|    Feb 20 Mon, 2017 5:06 pm
FLASH NEWS

ഫാക്ട് ജിപ്‌സം അഴിമതി: എഫ്എസിടി ഉദ്യോഗസ്ഥരുടെ വീടുകളില്‍ സിബിഐ പരിശോധന

Published : 24th October 2016 | Posted By: SMR

കൊച്ചി: ജിപ്‌സം വില്‍പനയിലെ അഴിമതിയുമായി ബന്ധപ്പെട്ട് എഫ്എസിടി ഉദ്യോഗസ്ഥരുടെ വീടുകളില്‍ സിബിഐ പരിശോധന തുടരുന്നു. ഫാക്ട് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അംബികയുടെ വടുതലയിലെ വീട്ടിലും സെന്‍ട്രല്‍ എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അംബികയുടെ ഭര്‍ത്താവിന്റെ ഓഫിസിലും ഇന്നലെ പരിശോധന നടന്നു.
അംബികയുടെ വീട്ടില്‍ നടന്ന പരിശോധനയില്‍ ബാങ്ക് നിക്ഷേപമടക്കമുള്ള സമ്പാദ്യത്തിന്റെ രേഖകള്‍ പിടിച്ചെടുത്തു. ഇവരുടെ ഭര്‍ത്താവിന്റെ എറണാകുളം സെന്‍ട്രല്‍ എക്‌സൈസ് ഓഫിസില്‍ നിന്ന് വസ്തുസംബന്ധമായ മൂന്നു രേഖകള്‍ കസ്റ്റഡിയിലെടുത്തു. വീട്ടില്‍ നടന്ന പരിശോധനയ്ക്കിടെ ബാങ്ക് നിക്ഷേപത്തിന്റെ വിവരങ്ങള്‍ ഒളിച്ചുവയ്ക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ഭര്‍ത്താവിന്റെ ഓഫിസിലും സിബിഐ സംഘം റെയ്ഡ് നടത്തിയത്.
അംബികയുടെ വീട്ടില്‍നിന്ന് ബാങ്ക് നിക്ഷേപം സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നതിനിടെ തന്റെ മൂത്ത സഹോദരന്‍ സി ആര്‍പിഎഫില്‍ എഡിജിപിയാണെന്നും അദ്ദേഹത്തിന്റെ പേരിലാണ് നിക്ഷേപമുള്ളതെന്നും അംബികയുടെ ഭര്‍ത്താവ് സിബി ഐ ഉദ്യോഗസ്ഥനോട് പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥന്റെ ബന്ധുവെന്ന പരിഗണന ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇദ്ദേഹം ഇങ്ങനെ പറഞ്ഞത്. എന്നാല്‍ എഡിജിപിയുടെ വീട്ടില്‍ റെയ്ഡ് നടത്താമെന്നും അവിടേക്ക് പോവാമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞതോടെ രേഖകള്‍ വീട്ടില്‍നിന്നുതന്നെ ഇദ്ദേഹം എടുത്തുകൊടുക്കുകയായിരുന്നു. പിന്നീട് ഇയാളുടെ ഓഫിസിലും റെയ്ഡ് നടത്തുകയായിരുന്നു. ഇന്നലെ അവധി ദിവസമായിരുന്നിട്ടും ഓഫിസ് തുറപ്പിച്ച് നടത്തിയ പരിശോധനയില്‍ മൂന്ന് വസ്തു ഇടപാടിന്റെ രേഖകള്‍ മാത്രമാണ് ലഭിച്ചത്.
ബാങ്ക് ലോക്കറുകളുടെ പരിശോധനയാണ് സിബിഐ ഇന്ന് നടത്തുക. കഴിഞ്ഞ രണ്ടു ദിവസം ബാങ്ക് അവധിയായിരുന്നതിനാല്‍ ബാങ്കുകളില്‍ പരിശോധന നടത്താന്‍ സി ബിഐക്ക് കഴിഞ്ഞിരുന്നില്ല.
മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ കേന്ദ്രങ്ങളില്‍ നടന്ന പരിശോധനയില്‍ പിടിച്ചെടുത്ത രേഖകള്‍ കൊച്ചിയില്‍ എത്തിക്കാന്‍ സമയമെടുക്കുമെന്നും അതിന് ശേഷമേ രേഖകള്‍ കോടതിയില്‍ സമര്‍പ്പിക്കൂവെന്നും സിബി ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഫാക്ട് ചെയര്‍മാന്‍ ആന്റ് മാ്‌നേജിങ് ഡയറക്ടര്‍ ജയ്‌വീര്‍ ശ്രീവാസ്തവ അടക്കമുള്ള ഉദ്യോഗസ്ഥരുടെ വീടുകളിലും ഉദ്യോഗമണ്ഡലിലെ ഫാക്ടിന്റെ കോര്‍പറേറ്റ് ഓഫിസിലും കഴിഞ്ഞ ദിവസം സിബിഐ റെയ്ഡ് നടത്തിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 26 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക