|    Jul 16 Mon, 2018 2:15 pm
FLASH NEWS
Home   >  Editpage  >  Middlepiece  >  

ഫാഷിസം വരുമ്പോള്‍ പുലി ഉറക്കത്തില്‍

Published : 13th August 2017 | Posted By: fsq

ഫാഷിസത്തെ കെട്ടുകെട്ടിക്കാനാണ്  പുലിക്കുട്ടി അരയും തലയും മുറുക്കി ഇന്ദ്രപുരിയിലേക്കു വിമാനം കയറിയത്. ഫാഷിസം എന്നു പറയുന്നത് പ്രത്യേക തരം ഏര്‍പ്പാടാണ്. പുലിക്കുട്ടിയുടെ നാടായ ഏറനാട്ടിലൊന്നും അത്തരം വേഷങ്ങള്‍ പുറത്തിറങ്ങുന്ന പതിവില്ല. അതിനാല്‍, ഫാഷിസത്തെ ചെറുക്കാന്‍ കാലങ്ങള്‍ കാത്തിരുന്നിട്ടും കാണാതെ മുഷിഞ്ഞ്, എന്നാല്‍പ്പിന്നെ അതെവിടെയുണ്ടോ അവിടെ പോയി നേരിട്ടുകളയാമെന്നു തീരുമാനിച്ചാണ് പുലി വടക്കോട്ട് നീങ്ങിയത്. പുലിക്കുട്ടിയുടെ വരവില്‍ ഇന്ദ്രപുരി പ്രകമ്പനം കൊണ്ടുവെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. സാധാരണ കൊടുങ്കാറ്റു വന്നാലും ഭൂമി കുലുങ്ങിയാലും ഏശാത്ത പ്രദേശമാണ്. ഇബ്രാഹീം ലോദി മുതല്‍ സാക്ഷാല്‍ ബാബര്‍ വരെ ഒരുപാട് വീരന്‍മാര്‍ വന്നു പയറ്റിയ ദേശമാണ്. അലക്‌സാണ്ടര്‍ ചക്രവര്‍ത്തി മുതല്‍ വിക്ടോറിയ രാജ്ഞി വരെ പലരും വന്നുപോയി. അങ്ങനെയുള്ള സ്ഥലത്താണ് പുലിക്കുട്ടി വന്നിറങ്ങിയത്. പുപ്പുലിയുടെ വരവിനു മുമ്പ് സാക്ഷാല്‍  അഹമ്മദ് സാഹിബായിരുന്നു പാര്‍ലമെന്റില്‍ താരം. അദ്ദേഹം പത്തുമുപ്പതു കൊല്ലം കഴിഞ്ഞുകൂടിയ പ്രദേശം. അഹമ്മദ് സാഹിബിന് അതിഥി സല്‍ക്കാരത്തിലും വിദേശ പര്യടനത്തിലുമായിരുന്നു കമ്പം. ഇടയ്ക്കിടെ വീട്ടിലെ വിശാലമായ പുല്‍ത്തകിടിയില്‍ സദ്യവട്ടങ്ങള്‍ വിളമ്പി സുഹൃത്തുക്കളെയും പത്രക്കാരെയും ക്ഷണിച്ചുവരുത്തി സല്‍ക്കരിക്കും. കോണ്‍ഗ്രസ്സുകാര്‍ക്കും കമ്മ്യൂണിസ്റ്റുകള്‍ക്കും സോഷ്യലിസ്റ്റുകള്‍ക്കും ഒക്കെ പ്രിയന്‍, ജനസമ്മതന്‍. ഏതായാലും കുഞ്ഞാലിക്കുട്ടി സാഹിബിന്റെ അരങ്ങേറ്റം കലക്കി. പ്രസിഡന്റായി ഒരു ആര്‍എസ്എസുകാരനെ സംഘപരിവാരം ഇറക്കി. കോണ്‍ഗ്രസ്സില്‍ നിന്നടക്കം അങ്ങേര്‍ക്ക് വോട്ട് മറിഞ്ഞുവെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. ബിഹാറില്‍ ഫാഷിസ്റ്റ് വിരുദ്ധ മഹാഗഡ്ബന്ധന്‍ എന്ന വിശാല ഐക്യമുന്നണിയുടെ തലവന്‍ നിതീഷ് കുമാറായിരുന്നു ഈ ഉല്‍സാഹ കമ്മിറ്റിയുടെ പരമാധ്യക്ഷന്‍. കോവിന്ദ് കേമനാണെന്നും തനിക്കു വേണ്ടപ്പെട്ടവനാണെന്നുമാണ് നിതീഷ് പറഞ്ഞത്. അതുകൊണ്ട് നിതീഷിനു കിട്ടിയ ഗുണം ചില്ലറയല്ല. കുറേക്കാലമായി തലയില്‍ കയറി ചെവി തിന്നുന്ന ലാലുജിയുടെ ശല്യം ഒഴിഞ്ഞുകിട്ടി. ലാലുജിയെ തട്ടി പശുവാദിസംഘത്തിന്റെ പിന്തുണയോടെ നാടു ഭരിക്കാന്‍ സൗകര്യം. ആനന്ദലബ്ധിക്ക് ഇനിയെന്തു വേണം എന്നാണ് നിതീഷ് സംഘം ചോദിക്കുന്നത്. അടുത്ത തിരഞ്ഞെടുപ്പ് വന്നത് ഉപരാഷ്ട്രപതിയുടെ കസേരയിലേക്കാണ്. അവിടെയും സംഘപരിവാരം കണ്ടെത്തിയത് ഒരു കുറുവടിസംഘക്കാരനെത്തന്നെ. വെങ്കയ്യാജിയും ഭക്ഷണപ്രിയനാണ്. പത്രക്കാര്‍ക്ക് സൗത്ത് ഇന്ത്യന്‍ വെജിറ്റേറിയന്‍ സദ്യ നല്‍കിയാണ് ആന്ധ്രയുടെ കര്‍ഷക പുത്രന്‍ അവരെ സല്‍ക്കരിക്കാറുള്ളത്. ഇതു പണ്ടേ പതിവാണ്. ദക്ഷിണേന്ത്യക്കാരനും കര്‍ഷകനും അന്നദാനപ്രിയനുമായ വെങ്കയ്യാജി ഉപരാഷ്ട്രപതിപദവിയില്‍ കയറിയിരുന്നാല്‍ ആര്‍ക്കെന്തു കുഴപ്പം? ആള്‍ സംഘപരിവാരമാണെങ്കിലും പരമ പാവമാണ്.അതുകൊണ്ടാവണം ഏറനാടന്‍ പുലിയും നിലമ്പൂര്‍ മുതലാളിയും നാട്ടിലേക്കു വച്ചുപിടിച്ചത്. വിമാനം ധാരാളമുള്ളപ്പോള്‍ എപ്പോള്‍ വേണമെങ്കിലും പോവാം, വരാം. എന്നാല്‍, ഏറനാട്ടിലെ ബിരിയാണിയും കുഴിമന്തിയും കഴിച്ചാല്‍ കെട്ടു മാറാന്‍ ചുരുങ്ങിയത് 48 മണിക്കൂര്‍ വേണം എന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. മുതലാളിയുടെ കുടുംബം വക കല്യാണസല്‍ക്കാരം കഴിഞ്ഞു ഫാഷിസത്തെ ചെറുക്കാന്‍ ഇന്ദ്രപുരിയിലേക്കു വിമാനം കയറി. മുംബൈയില്‍ അഞ്ചു മണിക്കൂര്‍ വിമാനം അനങ്ങാതെ കിടന്നിട്ടും അറിയാതെപോയത് കോഴിബിരിയാണിയുടെ ശക്തി കൊണ്ടുതന്നെ ആയിരിക്കണം. ഏതായാലും വെങ്കയ്യാജിയുടെ ഭാഗ്യം. രണ്ടു ഫാഷിസ്റ്റ് വിരുദ്ധ വോട്ടുകള്‍ പെട്ടിയില്‍ വീണില്ല. കോവിന്ദിനു ചിലര്‍ വോട്ട് മറിച്ചുകുത്തി. എന്നാല്‍, വെങ്കയ്യാജിക്ക് ചിലര്‍ മറിക്കാതെ കുത്തിയെന്നും ചില ദുഷ്പ്രചാരണമുണ്ട്. ഏതായാലും അഞ്ചു നാള്‍ കഴിഞ്ഞ് ഓര്‍മ തിരിച്ചുവന്നു. ഉടനെ കൊടുത്തു വെങ്കയ്യാജിയുടെ നാട്ടില്‍ നിന്നുള്ള വ്യോമയാനമന്ത്രി ഗജപതി രാജുവിനു പരാതി: എയര്‍ ഇന്ത്യാ പൈലറ്റ് പറ്റിച്ചു! വോട്ട് ചെയ്യാന്‍ ഒത്തില്ല. ഫാഷിസ്റ്റ് വിരുദ്ധ പുലികളെ തടഞ്ഞുനിര്‍ത്തിയ പൈലറ്റിന്റെ കാര്യം തീര്‍ച്ചയായും പോക്കാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss