|    Aug 19 Sat, 2017 3:40 am
FLASH NEWS

ഫാഷിസം അടുക്കളയിലും കയറി ആക്രമിക്കുകയാണെന്ന് എന്‍ എസ് മാധവന്‍

Published : 13th August 2017 | Posted By: fsq

 

കോഴിക്കോട്: ഫാഷിസം എഴുത്തുമുറിയില്‍ മാത്രമല്ല അടുക്കളയിലും കയറി ആക്രമിക്കുകയാണെന്ന് പ്രശസ്ത സാഹിത്യകാരന്‍ എന്‍ എസ് മാധവന്‍. മനുഷ്യാവസ്ഥയെ ആവിഷ്‌കരിക്കുകയാണ് എഴുത്തുകാരന്റെ കടമ. അതിന് ജനാധിപത്യവുമായി ബന്ധമില്ല. കടമ നിര്‍വഹിക്കാന്‍ അനുവദിക്കാത്ത കാലത്തിലേക്ക് നാം നീങ്ങുകയാണ്. ‘ഫെസ്റ്റിവല്‍ ഓഫ് ഡമോക്രസി’ എന്ന ശീര്‍ഷകത്തില്‍ മൂന്നു ദിവസം നീളുന്ന ഒത്തുചേരലിന് തുടക്കം കുറിച്ച് ജനാധിപത്യത്തിലെ എഴുത്ത് എന്ന സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മനുഷ്യാവസ്ഥ ചുരുങ്ങി മനുഷ്യനെന്നാല്‍ ഹിന്ദിക്കാരനും ഹിന്ദുവും ഒപ്പം സവര്‍ണനും ആവണമെന്നതിലേക്ക് എത്തിയിരിക്കുന്നു. മൂന്ന് തരത്തില്‍ ഫാഷിസം അക്രമം നടത്തുകയാണ്. ഒന്ന് ശാരീരികമായും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമേല്‍ കടിഞ്ഞാണിട്ടും ജനങ്ങളെ അഴിച്ചുവിട്ട് അടിച്ചമര്‍ത്തിയും. ഹിന്ദു ഹിന്ദി സവര്‍ണ ഫാഷിസം ജനങ്ങളെ അഴിച്ച് വിട്ട് ഒച്ചവച്ചും വധിച്ചും നേരിടുന്ന അവസ്ഥയാണ് എറ്റവും അപകടകരം. ഫാഷിസം വരുന്നതിന് കാരണം ജനാധിപത്യം തന്നെയാണ്. അതൊരു അഭഭ്രംശമാണ്. ഭരണഘടനയിലും മതേതര സിദ്ധാന്തത്തിലും സമൂഹവുമായി ബന്ധമില്ലാത്ത കടമെടുത്ത ആശയങ്ങളുണ്ട്. ഫാഷിസ്റ്റ് കാലത്ത് എഴുത്തുകാരന്റെ അവസ്ഥ മൗനമായിരിക്കുമെന്നും അദേഹം അഭിപ്രായപ്പെട്ടു. ആര്‍ ഉണ്ണി, കെ പി രാമനുണ്ണി , ഡോ. വി അബ്ദുല്‍ ലതീഫ്, ലിജീഷ് കുമാര്‍ സംസാരിച്ചു. ദേശവും പശുരാഷ്ട്രീയവും സാമൂഹിക ചിന്തകന്‍ ഡോ. ടി വി മധു അവതരിപ്പിച്ചു. പശുവിനെ ദേശീയ മൃഗമാക്കണമെന്ന ആവശ്യം താമസിയാതെ ഉണ്ടാവുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കെ സുരേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. ആര്‍ട് ഗാലറിയില്‍ വൈകീട്ട് നടന്ന കവിസമ്മേളനം കല്‍പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്തു. ശ്രീജിത്ത് അരിയല്ലൂര്‍ അധ്യക്ഷത വഹിച്ചു. വിടി ജയദേവന്‍, ബിനീഷ്പുതുപ്പണം, അമ്മുദീപ, പി പി ഷൗക്കത്തലി, വിമീഷ് മണിയൂര്‍, മാധവന്‍ പറച്ചേരി, ജിനേഷ് മടപ്പള്ളി, നൂറ അവിനാഷ് ഉദയഭാനു, ഷിജുകുമാര്‍ അത്തോളി, കെ വി ജിജിന്‍, നവീന്‍ സുഭാഷ് എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു. പ്രകാശന്‍ ചേവായൂര്‍, വി കെ ജോബിഷ് സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക