|    Oct 19 Fri, 2018 1:29 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ഫാക്ടറി തുറക്കാന്‍ അനുമതി : പിന്നില്‍ കോടികളുടെ അഴിമതി

Published : 20th September 2017 | Posted By: fsq

 

എന്‍  എ  ശിഹാബ്

കൊല്ലം: കുണ്ടറയിലെ അലൂമിനിയം ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (അലിന്‍ഡ്) ഫാക്ടറി ഏറ്റെടുത്ത സൊമാനി ഗ്രൂപ്പ് പ്രസ്തുത കമ്പനിയുടെ ആസ്തി വില്‍ക്കാന്‍ ശ്രമിക്കുന്നതായി ആരോപണം. 20 വര്‍ഷമായി പൂട്ടിക്കിടന്ന ഫാക്ടറി തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതിനു പിന്നില്‍ കോടികളുടെ അഴിമതി നടന്നതായും ആരോപണമുണ്ട്. കുണ്ടറയില്‍ അലിന്‍ഡിന് ഉണ്ടായിരുന്ന 62.88 ഏക്കര്‍ പാട്ടഭൂമിയില്‍ കമ്പനി പ്രവര്‍ത്തിക്കുന്ന 33 ഏക്കറിനു മാത്രമേ പാട്ടക്കരാര്‍ പുതുക്കിനല്‍കിയിരുന്നുള്ളൂ. ഇതു വില്‍ക്കാന്‍ സാധിക്കില്ലെങ്കിലും കമ്പനിക്ക് വിവിധയിടങ്ങളിലായി ആയിരക്കണക്കിനു കോടി രൂപയുടെ ആസ്തിയുണ്ട്. ഇവിടെ കമ്പനി വാങ്ങിയ പത്തേക്കര്‍ ഭൂമി വേറെയുമുണ്ട്. കൂടാതെ ഹൈദരാബാദില്‍ കണ്ണായ സ്ഥലത്ത് 100 ഏക്കര്‍ ഭൂമിയും പ്ലാന്റുമുണ്ട്. സെന്റിന് 50 ലക്ഷം രൂപ വച്ച് കണക്കാക്കിയാല്‍ തന്നെ ഇതിന് 5,000 കോടി രൂപയുടെ മൂല്യം വരും. മുംബൈ നരിമാന്‍പോയിന്റില്‍ 1440 ചതുരശ്രയടി വിസ്തീര്‍ണമുള്ള കെട്ടിടവും ഒഡീഷയിലെ ഹിരാകുഡില്‍ 16 ഏക്കര്‍ സ്ഥലവുമുണ്ട്. കൊച്ചി, തിരുവനന്തപുരം, മാന്നാര്‍ എന്നിവിടങ്ങളിലും ഭൂസ്വത്തുണ്ട്. മാന്നാറില്‍ 43 ഏക്കര്‍ ഭൂമിയും ഫാക്ടറിയും കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തോടു ചേര്‍ന്ന് 31 സെന്റ് സ്ഥലവും തിരുവനന്തപുരം വഴുതക്കാട് 21 സെന്റ് സ്ഥലവും കോ ര്‍പറേറ്റ് ഓഫിസും വിളപ്പില്‍ശാലയില്‍ മൂന്നരയേക്കര്‍ സ്ഥലവും ഫാക്ടറിയും നിലവിലുണ്ട്. ആകെ 273.22 ഏക്കര്‍ ഭൂമിയുണ്ട്. സര്‍ സിപിയുടെ കാലത്ത് 1950ല്‍ ശേഷായി ഗ്രൂപ്പാണ് ആലുവയിലും കുണ്ടറയിലും അലിന്‍ഡ് ഫാക്ടറി ആരംഭിച്ചത്. 50 വര്‍ഷത്തെ പാട്ടക്കാലാവധിയിലാണ് 62 ഏക്കര്‍ സ്ഥലം ഫാക്ടറിക്കായി കൈമാറിയത്. 1980ല്‍ കമ്പനി അടച്ചുപൂട്ടി. തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിന്റെ കണ്‍സോ ര്‍ഷ്യമായ ബിഎഫ്ആര്‍ അലി ന്‍ഡ് കമ്പനി ഏറ്റെടുത്ത് സൊമാനി ഗ്രൂപ്പിനെ ഏല്‍പ്പിച്ചു. 1989 മുതല്‍ 1994 വരെ സൊമാനി ഗ്രൂപ്പ് കമ്പനി പ്രവര്‍ത്തിപ്പിക്കുകയും പിന്നീട് 1997ല്‍ അടച്ചുപൂട്ടുകയും ചെയ്തു.  1996ല്‍ പാട്ടക്കാലാവധി അവസാനിച്ചതോടെ സര്‍ക്കാര്‍ കമ്പനി ഏറ്റെടുക്കണമെന്ന ആവശ്യമുയര്‍ന്നു. കഴിഞ്ഞ 20 വര്‍ഷമായി പൂട്ടിക്കിടന്ന ഫാക്ടറി ഏറ്റെടുത്തു നടത്താന്‍ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൊമാനി ഗ്രൂപ്പ് ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഇ പി ജയരാജന്‍ വ്യവസായമന്ത്രിയായിരിക്കെ സൊമാനി ഗ്രൂപ്പ് നിയമവിരുദ്ധമായി ഓഹരികളുടെ വില കുറച്ചതടക്കമുള്ള ക്രമക്കേടുകള്‍ നടത്തിയതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ നിയമവശം പരിശോധിച്ച് ഫാക്ടറി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നു നിര്‍ദേശിച്ചു. എന്നാല്‍ നടപടി നിലച്ചു. കഴിഞ്ഞ ആഗസ്ത് 1ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയി ല്‍ ചേര്‍ന്ന ഉന്നതതല യോഗത്തി ല്‍ അലിന്‍ഡ് ഫാക്ടറി സൊമാനി ഗ്രൂപ്പിന് കൈമാറാന്‍ തീരുമാനിച്ചു. ആഗസ്ത് 17ന് കമ്പനിയുടെ പുനപ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. പാട്ടയിനത്തിലും നികുതിയിനത്തിലും തൊഴിലാളികളുടെ ആനുകൂല്യ ഇനത്തിലും കമ്പനി നല്‍കാനുള്ള കുടിശ്ശിക അടച്ചുതീര്‍ക്കണമെന്നു വ്യവസ്ഥ ചെയ്തിരുന്നു. എന്നാല്‍, കുടിശ്ശിക അടച്ചുതീര്‍ക്കുന്നതിനു മുമ്പേ കമ്പനിയുടെ ആസ്തി വില്‍ക്കുന്നതായാണ് ആരോപണമുയര്‍ന്നിരിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss