|    Jul 27 Thu, 2017 10:26 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ഫാക്ടില്‍ കാപ്രോലാക്ടം പ്ലാന്റിന്റെ ഉല്‍പാദനപ്രക്രിയ പുനരാരംഭിച്ചു

Published : 7th October 2016 | Posted By: SMR

കളമശ്ശേരി: ഫാക്ടിന്റെ പ്രധാന രാസ ഉല്‍പ്പന്നമായ കാപ്രോലാക്ടം പ്ലാന്റില്‍ ഉല്‍പാദനപ്രക്രിയ ഇന്നലെ മുതല്‍ പുനരാരംഭിച്ചു. 2012 ഒക്ടോബര്‍ ആറു മുതല്‍ വന്‍നഷ്ടത്തെ തുടര്‍ന്ന് കാ—പ്രോലാക്ടം പ്ലാന്റ് പൂട്ടുകയായിരുന്നു. വലിയ വിലകൂടിയ നാഫ്ത ഉപയോഗിച്ചു പ്രവര്‍ത്തിച്ചിരുന്ന പ്ലാന്റ് നാഫ്തയുടെ ഉപയോഗം പ്ലാന്റിന്റെ സാമ്പത്തികഭദ്രതയെ ബാധിച്ചതിനെ തുടര്‍ന്നാണ് നാലുവര്‍ഷം മുമ്പ് അടച്ചുപൂട്ടിയത്. ഇപ്പോള്‍ പ്രകൃതിവാതകം 8.55 ഡോളര്‍ നിരക്കില്‍ ലഭ്യമായതിനെ തുടര്‍ന്നും 2016 മാര്‍ച്ചില്‍ കേന്ദ്രസര്‍ക്കാര്‍ 1000 കോടി രൂപ വായ്പ അനുവദിച്ചതിലൂടെയും ഫാക്ടിന്റെ പ്രവര്‍ത്തന മൂലധനത്തിന്റെ ഞെരുക്കം മറികടക്കാനും രാസവള ഉല്‍പാദനം പൂര്‍ണശേഷിയില്‍ സാധ്യമാക്കാനും കഴിഞ്ഞു.
ഇന്നലെ രാവിലെ ഫാക്ട് സിഎംഡി ജയ് വീര്‍ ശ്രീവാസ്തവ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു. ഫാക്ടിലെ ഡയറക്ടര്‍ ബോര്‍ഡ് അംഗം കെ പി എസ് നായരും ഉയര്‍ന്ന ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു. ഫാക്ടിന് പുതിയ യൂറിയാ പ്ലാന്റ് അനുവദിക്കണമെന്നും 480 ഏക്കര്‍ ഭൂമിയില്‍ എണ്ണക്കമ്പനിയുമായി ചേര്‍ന്ന് പെട്രോകെമിക്കല്‍ കോംപ്ലക്‌സും ഫാര്‍മ കോംപ്ലക്‌സും ആരംഭിക്കാനുള്ള പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സമര്‍പ്പിച്ചതായും സിഎംഡി ജയ് വീര്‍ ശ്രീവാസ്തവ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇക്കാര്യങ്ങള്‍ക്ക് പ്രധാനമന്ത്രിയില്‍നിന്നും അനുകൂല മറുപടിയാണ് ലഭിച്ചതെന്ന് സിഎംഡി പറഞ്ഞു.
ഇതേത്തുടര്‍ന്ന് യൂറിയാ പ്ലാന്റിന്റെ വിദഗ്ധ പദ്ധതിരേഖ സമര്‍പ്പിക്കുന്നതിന് പ്രധാനമന്ത്രിയുടെ ഓഫിസ് ആവശ്യപ്പെടുകയും ഇതുപ്രകാരം ഫാക്ടിന്റെ ഡയറക്ടര്‍ ബോര്‍ഡ് 5500ഓളം കോടി രൂപയുടെ പദ്ധതി സമര്‍പ്പിച്ചതായും സിഎംഡി അറിയിച്ചു. കൊച്ചി ഡിവിഷനില്‍ പ്രതിദിനം 1000 ടണ്‍ ഫാക്ടംഫോസ് ഉല്‍പാദന പദ്ധതിയും അമോണിയയുടെ സംഭരണശേഷി വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതിയും അന്തിമഘട്ടത്തിലാണെന്നും സിഎംഡി അറിയിച്ചു. ഫാക്ടിന്റെ നിലവിലെ വായ്പയായ 1850 കോടി രൂപയുടെ 13.5 ശതമാനം പലിശ ഒഴിവാക്കണമെന്ന് രാസവള മന്ത്രാലയം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
2016-17 വര്‍ഷത്തെ ആദ്യപകുതിയിലെ കമ്പനിയുടെ ഉല്‍പാദനത്തിലും വില്‍പ്പനയിലും മികച്ച നേട്ടം കൈവരിക്കാന്‍ സാധിച്ചു. 2016-17 വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ 3.30 ലക്ഷം ടണ്‍ ഫാക്ടംഫോസ് ഉല്‍പാദിപ്പിക്കണമെന്നാണ് രാസവള വകുപ്പ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ലക്ഷ്യത്തിന്റെ 118 ശതമാനം വര്‍ധിപ്പിച്ച് 3.90 ലക്ഷം ടണ്ണില്‍ ഉല്‍പാദനം എത്തിയതായും അദ്ദേഹം പറഞ്ഞു. ദ്രവീകൃത പ്രകൃതിവാതകത്തിന്റെയും മറ്റ് അസംസ്‌കൃത വസ്തുക്കളുടെയും മിതമായ വിലയും തുടര്‍ച്ചയായ ലഭ്യതയും മെച്ചപ്പെട്ട മഴയും ലഭ്യമായാല്‍ ഫാക്ടിന് അതിന്റെ മുന്‍ പ്രതാപം വീണ്ടെടുക്കാന്‍ കഴിയുമെന്നും ഫാക്ട് സിഎംഡി അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക