|    Jan 24 Tue, 2017 4:49 pm
FLASH NEWS

ഫാഷിസം: മുസ്‌ലിം ലീഗിന് വൈകിവന്ന വിവേകമോ?

Published : 24th July 2016 | Posted By: SMR

slug-enikku-thonnunnathuഅബ്ദുല്‍ റസാഖ് മാസ്റ്റര്‍ മമ്പുറം, ജിദ്ദ

സാക്കിര്‍ നായിക്കിനെതിരേ ഉയര്‍ന്നുവന്ന ആരോപണത്തില്‍ ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ് നടത്തിയ പ്രസ്താവനയും തുടര്‍ന്ന് നടത്തിക്കൊണ്ടിരിക്കുന്ന കാംപയിനുകളും ഫാഷിസത്തിനെതിരേയാണെന്നു പറയപ്പെടുന്നു. വര്‍ഗീയ ഫാഷിസം സാക്കിര്‍ നായിക്കിനെ വേട്ടയാടുന്നതിനാല്‍ പ്രതിരോധിക്കാന്‍ ആശയവ്യത്യാസമില്ലാതെ മുസ്‌ലിം സംഘടനകളുടെ കൂട്ടായ്മ മുസ്‌ലിം ലീഗിന്റെ നേതൃത്വത്തില്‍ രൂപപ്പെടുത്തി ജനങ്ങളെ ബോധവല്‍ക്കരിക്കാനും മതേതരത്വം തെളിയിക്കാനും തീരുമാനിച്ചിരിക്കുന്നു എന്നത് സ്വാഗതാര്‍ഹമാണ്. ഈ രൂപീകൃത മുന്നണിയില്‍ സലഫികള്‍ക്കും ജമാഅത്തുകാര്‍ക്കുമൊപ്പം ആധികാരിക സുന്നി പണ്ഡിതസഭയായ സമസ്തയുടെ സാന്നിധ്യവും പോഷകസംഘടനാ നേതാക്കളും അണിചേര്‍ന്നിരിക്കുന്നു. മൊത്തത്തില്‍ ഇതിനെ ഫാഷിസത്തിനെതിരേ ഉയര്‍ന്നുവരുന്ന മഹാസംഗമമായി കാണുമ്പോള്‍ ഫാഷിസ്റ്റ്‌വിരുദ്ധ ചേരിക്കൊപ്പം സംവദിക്കാന്‍ ആഗ്രഹിക്കുന്നവരില്‍ ആശ്വാസവും പ്രതീക്ഷയും തന്നെയാണ് ഉളവാക്കുന്നത്. ഇതര മതവിഭാഗങ്ങളുടെ ഗ്രന്ഥങ്ങളില്‍ പ്രാവീണ്യവും ബഹുഭാഷാ പരിജ്ഞാനിയുമായ സാക്കിര്‍ നായിക്ക് തന്റെ പ്രഭാഷണത്തിലും സംവാദത്തിലുമെല്ലാം സലഫി ആശയത്തോടാണ് ചേര്‍ന്നുനില്‍ക്കുന്നതെന്ന് അറിഞ്ഞുകൊണ്ടുതന്നെ സാക്കിര്‍ നായിക്കിനെ സമസ്തയുടെ പ്രചാരകര്‍ പിന്‍പറ്റുന്നത് ഫാഷിസ്റ്റുകള്‍ അദ്ദേഹത്തെ വേട്ടയാടാന്‍ ഒരുങ്ങുന്നു എന്ന് പറഞ്ഞുകൊണ്ടാണ്.
എന്നാല്‍, ഇതേ ഫാഷിസ്റ്റുകള്‍ കള്ളക്കേസില്‍ കുടുക്കി നശിപ്പിച്ചുകൊണ്ടിരിക്കുന്ന അബ്ദുന്നാസിര്‍ മഅ്ദനിക്കു വേണ്ടി കൂടി ശബ്ദിക്കാന്‍ സമസ്തയും പോഷകസംഘടനകളും തയ്യാറായിരുന്നെങ്കില്‍ ഫാഷിസത്തിനെതിരേ ഒന്നിച്ചതിന്റെ ആത്മാര്‍ഥതയെ ആരും സംശയിക്കില്ലായിരുന്നു. പട്ടിക്കാട് ജാമിഅ നൂരിയയില്‍നിന്ന് കെ കെ അബൂബക്കര്‍ ഹസ്രത്തിനെ പോലെയുള്ള മഹത്തുക്കളുടെ അരുമശിഷ്യനായി ഫൈസി ബിരുദം നേടി പുറത്തിറങ്ങി സുന്നത്ത് ജമാഅത്തിന്റെ പ്രചാരകനായി നിലകൊള്ളുകയും പ്രവാചകസ്‌നേഹത്തില്‍ അധിഷ്ഠിതമായ വലിയൊരു സമൂഹത്തെ വാര്‍ത്തെടുക്കുകയും ജാമിഅ അന്‍വാര്‍ എന്ന മതപാഠശാലയില്‍ മുന്നൂറോളം വരുന്ന അനാഥരെയും അഗതികളെയും ഇന്നും സംരക്ഷിക്കുകയും ജാതിമതഭേദമെന്യേ ന്യൂനപക്ഷ-ദലിത് വിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളുകയും ചെയ്യുന്ന മഅ്ദനിയെന്ന ഇസ്‌ലാമിക പണ്ഡിതനെ 15 വര്‍ഷത്തോളമായി ഫാഷിസ്റ്റുകള്‍ വേട്ടയാടി നശിപ്പിക്കുമ്പോള്‍ ഒരക്ഷരം ഉരിയാടാതെ ആഗോള സലഫി ആശയങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന സാക്കിര്‍ നായിക്കിനുവേണ്ടി സമസ്തയും പോഷകസംഘടനകളും ഇറങ്ങിപ്പുറപ്പെട്ടതിന്റെ ആത്മാര്‍ഥത സാധാരണക്കാരന് മനസ്സിലാക്കാന്‍ കഴിയുന്നില്ല. ഇനി എന്നും ലീഗിനെ മുന്നില്‍ നിര്‍ത്തി കാര്യം നേടുന്ന സലഫികളുടെ കുടിലതയില്‍ അകപ്പെട്ടതാണോ അതോ ലീഗ് രാഷ്ട്രീയത്തിന്റെ നേട്ടത്തിനായി നിന്നുകൊടുത്തതോ എന്ന് ന്യായമായും സംശയിക്കേണ്ടിവരുന്നു. അതോ പണ്ടെങ്ങുമില്ലാത്ത ഫാഷിസ്റ്റ് ഭീകരതയുടെ ദുര്‍മുഖം മുസ്‌ലിം ലീഗിന്റെ മുമ്പില്‍ ഒരു വെളിപാടുപോലെ പ്രത്യക്ഷപ്പെട്ടുവോ?
1992 ഡിസംബര്‍ 6നു ബാബരി മസ്ജിദ് തകര്‍ത്ത് രാമക്ഷേത്രം സ്ഥാപിക്കാന്‍ മുറവിളികൂട്ടിയപ്പോള്‍ ഫാഷിസം രാജ്യത്തിന്റെ മാനവികതയെ തകര്‍ക്കുമെന്നും ഇതിനെതിരേ മതേതര മനസ്സുകള്‍ ഒന്നിക്കണമെന്നും പറഞ്ഞുകൊണ്ട് വരാന്‍പോവുന്ന വലിയ ഭവിഷ്യത്തുകളെപ്പറ്റി മുന്നറിയിപ്പു നല്‍കിയതിന്റെ പേരിലാണ് മഅ്ദനി ഫാഷിസ്റ്റുകളുടെ കണ്ണിലെ കരടായി മാറിയത്. അന്ന് ഫാഷിസത്തോട് ചേര്‍ന്നുനിന്ന് മഅ്ദനിയെ വര്‍ഗീയവാദിയും തീവ്രവാദിയുമായി ചിത്രീകരിച്ചുകൊണ്ട് ആ പോരാളിയെ കല്‍ത്തുറുങ്കിലേക്ക് എറിഞ്ഞുകൊടുക്കുകയും അന്നത്തെ അഖിലേന്ത്യാ പ്രസിഡന്റ ആയിരുന്ന മര്‍ഹൂം ഇബ്രാഹീം സുലൈമാന്‍ സേട്ട് സാഹിബിനെ പോലും തള്ളിപ്പറയുകയുമാണ് അധികാരഭ്രമം ബാധിച്ച മുസ്‌ലിം ലീഗ് ചെയ്തത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 428 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക