ്കിലിടുന്ന പണമെടുത്ത് അഹിന്ദുക്കള്‍ക്ക് വായ് പ നല്‍കുന്നു എന്നു വേണമെങ്കില്‍ വാദിക്കാം. ക്ഷേത്രത്തില്‍ നിന്നുളള പണമാണോ മറ്റെവിടെയെങ്കിലും നിന്നുളള പണമാണോ എന്ന് പ്രത്യേകം മാര്‍ക്ക് ചെയ്തു സൂക്ഷിക്കാത്തതുകൊണ്ട് ഇക്കാര്യം തെളിയിക്കുക അസാധ്യമായിരിക്കും.’
പരിഹാസത്തിന്റെ കാര്യത്തില്‍ വി ടി ബല്‍റാം എംഎല്‍എയും പിന്നിലല്ല: ‘സംഘി ഉറക്കത്തില്‍ സ്വപ്‌നത്തില്‍ കണ്ടത് 3000 കോടിയുടെ സര്‍ക്കാര്‍ വക മോഷണം. ഉറക്കമുണര്‍ന്നപ്പോള്‍ കണ്ടത് വെറും 13 ലക്ഷത്തിന്റെ പലിശ കിട്ടുന്ന ഫിക്‌സഡ് ഡെപ്പോസിറ്റ്. ഒന്ന് എണീറ്റ് പോടേയ്. പോയി മുഖത്ത് കൊറച്ച് വെള്ളമൊഴിക്ക്. എന്തെങ്കിലും ബോധം വരുമോന്ന് നോക്ക്.’
താജുദ്ദിന്‍ പൊതിയിലിന്റെ പ്രതികരണം രസകരമാണ്: ‘കാടാമ്പുഴ ക്ഷേത്രത്തിന്റെ പണം മുസ്‌ലിംകള്‍ക്ക്. രേഖകള്‍ ലഭിച്ചു. ക്ഷേത്ര വരുമാനം നിക്ഷേപിക്കുന്നത് കാടാമ്പുഴ സര്‍വീസ് സഹകരണ ബാങ്കില്‍. ബാങ്ക് ഭരിക്കുന്നത് ലീഗ്. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളില്‍ ഭൂരിപക്ഷവും ലീഗുകാര്‍. ബാങ്കില്‍നിന്ന് ലോണ്‍ എടുക്കുന്നതിലും കൂടുതല്‍ മുസ്‌ലിംകള്‍. വെള്ളാപ്പള്ളി വെറും വായയില്‍ ഒന്നും വിളിച്ചുപറയില്ല എന്ന് ഇപ്പോള്‍ മനസ്സിലായില്ലേ മതേതറകളെ?’

പുരകത്തുമ്പോള്‍ വാഴവെട്ടുന്നവര്‍
പുരകത്തുമ്പോള്‍ വാഴവെട്ടാനിറങ്ങിയത് മറ്റാരുമല്ല നമ്മുടെ പാവം മുഖ്യനും കൂട്ടരുമാണ്. തമിഴകം പ്രളയക്കെടുതിയില്‍ മുങ്ങിത്താഴുമ്പോഴാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പി ജെ ജോസ്ഫ് ഉള്‍പ്പെടയുള്ള ചില മന്ത്രിമാരും മുല്ലപ്പെരിയാര്‍ പ്രശ്‌നവുമായി ഡല്‍ഹിയിലേക്ക് പോയത്. നയതന്ത്രത്തിന് പറ്റിയ പരിതസ്ഥിതി ഇതുതന്നെയാണ്, ഒരു ജനതയുടെ കാല്‍ക്കീഴില്‍ നിന്നും ചവിട്ടിനില്‍ക്കുന്ന മണ്ണ് തെന്നിനീങ്ങുമ്പോള്‍ തന്നെ വേണമായിരുന്നോ എന്നാണ് ഇതേക്കുറിച്ച് സോഷ്യല്‍മീഡിയ പ്രതികരിച്ചത്.
അതേസമയം സജ്ജാദ് വാണിയമ്പലത്തിനു പറയാനുള്ളത് മറ്റൊന്നാണ്. തന്റെ സംഘടനയെയും സഹപ്രവര്‍ത്തകരെയും മോശമായി ചിത്രീകരിച്ചതില്‍ പ്രതികരിക്കുകയാണ് സജ്ജാദ്. ‘ചെന്നൈയില്‍ സര്‍ക്കാര്‍ റെസ്‌ക്യൂ സംവിധാനങ്ങളെ പോലും നിഷ്പ്രഭമാക്കി എസ്ഡിപിഐ പ്രവര്‍ത്തകര്‍ നടത്തിക്കൊണ്ടിരിക്കുന്ന റെസ്‌ക്യൂ റിലീഫ് പ്രവര്‍ത്തനങ്ങള്‍ ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയെങ്കിലും ഇവിടെ ചില അഭ്യുദയകംക്ഷികള്‍ ചില്ലറ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നതും ശ്രദ്ധയില്‍ പെട്ടു. ദൈവപ്രീതി കാംക്ഷിച്ചു ചെയ്യുന്ന രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വസപ്രവര്‍ത്തനവും സംഘടനയുടെ പേരുള്ള ടീഷര്‍ട്ടും കാപ്പും ധരിച്ചു പ്രകടനപരതയോടെ വേണമായിരുന്നോ എന്നാണ് വിമര്‍ശനം.
എല്ലാം ഇട്ടെറിഞ്ഞു ഓടുന്ന ആളുകളെ  വീടുകളില്‍ നിന്നും ഫഌറ്റുകളില്‍ നിന്നും    രക്ഷിച്ചുകൊണ്ടുപോവുന്നത് വലിയ ഉത്തരവാദിത്തമുള്ള ജോലിയാണ്. ചെറിയ ഒരു അശ്രദ്ധ പോലും വെളുക്കാന്‍ തേച്ചത് പാണ്ടാക്കും. സാമൂഹികവിരുദ്ധരും മോഷ്ടാക്കളും ഒക്കെ രക്ഷാ പ്രവര്‍ത്തനങ്ങളുടെ മറവില്‍ മുതലെടുക്കാനുള്ള സാധ്യത തടയേണ്ടതുണ്ട്. അതുകൊണ്ടു തന്നെ വിക്ടിംസിനും റെസ്‌ക്യൂ വോളന്റിയേഴ്‌സിനും പരസ് പരം തിരിച്ചറിയാന്‍ സംഘടനയെ സൂചിപ്പിക്കുന്ന കാപ്പുകളോ ടീഷര്‍ട്ടുകളോ ധരിക്കണം എന്ന് നിഷ്‌കര്‍ഷിച്ചത് തീര്‍ത്തും ഉചിതമായ മുന്‍കരുതല്‍ ആണ്. വോളന്റിയേഴ്‌സ് ആരും സ്വന്തം പേരൊ, തറവാടൊ രേഖപ്പെടുത്തിയ വസ്ത്രമല്ല ധരിച്ചിരുന്നത്. അവര്‍ സെല്‍ഫ് പ്രമോഷന്‍ ആയിരുന്നു ഉദേശിച്ചത് എന്ന് ആര്‍ക്കും ആരോപിക്കാന്‍ കഴിയില്ല. തങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനത്തിന്റെ കീര്‍ത്തി തങ്ങളുടെ സംഘടനയ്ക്കും ദീനിനും ഒക്കെ കിട്ടണം എന്ന് അവര്‍ ആഗ്രഹിച്ചിരുന്നു എന്ന് സമ്മതിച്ചാല്‍ പോലും അതില്‍ എന്താണ് തെറ്റ്?’ ഒരു പ്രാര്‍ഥന കൊണ്ടെങ്കിലും അവരുടെ കൂടെ നില്‍ക്കാന്‍      നമുക്ക് കഴിയേണ്ടതുണ്ട്. ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss