|    Jan 20 Fri, 2017 9:31 am
FLASH NEWS

ഫാറൂഖ് കോളജ് സംഭവവികാസങ്ങള്‍

Published : 20th November 2015 | Posted By: SMR

ഇ ടി മുഹമ്മദ്ബഷീര്‍ എംപി

ഫാറൂഖ് കോളജില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഇടകലര്‍ന്നിരിക്കാന്‍ സമ്മതിക്കുന്നില്ലെന്നും ഈ നടപടി പിന്തിരിപ്പനും താലിബാനിസത്തിലേക്ക് വഴിയൊരുക്കുന്നതുമാണെന്നുമുള്ള വാര്‍ത്തകള്‍ എരിവും പുളിയും ചേര്‍ത്ത് ഇപ്പോള്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഫാറൂഖ് കോളജിന്റെ നിലപാടിനെ ന്യായീകരിച്ചുകൊണ്ട് വിദ്യാഭ്യാസമന്ത്രി ചെയ്ത പ്രസ്താവനയും ചിലര്‍ വിവാദമാക്കിയിട്ടുണ്ട്.
ലിംഗവിവേചനത്തിനെതിരേ വാചാലമായി സംസാരിക്കുന്നവരോടും ചാനലുകളില്‍ അങ്കംവെട്ടുന്ന ആങ്കര്‍മാരോടും വക്താക്കളോടും വിനീതമായി ഏതാനും കാര്യങ്ങള്‍ ചോദിക്കുന്നതില്‍ എന്നോട് ക്ഷമിക്കുക:
1. നിങ്ങള്‍ക്ക് ഒരു പെണ്‍കുട്ടിയുെണ്ടങ്കില്‍ ആ കുട്ടി കോളജില്‍ പോയാല്‍ മേറ്റതെങ്കിലും ആണ്‍കുട്ടികളുമായി തൊട്ടുരുമ്മിയിരിക്കുന്നതും ക്ലാസിലെ കേന്ദ്രീകരണത്തില്‍നിന്ന് വഴുതിപ്പോയി മറ്റു പലതും ചിന്തിക്കാന്‍ വഴിയൊരുക്കുന്നതും ഒരു അച്ഛനെന്ന നിലയില്‍ നിങ്ങള്‍ക്കിഷ്ടമാണോ?
2. ടിവിയില്‍ നിങ്ങള്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന ഘോരമായ വാദഗതികളെക്കുറിച്ച് നിങ്ങളുടെ കുട്ടിയുടെ അമ്മയുടെ അഭിപ്രായമെന്താണെന്ന് എപ്പോഴെങ്കിലും നിങ്ങള്‍ ആരാഞ്ഞിട്ടുേണ്ടാ?
3. നിങ്ങളുടെ കുട്ടി അടങ്ങിയൊതുങ്ങി പഠിച്ച് നല്ലനിലയിലാവണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ മറ്റുള്ള കുട്ടികള്‍ ഇടകലര്‍ന്ന് പാഠം പഠിക്കുന്നത് നല്ലതാണെന്നുള്ള നിങ്ങളുടെ വാദം പുരോഗമനാത്മകമാണോ അതല്ല സാഡിസമാണോ?
4. ലിംഗസമത്വത്തിന് ഏറ്റവും പ്രയോജനപ്രദമായ മാര്‍ഗം ഒരു ബെഞ്ചില്‍ ഇടകലര്‍ന്നിരിക്കുന്നതാണെന്നു കരുതുന്ന നിങ്ങള്‍ ഇതില്ലാത്തതിന്റെ ഫലമായി കഴിഞ്ഞകാലത്ത് എന്ത് അപകടമാണ് ഈ നാട്ടില്‍ സംഭവിച്ചതെന്നും ഇനി എന്താണു സംഭവിക്കാന്‍ പോവുന്നതെന്നും വല്ലപ്പോഴും ചിന്തിച്ചിട്ടുണ്ടോ?
5. കേരളത്തിലെ നൂറുകണക്കിന് കോളജുകളില്‍ അനാവശ്യമായ കുഴപ്പങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാനും കുട്ടികള്‍ക്ക് ചൂടുള്ള ഒരു വിവാദവിഷയം വിളമ്പിക്കൊടുക്കാനും ശ്രമിക്കുന്ന നിങ്ങള്‍ പുതിയ തലമുറയോട് പൊതുവെ ചെയ്യുന്നത് വലിയ ദ്രോഹമാണെന്ന് വല്ലപ്പോഴും നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?
ചില സത്യങ്ങള്‍ കൂടി ഈ സ്‌നേഹിതന്മാര്‍ മനസ്സിലാക്കേണ്ടതുണ്ട്:
പിന്നാക്കസമുദായത്തിലെ പെണ്‍കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന്റെ കവാടങ്ങള്‍ മലബാറില്‍ ആദ്യമായി തുറന്നുകൊടുത്ത ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണ് ഫാറൂഖ് കോളജ്. അതുകൊണ്ടുതന്നെയാണ് അതിനെ ദക്ഷിണേന്ത്യയിലെ അലിഗഡ് എന്നു വിളിക്കുന്നത്.
ഫാറൂഖ് കോളജിന്റെ ഏറ്റവും പ്രസിദ്ധനായ പ്രിന്‍സിപ്പലായിരുന്ന ഡോ. കെ എ ജലീല്‍ സാഹിബ് തന്റെ ആത്മകഥാപരമായ ഒരു ലേഖനത്തിലെഴുതിയ കാര്യം ഞാനോര്‍ക്കുന്നു. ”ഫാറൂഖ് കോളജിലെ എന്റെ അധ്യാപകജീവിതത്തില്‍ ഞാന്‍ ഏറ്റവും സന്തോഷിച്ച ദിവസം പാവപ്പെട്ട ഒരു മുസ്‌ലിം കുടുംബത്തില്‍പ്പെട്ട ഒരു പെണ്‍കുട്ടിയെ ഫാറൂഖ് കോളജില്‍ ചേര്‍ക്കാന്‍ കൊണ്ടുവന്ന ആ ദിവസമാണ്.” ഈ കോളജ് ഒട്ടനവധി സംസ്ഥാന-ദേശീയ അക്കാദമിക് അവാര്‍ഡുകള്‍ വാരിക്കൂട്ടിയ സ്ഥാപനമാണ്. ഫാറൂഖ് കോളജിന്റെ പല പരിപാടികളിലും പങ്കെടുക്കാന്‍പോയ ഒരാളാണു ഞാന്‍. കോളജിലെ മഹാഭൂരിപക്ഷം കുട്ടികളും പെണ്‍കുട്ടികളാണ്. മലപ്പുറം ജില്ലയിലെ പല കോളജുകളിലും എളിയവനായ എന്നെ കോളജ് യൂനിയന്‍ ഉദ്ഘാടനത്തിന് കുട്ടികള്‍ വിളിക്കാറുണ്ട്. ഇവിടത്തെ എല്ലാ കോളജുകളിലും ഏകദേശം 70 ശതമാനത്തിലധികം പെണ്‍കുട്ടികളാണു പഠിക്കുന്നത്.
കേരളത്തിലെ സ്ഥിതിയും പൊതുവായിട്ട് ഇതു തന്നെയാണ്. എല്ലാ വിവേചനത്തെയും ചെറുക്കാനുള്ള ശക്തി വിദ്യാഭ്യാസത്തിനുണ്ട്. ആ ശക്തി ഉപയോഗപ്പെടുത്താന്‍ ഈ നാട്ടിലെ പെണ്‍കുട്ടികള്‍ക്ക് കരുത്തുനല്‍കിയ ഒരു പ്രസ്ഥാനത്തിന്റെ പ്രതിനിധി എന്ന നിലയില്‍ ഞാന്‍ അഭിമാനിക്കുന്നു.
ചാനല്‍ ഫ്രെയിമിന്റെ അപ്പുറത്തുള്ള ഒരു ലോകത്തെ കാണാന്‍കഴിയാത്ത അന്ധന്മാരായി മാറുന്നവരോട് ഞാന്‍ സഹതപിക്കുന്നു. പക്ഷേ, നിങ്ങളുടെ വിരട്ടലിനപ്പുറം ചിന്തിക്കുന്ന വിവരമുള്ള ഒരു പ്രബുദ്ധസമൂഹം കേരളത്തിലുണ്ടെന്ന സത്യം നിങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയാണ്. ചിന്താശക്തിയും വിശകലനശേഷിയും വളരെ വികാസംപ്രാപിച്ച ഈ നാട്ടില്‍ നിങ്ങളുടെ ഒളിയജണ്ട മനസ്സിലാക്കാന്‍ എളുപ്പത്തില്‍ കഴിയുമെന്നും നിങ്ങള്‍ക്കതു മനസ്സിലാക്കാന്‍ കഴിയുന്നില്ലെങ്കില്‍ അതു പരിഹാസ്യമാണെന്നും ഞാന്‍ വ്യക്തമാക്കുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 64 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക