|    Jun 24 Sun, 2018 10:17 pm
FLASH NEWS

ഫാറൂഖ് കോളജിലെ ലിംഗ വിവേചന വിവാദം; ആസൂത്രിതമെന്ന് അച്ചടക്ക സമിതി

Published : 5th November 2015 | Posted By: SMR

ഫറോക്ക്: വിദ്യാഭ്യാസ നവോത്ഥാന രംഗത്ത് ആറര പതിറ്റാണ്ടിലേറെ കര്‍മ വീഥിയില്‍ സ്തുത്യര്‍ഹഹമായ സേവനം നടത്തി തെന്നിന്ത്യയിലെ അലീഗര്‍ എന്ന ഖ്യാതി നേടിയ കോഴിക്കോട് ഫാറൂഖ് കോളജില്‍ ലിംഗ വിവേചനമെന്ന രീതിയില്‍ നടക്കുന്ന വിവാദം കോളജിന്റെ സല്‍പ്പേരിനെ കളങ്കപ്പെടുത്താനുള്ള ഗുഡ നീക്കമെന്ന് അച്ചടക്ക സമിതി. മതേതര കാഴ്ചപ്പാടുള്ള ചില രാഷ്ട്രീയ, സാസ്‌കാരിക നേതാക്കള്‍ പ്രസ്താവനകളും ഫേസ്ബുക്ക് പോസ്റ്റുകളുമായി രംഗപ്രവേശനം ചെയ്തത് കാര്യമറിയാതെയെന്ന് വിലയിരുത്തല്‍.
ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയതിനാണ് ഒന്നാം വര്‍ഷ ഡിഗ്രി സോഷ്യോളജി വിദ്യാര്‍ഥി ദിനുവിനെ കോളജില്‍ നിന്നും കഴിഞ്ഞ ദിവസം സസ്‌പെന്റ് ചെയ്തത്. എന്നാല്‍ ലിംഗവിവേചനത്തിനെതിരേ ശബ്ദിച്ചതിനാണ് തനിക്കെതിരേ നടപടിയെന്നാണ് ദിനു ചാനലുകളിലൂടെയും മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. ഇതാണ് വസ്തുത അറിയാതെ എം എ ബേബിയും തോമസ് ഐസക്കും മറ്റും എറ്റുപിടിച്ചത്. കഴിഞ്ഞ ഒക്‌ടോബര്‍ 20നാണ് കോളജില്‍ ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ നടന്നത്. ഡിഗ്രി ഒന്നാം വര്‍ഷ മലയാളം കോമണ്‍ ക്ലാസ്സില്‍ പതിവിനു വിപരീതമായി പിന്‍ഭാഗത്തെ ബെഞ്ചുകളില്‍ എതാനും വിദ്യാര്‍ഥികള്‍ ഇടകലര്‍ന്നിരുന്നതിനാല്‍ ഇവരോട് മാറിയിരിക്കാന്‍ അധ്യാപകന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെ ദിനുവിന്റെ നേതൃത്വത്തിലുള്ള ഒന്‍പത് വിദ്യാര്‍ഥികള്‍ ചോദ്യം ചെയ്യുകയും ക്ലാസില്‍ നിന്നും ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു. ഒരു മണിക്കുറിനകം തന്നെ പല ടിവി ചാനലുകളേയും മറ്റു മാധ്യമങ്ങളേയും സാമൂഹിക മാധ്യമ പ്രവര്‍ത്തകരേയും വിളിച്ചുവരുത്തി തെറ്റായ വിവരങ്ങള്‍ നല്‍കി സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തുകയുമാണ് ചെയ്തത്. ജാതി മത വര്‍ഗ ഭേദമന്യേ എല്ലാവര്‍ക്കും ഒരു പോലെ വിദ്യ അഭ്യസിക്കാന്‍ അവസരം നല്‍കിവരുന്ന ഫാറൂഖ് കോളജ് എന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന്റെ യശസ്സിന് തന്നെ കോട്ടം തട്ടുന്ന വിധത്തിലുള്ള വാര്‍ത്തയാണ് ഒരു മലയാളം പത്രത്തില്‍ ഫറോക്ക് കോളജില്‍ താലിബാനിസം’ എന്ന തലകെട്ടോടുകൂടി പ്രസിദ്ധീകരിച്ചത്. മുന്‍കൂട്ടി നിശ്ചയിച്ച ഒരു പദ്ധതി എന്ന നിലയിലാണ് ഇവര്‍ ക്ലാസ് വിട്ടിറങ്ങിയതെന്നാണ് അതേ ക്ലാസിലെ മറ്റു വിദ്യാര്‍ഥികള്‍ പറയുന്നത്. ക്വിസ് ഓഫ് ലൗ പ്രവര്‍ത്തകരായ ചില വിദ്യാര്‍ഥികളാണ് ഇതിനു പിന്നിലെന്നാണിവര്‍ പറയുന്നത്. ഇവര്‍ തന്നെയാണ് കഴിഞ്ഞ ദിവസം കോളജിനെതിരേ കോഴിക്കോട് ഫെയ്‌സ് ബുക്ക് കൂട്ടായ്മ എന്ന പേരില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. കോളജിലെ ക്ലാസ് വിട്ടിറങ്ങിയ ഒന്‍പത് വിദ്യാര്‍ഥികളോടും രക്ഷിതാക്കളെയുമായി വരാനാണ് പ്രിന്‍സിപ്പാള്‍ നിര്‍ദ്ദേശിച്ചത്. എട്ടു വിദ്യാര്‍ഥികളും രക്ഷിതാക്കളെയുമായി വന്ന് മാപ്പ് പറയുകയും ക്ലാസില്‍ തിരികെ പ്രവേശിക്കുകയും ചെയ്തു. എന്നാല്‍ താന്‍ ചെയ്തത് തെറ്റല്ല എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയും സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തതിനാണ് ദിനുവിനെ കോളജില്‍ നിന്നും അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തതെന്നും കോളജ് അച്ചടക്ക സമിതി അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss