|    Feb 21 Wed, 2018 6:49 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഫസല്‍ വധക്കേസ്‌ : സിപിഎം വ്യാജപ്രചാരണം നടത്തുന്നു: പോപുലര്‍ ഫ്രണ്ട്‌

Published : 16th January 2017 | Posted By: fsq

 

കോഴിക്കോട്: ഫസല്‍ വധക്കേസുമായി ബന്ധപ്പെട്ട് സിപിഎം നടത്തുന്ന വ്യാജപ്രചാരണങ്ങള്‍ ജനങ്ങളെ കബളിപ്പിക്കാനും തെറ്റിദ്ധാരണ പരത്താനുമുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം അഭിപ്രായപ്പെട്ടു. ഫസല്‍ വധക്കേസില്‍ പോപുലര്‍ ഫ്രണ്ടിന്റെ നിലപാടില്‍ അല്‍പംപോലും അവ്യക്തതയോ വ്യതിചലനമോ ഇല്ല. യഥാര്‍ഥ പ്രതികള്‍ ശിക്ഷിക്കപ്പെടണമെന്നു തന്നെയാണ് മുമ്പും ഇപ്പോഴും സംഘടനയുടെ നിലപാട്. കേസില്‍ പുനരന്വേഷണം ആവശ്യപ്പെടേണ്ട പുതിയ സാഹചര്യം ഉണ്ടെന്നും സംഘടന കരുതുന്നില്ല. ആര്‍എസ്എസുകാരനായ ഒരു ക്രിമിനല്‍കേസ് പ്രതി പോലിസ് കസ്റ്റഡിയിലായിരിക്കേ നടത്തിയെന്ന് പറയപ്പെടുന്ന വെളിപ്പെടുത്തലുകള്‍ തങ്ങളുടെ നിരപരാധിത്വത്തിനുള്ള തെളിവുകളാണെന്ന മട്ടിലാണ് സിപിഎം അവതരിപ്പിക്കുന്നത്. യുക്തിക്കും യാഥാര്‍ഥ്യത്തിനും നിരക്കാത്തതും അവിശ്വസനീയവുമായ ഇത്തരം കഥകള്‍ മുഖം രക്ഷിക്കാന്‍ പാര്‍ട്ടി നടത്തുന്ന പാഴ്‌വേല മാത്രമാണ്. ഫസല്‍ വധക്കേസില്‍ സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതും പ്രതിചേര്‍ത്തതും പാര്‍ട്ടിയുടെ ഇപ്പോഴത്തെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരിക്കുമ്പോഴാണ്. അധികാര ദുര്‍വിനിയോഗത്തിലൂടെ അന്വേഷണം അട്ടിമറിക്കാന്‍ പലതവണ ശ്രമിച്ചപ്പോഴാണ് ഫസലിന്റെ വിധവ സിബിഐ അന്വേഷണം ഹൈക്കോടതി ഉത്തരവിലൂടെ നേടിയെടുത്തത്. സിബിഐ രാഷ്ട്രീയപ്രേരിതമായാണ് തങ്ങളുടെ നേതാക്കളെ വേട്ടയാടുന്നതെന്നാണ് സിപിഎമ്മിന്റെ ആരോപണം. എങ്കില്‍ പാര്‍ട്ടിക്കാരനായ ആഭ്യന്തരമന്ത്രിയുടെ പോലിസ് സിപിഎം പ്രവര്‍ത്തകരെ ഫസല്‍വധക്കേസില്‍ അറസ്റ്റ് ചെയ്തതും പ്രതിചേര്‍ത്തതും രാഷ്ട്രീയപ്രേരിതമായിരുന്നോ എന്ന് സിപിഎം വ്യക്തമാക്കണം. പോപുലര്‍ ഫ്രണ്ടിന്റെ ദേശീയസമിതിയംഗം ആര്‍എസ്എസ് ക്രിമിനലിനെ ജയിലില്‍ സന്ദര്‍ശിച്ചെന്നു സിപിഎം അനുകൂല മാധ്യമങ്ങളും പാര്‍ട്ടികേന്ദ്രങ്ങളും പ്രചരിപ്പിച്ച നുണ ഇക്കാര്യത്തില്‍ സിപിഎം തുടരുന്ന കള്ളക്കളി വെളിച്ചത്തുകൊണ്ടുവരുന്നുണ്ട്. പോപുലര്‍ ഫ്രണ്ടിന്റെ നിലപാടിന് ഇളക്കം തട്ടിക്കാന്‍ സാധ്യമാവാതെ വന്നപ്പോഴാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്തന്നെ പ്രസ്താവനയുമായി രംഗത്തുവന്നത്. സംസ്ഥാന പ്രസിഡന്റ് സി അബ്ദുല്‍ഹമീദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ എച്ച് നാസര്‍, ബി നൗഷാദ്, ടി കെ അബ്ദുസ്സമദ് സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss