|    Apr 27 Fri, 2018 10:37 am
FLASH NEWS

ഫാറൂഖ് വധം; പട്ടാപ്പകലിലെ അരുംകൊലയ്‌ക്കെതിരേ പ്രതിഷേധമിരമ്പി

Published : 14th October 2016 | Posted By: Abbasali tf

കണ്ണൂര്‍: സംഘര്‍ഷങ്ങളൊന്നുമില്ലാത്ത മേഖലയില്‍ പട്ടാപ്പകലില്‍ നടന്ന അരുംകൊലയ്‌ക്കെതിരേ പ്രതിഷേധമിരമ്പി. പിണറായിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ കാരണം സിറ്റി മേഖലയും വിജനമായിരുന്നു. ഹര്‍ത്താലിനിടെ കാര്യമായ അക്രമസംഭവങ്ങളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ലെന്ന ആശ്വാസത്തിനിടെയാണ് ജനത്തെ നടുക്കി സിറ്റിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടെന്ന വാ ര്‍ത്ത പരന്നത്. രാവിലെ 10.30ഓടെ സിറ്റി സെന്‍ട്രലിലെ ഹോട്ടലി ല്‍ നിന്നു പുറത്തിറങ്ങിയപ്പോഴാണ് എസ്ഡിപിഐ നീര്‍ച്ചാല്‍ ബ്രാഞ്ച് പ്രസിഡന്റ് ഐറ്റാണ്ടി പൂവളപ്പില്‍ ഫാറൂഖിനെ മുസ്്‌ലിംലീഗ് പ്രവര്‍ത്തകനും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ കട്ട റഊഫ് വെട്ടിയും കുത്തിയും വീഴ്ത്തിയത്. പാചകത്തൊഴിലാളിയായ ഫാറൂഖിനെ കുറിച്ച് നാട്ടുകാര്‍ക്കെല്ലാം നല്ലതു മാത്രമേ പറയാനുള്ളൂ. എല്ലാവരോടും സൗമ്യമായി പെരുമാറിയിരുന്ന ഫാറൂഖിന്റെ വിയേ ാഗം സുഹൃത്തുക്കളെയും നാട്ടുകാരെയും കണ്ണീരിലാഴ്ത്തി. രാഷ്ട്രീയ സംഘര്‍ഷത്തില്‍ നേരിയ അക്രമങ്ങള്‍ നടക്കുന്നുവെന്നല്ലാതെ സിറ്റി മേഖലയില്‍ കൊലപാതകം ആദ്യമായാണ് നടക്കുന്നത്. ക്വട്ടേഷന്‍-കഞ്ചാവ് സംഘത്തിനു ആക്രമണക്കേസുകളില്‍ പ്രദേശത്തെ ചില ലീഗ് നേതാക്കള്‍ സംരക്ഷണം നല്‍കിയതാണ് പ്രചോദനമായതെന്ന ആക്ഷേപം ശക്തമാണ്. രണ്ടു മക്കളടങ്ങുന്ന കുടുംബത്തിന്റെ ആശ്രയമാണ് ഫാറൂഖിന്റെ വിയോഗത്തോടെ ഇല്ലാതാവുന്നത്. കൂസലില്ലാതെയാണ് കട്ട റഊഫ് അക്രമം നടത്തിയതെന്നു പ്രദേശവാസികള്‍ പറയുന്നു. കൈവശമുണ്ടായിരുന്ന സഞ്ചിയില്‍ ആയുധങ്ങളുമായാണ് പ്രതിയെത്തിയത്. ഇതിനു തൊട്ടുമുമ്പ് മറ്റൊരു എസ്ഡിപിഐ പ്രവര്‍ത്തകനെയും ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. അക്രമവാര്‍ത്തയറിഞ്ഞ ഉടനെ കണ്ണൂര്‍ സിറ്റിയിലേക്കു എസ്ഡിപിഐ നേതാക്കളും പ്രവര്‍ത്തകരും നാട്ടുകാരും തടിച്ചുകൂടി. എകെജി ആശുപത്രിയില്‍ കഴിയുമ്പോഴും, ഹര്‍ത്താലായിട്ടും നിരവധി പേരാണെത്തിയത്. ഉച്ചയോടെ ഫാറൂഖ് മരണത്തിനു കീഴടങ്ങി. തുടര്‍ന്ന് എകെജി ആശുപത്രി പരിസരത്തു നിന്ന് കണ്ണൂര്‍ സിറ്റിയിലേക്കു പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിനു എസ്ഡിപിഐ കണ്ണൂര്‍ മണ്ഡലം സെക്രട്ടറി പി സി ഷഫീഖ്, കോര്‍പറേഷന്‍ കമ്മിറ്റി പ്രസിഡന്റ് എ ആസാദ്, പോപുലര്‍ ഫ്രണ്ട് ഡിവിഷന്‍ പ്രസിഡന്റ് കെ ഫവാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ആശുപത്രിയില്‍ എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് കെ കെ അബ്്ദുല്‍ജബ്ബാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് വി ബഷീര്‍, സെക്രട്ടറിമാരായ പി കെ താഹ തങ്ങള്‍, എന്‍ പി ഷക്കീല്‍, സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍, കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ഇ പി ലത തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss